തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പ്രതിയായ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി ഒളിവിലിരുന്ന് കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയതായി പരാതി. പരാതിക്കാരിയായ അധ്യാപികയുടെ സുഹൃത്തിനാണ് വ്യാഴാഴ്ച പുലർച്ച 2.20ന് എൽദോസ് വാട്സ്ആപ്പിലൂടെ ഭീഷണി സന്ദേശം അയച്ചത്. ശനിയാഴ്ച തിരുവനന്തപുരം ജില്ല കോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് സമ്മർദം. പരാതിക്കാരിയെ കാണാനില്ലെന്ന് വഞ്ചിയൂർ സ്റ്റേഷനിൽ പരാതി നൽകിയതും ഇതേ സാക്ഷിയാണ്.
'ഒരു കുറ്റവും ചെയ്യാത്ത എന്നെ ചതിച്ച നിനക്കും നിന്‍റെ കുടുംബത്തിനും ഞാൻ വിശ്വസിക്കുന്ന കർത്താവായ യേശുക്രിസ്തു തക്കതായ മറുപടി നൽകും. എനിക്ക് നല്ല വിശ്വാസമുണ്ട്. പണത്തിനുവേണ്ടിയുള്ള കൊതി തീരുമ്പോൾ സ്വയം ചിന്തിക്കുക. ഞാൻ അതിജീവിക്കും. കർത്താവ് എന്‍റെ കൂടെയുണ്ടാകും' - എം.എൽ.എ വാട്സ്ആപ്പിൽ കുറിച്ചു. സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന പി.ആർ ജോലി നോക്കുന്ന ഉദ്യോഗസ്ഥയായാണ് യുവതി തന്നെ പരിചയപ്പെട്ടതെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ എൽദോസ് കുന്നപ്പിള്ളി പറയുന്നു. പിന്നീട് പരസ്പരം സൗഹൃദത്തിലായി. വീട്ടിലും ഓഫിസിലും കണ്ടുമുട്ടാറുണ്ടായിരുന്നു. ഒരു ദിവസം ഓഫിസിലെത്തിയ യുവതി മൊബൈൽ ഫോൺ മോഷ്ടിച്ചു. ഇതിനുശേഷം പണം ആവശ്യപ്പെട്ടു. നിരസിച്ചപ്പോൾ പീഡന പരാതിയുമായി പൊലീസിനെ സമീപിക്കുകയാണ് ചെയ്തതെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.