തിരുവനന്തപുരം: പീഡനക്കേസിലെ പരാതിക്കാരിയെ മർദിച്ചെന്ന കേസിൽ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. വിധി വ്യാഴാഴ്ചയുണ്ടാകും. എൽദോസിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ, കെട്ടിച്ചമച്ച ആരോപണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഏഴാം അഡീഷനൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്.
വഞ്ചിയൂരിൽ ആറാം നിലയിലുള്ള വക്കീൽ ഓഫിസിലേക്ക് പരാതിക്കാരിയെ കൊണ്ടുപോയത് എൽദോസ് ആയിരുന്നെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഇവിടെ വെച്ച് മർദിച്ച കാര്യം ഒക്ടോബർ 10ന് മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയിൽ യുവതി പറഞ്ഞിരുന്നു. ഇക്കാര്യം പൊലീസിനോടും പറഞ്ഞിരുന്നു. കോടതിയിൽ നൽകിയ മൊഴിയനുസരിച്ച് മജിസ്ട്രേറ്റ് ഒഫിഷ്യൽ മെമ്മോറാണ്ടം പിറ്റേദിവസം തന്നെ വഞ്ചിയൂർ പൊലീസിന് അയച്ചു. ഇതനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഒരു സ്ത്രീയുടെ വസ്ത്രം വലിച്ചുകീറിയാൽ എന്ത് സംഭവിക്കുമെന്ന് അഭിഭാഷകൻ കൂടിയായ പ്രതിക്ക് ബോധ്യമുള്ളതാണെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ഗീന കുമാരി വാദിച്ചു. വക്കീൽ ഓഫിസിൽ പരാതിക്കാരിയെ മർദിച്ചപ്പോൾ അവിടെയുണ്ടായിരുന്ന അഭിഭാഷകർ പറഞ്ഞിട്ടാണ് എം.എൽ.എ പിന്തിരിഞ്ഞത്. രക്ഷപ്പെടാൻ ശ്രമിച്ച പരാതിക്കാരിയെ എൽദോസും മറ്റ് പ്രതികളും ചേർന്ന് കാറിൽ കൊണ്ടുപോകുകയായിരുന്നു. പരാതിക്കാരിയെ കൊണ്ടുപോയ മാരുതി കാർ കണ്ടെടുക്കണം. എന്തുകൊണ്ടാണ് കേസ് രജിസ്റ്റർ ചെയ്യാൻ താമസിച്ചതെന്ന് ജഡ്ജി പ്രസൂൺ മോഹൻ പ്രോസിക്യൂട്ടറോട് ആരാഞ്ഞു. നിയമോപദേശം തേടാനുള്ള കാലതാമസമാണെന്നായിരുന്നു മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.