കൊച്ചി: കേരളത്തിൽ ഒഴിവുവരുന്ന മൂന്ന് രാജ്യസഭ സീറ്റിലേക്ക് ഈ മാസം 30ന് വോട്ടെടുപ്പ് നടക്കും. മേയ് രണ്ടിനുമുമ്പ് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈകോടതി നിർദേശിച്ചിരുന്നു. തുടർന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ 30ന് വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കും. ഈ മാസം 20വരെ നാമനിർദേശ പത്രിക നൽകാം. 21ന് സൂക്ഷ്മപരിശോധന. പിൻവലിക്കാനുള്ള അവസാന തീയതി 23. 30ന് രാവിലെ ഒമ്പതു മുതൽ വൈകീട്ട് നാലു വരെയാണ് വോട്ടെടുപ്പ്. വൈകീട്ട് അഞ്ചിന് വോട്ടെണ്ണൽ.
ഏപ്രിൽ 21നാണ് കേരളത്തിൽനിന്നുള്ള രാജ്യസഭ എം.പിമാരായ വയലാർ രവി, കെ.കെ. രാഗേഷ്, പി.വി. അബ്ദുൽ വഹാബ് എന്നിവരുടെ കാലാവധി തീരുന്നത്. നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുംമുമ്പ് തെരഞ്ഞെടുപ്പ് നടപടി വേണമെന്നും നിലവിലെ നിയമസഭ അംഗങ്ങൾക്ക് വോട്ട് ചെയ്യാനുള്ള അവകാശം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്്. കേന്ദ്ര നിയമ മന്ത്രാലയം സംശയം ഉന്നയിച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം മരവിപ്പിച്ചതെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി.
നിലവിലെ നിയമസഭ സാമാജികർ ചേർന്ന് സ്ഥാനാർഥികളെ നാമനിർദേശം ചെയ്യുകയും അവരുടെ തെരഞ്ഞെടുപ്പ് പുതിയ അംഗങ്ങൾ നടത്തുകയും ചെയ്യുന്ന അവസ്ഥ ഒഴിവാക്കണമെന്ന് ജസ്റ്റിസ് പി.വി. ആശ ഉത്തരവിട്ടു. ഈ മാസം 16ന് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കുന്ന വിധം ആദ്യം പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് സമയക്രമം മരവിപ്പിച്ച കമീഷൻ നടപടി ചോദ്യംചെയ്ത് നിയമസഭ സെക്രട്ടറിയും എസ്. ശർമ എം.എൽ.എയും നൽകിയ ഹരജികൾ പരിഗണിച്ചാണ് ഉത്തരവ്.
നിയമസഭയുടെ കാലാവധി കഴിയുന്നതുമായി ബന്ധപ്പെടുത്തി രാജ്യസഭ തെരഞ്ഞെടുപ്പ് ഷെഡ്യൂൾ നിശ്ചയിക്കാനാവില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമീഷെൻറ വാദം. രാജ്യസഭ സീറ്റുകളിലേക്ക് ഒഴിവുണ്ടാകുേമ്പാൾ തന്നെ തെരഞ്ഞെടുപ്പ് നടേത്തണ്ട ചുമതലയും തെരഞ്ഞെടുപ്പ് കമീഷേൻറതാണ്. അതിനാൽ, കേരളത്തിൽനിന്നുള്ള മൂന്നംഗങ്ങൾ വിരമിക്കുന്ന ഈ മാസം 21നു മുമ്പുതന്നെ തെരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച ഷെഡ്യൂൾ പ്രഖ്യാപിക്കുകയും വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്യുമെന്ന് കമീഷൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് മാറ്റാൻ കമീഷനെ സ്വാധീനിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു കേന്ദ്രസർക്കാർ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.