കോഴിക്കോട്: എലത്തൂരിൽ റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് വയസുള്ള സഹ്റ ബത്തൂലിന്റെ പിതാവ് ചാലിയം സ്വദേശി ഷുഹൈബ് അപകടം നടക്കുന്ന സമയത്ത് ഉംറ ചെയ്യാനായി സൗദി അറേബ്യയിലായിരുന്നു. മദീനയിലുള്ള ഷുഹൈബ് ഇന്ന് നാട്ടിലെത്തുമെന്ന് പിതാവിന്‍റെ സഹോദരൻ നാസർ മാധ്യമങ്ങളോട് പറഞ്ഞു.
ഷുഹൈബ്- ജസീല ദമ്പതികളുടെ മകളാണ് സഹ്റ. ജസീലയുടെ സഹോദരിയാണ് കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി ബദ് രിയ മൻസിലിൽ റഹ്മത്ത്. റെയിൽപാളത്തിൽ നിന്നും റഹ്മത്തിന്‍റെ മൃതദേഹവും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രക്കാരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതിനെ തുടർന്നാണ് റഹ്മത്ത് അടക്കമുള്ളവർ പുറത്തേക്ക് ചാടിയതെന്നാണ് പൊലീസിന്‍റെ നിഗമനം. മൂന്നു പേരുടെ മൃതദേഹങ്ങൾ എലത്തൂർ കോരപ്പുഴ പാലത്തിന് സമീപം റെയിൽവേ പാളത്തിലാണ് കണ്ടെത്തിയത്. റഹ്മത്ത്, സഹ്റ എന്നിവരെ കൂടാതെ മട്ടന്നൂർ സ്വദേശി നൗഫിക് ആണ് മരിച്ച മൂന്നാമത്തെ ആൾ.
ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് ട്രെയിനിന്റെ ഡി1 കമ്പാർട്മെന്റിൽ ഞായറാഴ്ച രാത്രി 9.15ഓടെയാണ് ആക്രമണമുണ്ടായത്. കോഴിക്കോട് പിന്നിട്ട് ട്രെയിൻ എലത്തൂർ സ്റ്റേഷനും കഴിഞ്ഞ് കോരപ്പുഴ പാലത്തിലെത്തിയപ്പോൾ പെട്രോളുമായി കമ്പാർട്മെന്റിൽ കയറിയ ആക്രമി യാത്രക്കാർക്കു നേരെ സ്പ്രേ ചെയ്ത ശേഷം കത്തിക്കുകയായിരുന്നു എന്നാണ് കമ്പാർട്മെന്റിലുള്ളവർ പറഞ്ഞത്.
ടോയ്‍ലറ്റിന്റെ ഭാഗത്തു നിന്നു കമ്പാർട്മെന്റിലേക്ക് രണ്ടു കുപ്പികളുമായി വന്ന ആക്രമി പെട്രോൾ വീശിയൊഴിച്ചശേഷം തീ കൊളുത്തുകയായിരുന്നുവെന്ന് കമ്പാർട്മെന്റിലുണ്ടായിരുന്ന യാത്രക്കാരൻ മാധ്യമങ്ങളോട് പറഞ്ഞു. മറ്റു യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. ട്രെയിനിന് തീപിടിച്ചു എന്നായിരുന്നു ആദ്യം പ്രചരിച്ചത്. ഇത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. ട്രെയിൻ നിന്നത് പാലത്തിനു മുകളിലായതിനാൽ പൊള്ളലേറ്റവരെ പുറത്തെത്തിക്കാനും ഏറെ പണിപ്പെടേണ്ടിവന്നു. ഡി1 കമ്പാർട്മെന്റിൽ നിന്ന് മറ്റു കമ്പാർട്മെന്റിനുള്ളിലൂടെയാണ് ഇവരെ പുറത്തെത്തിച്ചത്.
ട്രെയിനിലുണ്ടായിരുന്ന എട്ടു പേർക്ക് പൊള്ളലേറ്റു. പരിക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. പൊള്ളലേറ്റ അഞ്ചു പേരെ മെഡിക്കൽ കോളജ് ആശുപത്രിയിലും രണ്ടു പേരെ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലും ഒരാളെ കൊയിലാണ്ടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിൽ 50 ശതമാനം പൊള്ളലേറ്റ അനിൽകുമാറിന്റെ നില ഗുരുതരമാണ്. കമ്പാർട്മെന്റിലുണ്ടായിരുന്ന റാസിഖ് എന്നയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജ്യോതീന്ദ്രനാഥ്, പ്രിൻസ് എന്നിവരാണ് ബേബി മെമ്മോറിയൽ ആശുപത്രിയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.