കെ.വി. തോമസിനെ ന്യായീകരിച്ച് എല്‍ദോസ് കുന്നപ്പിള്ളി എം.എൽ.എ

പെരുമ്പാവൂര്‍: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത കെ.വി. തോമസിനെ ന്യായീകരിച്ച എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ പ്രസ്താവന വിവാദമാകുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നിരിക്കുന്നത്. എറണാകുളം ജില്ലയില്‍ ഒരാള്‍പോലും തോമസിനെ ന്യായീകരിക്കുന്നില്ലെന്ന കെ.പി.സി.സി പ്രസിഡന്‍റിന്‍റെ പ്രസ്താവനക്ക് പിന്നാലെയാണ് കുന്നപ്പിള്ളി കെ.വി. തോമസിനെ പിന്തുണച്ച് രംഗത്തെത്തിയത്. കെ.വി. തോമസിന് നോട്ടീസ് കൊടുക്കാം.

എന്നാല്‍, പാര്‍ട്ടിയില്‍നിന്ന് പുറത്താക്കരുതെന്നാണ് ഓൺലൈൻ മീഡിയകൾക്ക് നൽകിയ അഭിമുഖത്തിൽ കുന്നപ്പിള്ളി അഭിപ്രായപ്പെട്ടത്. ജില്ലയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ വളര്‍ത്തിയതില്‍ നിര്‍ണായക പങ്ക് വഹിച്ച ആളാണ് തോമസ് മാഷ്. പ്രായമായവരെ പുറത്താക്കുന്ന സമീപനം ശരിയല്ല. കോണ്‍ഗ്രസിനകത്തുള്ളവരാണ് പാര്‍ട്ടിയെ നവമാധ്യമങ്ങളിലൂടെ വിമര്‍ശിക്കുന്നത്. ജനാധിപത്യ മര്യാദ കാണിക്കുന്ന കോണ്‍ഗ്രസ് മറ്റ് പാര്‍ട്ടികളുടെ പരിപാടിക്ക് നേതാക്കളെ ക്ഷണിക്കുമ്പോള്‍ പങ്കെടുപ്പിക്കാനും അവരുടെ തെറ്റുകൾ തിരുത്തിക്കാനും കോണ്‍ഗ്രസിന്‍റെ നിലപാടുകള്‍ തുറന്നുപറയാനും അവസരമൊരുക്കണം.

അതല്ലാതെ പുറന്തള്ളുന്ന സമീപനമല്ല സ്വീകരിക്കേണ്ടത് എന്നാണ് കുന്നപ്പിള്ളി പറഞ്ഞത്. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.വി. തോമസിനെ തള്ളിപ്പറഞ്ഞപ്പോള്‍ ന്യായീകരിക്കാന്‍ കുന്നപ്പിള്ളി ആരാണെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയിൽ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത്. പാര്‍ട്ടിയിലെ ഔദ്യോഗിക നേതൃത്വത്തെ തള്ളിപ്പറയുന്ന എം.എല്‍.എ കോണ്‍ഗ്രസിന് അപമാനമാണെന്നും കുന്നപ്പിള്ളിക്കെതിരെയും അച്ചടക്ക നടപടി വേണമെന്നുമാണ് കോണ്‍ഗ്രസ് പ്രവർത്തകർ ആവശ്യപ്പെടുന്നത്.

Tags:    
News Summary - Eldos Kunnappilly MLA defends KV Thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.