പുതിയ ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കരുതെന്ന് വിദ്യാഭ്യാസ, സാംസ്കാരിക രംഗത്തെ പ്രമുഖർ

തിരുവനന്തപുരം: കേന്ദ്ര സർക്കാറിന്‍റെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ വിദ്യാഭ്യാസ, സാംസ്കാരിക രംഗത്തെ പ്രമുഖർ രംഗത്ത്. പുതിയ ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനത്ത് നടപ്പാക്കരുതെന്ന് വിദ്യാഭ്യാസ, സാംസ്കാരിക രംഗത്തെ പ്രമുഖർ ആവശ്യപ്പെട്ടു. പ്രഫ. എം.കെ. സാനു, ഡോ. എം. ലീലാവതി, ബി.ആർ.പി. ഭാസ്കർ, സാറാ ജോസഫ്, പ്രഫ. കെ.ജി. ശങ്കരപിള്ള അടക്കമുള്ള 57ഓളം പേരാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചത്.

പ്രസ്താവനയുടെ പൂർണരൂപം:

നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസമെന്ന മഹാസൗധത്തിന്റെ അടിത്തറ തന്നെ സമ്പൂർണ്ണ തകർച്ചയെ അഭിമുഖീകരിക്കുന്ന നാളുകളാണിത്. മനുഷ്യസമൂഹം ഇന്നോളം വളർത്തിയെടുത്ത ഉൽക്കൃഷ്ട മൂല്യങ്ങളൊക്കെയും ‘പരിഷ്കാര’മെന്ന പെരുംപ്രളയത്തിൽ മുങ്ങിത്താഴുകയാണ്. “രാജ്യത്തെ അഞ്ചു കോടിയിലേറെ കുട്ടികൾക്ക് അടിസ്ഥാന സാക്ഷരതയില്ല, സംഖ്യാബോധമില്ല. നാമൊരു പഠനപ്രതിസന്ധിയിലാണ്” എന്ന് കേന്ദ്ര സർക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ നയരേഖ തന്നെ തുറന്നുസമ്മതിക്കുന്നു!. “ഏവർക്കും വിദ്യാഭ്യാസം” എന്ന വശ്യമന്ത്രം ഉരുവിട്ടുകൊണ്ട്, ലോക ബാങ്ക് കൊണ്ടുവന്ന ഡി.പി.ഇ.പി മുതൽ റൂസ (രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ) വരെയുള്ള പദ്ധതികൾ കേന്ദ്രസർക്കാർ രാജ്യത്തുനടപ്പാക്കിയതിനെത്തു ടർന്നാണ് ഇത്രയും രൂക്ഷമായ പഠനപ്രതിസന്ധി ഉടലെടുത്തത്. എന്നിട്ടും, അതേ നയങ്ങൾ തന്നെ പിന്തുടരുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം അധികാരത്തിന്റെ ബലം ഉപയോഗിച്ചു സർക്കാർ നടപ്പാക്കുകയാണ്.

അക്ഷരപഠനം കേരളത്തിൽ നിന്നുപോലും അപ്രത്യക്ഷമായിട്ട് പതിറ്റാണ്ടുകൾ പിന്നിടുന്നു. നമ്മുടെ സംസ്കാരത്തിന്റെ ആധാരശിലയായ മലയാളഭാഷ പോലും വിദ്യാലയങ്ങളിൽ നിലനിൽപ്പിനായി കേഴുകയാണ്. വിദ്യാഭ്യാസം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് തുല്യ അധികാരമുള്ള സമാവർത്തി പട്ടിക (Concurrent list) യിലാണ്. എന്നാൽ, ഫെഡറൽ സംവിധാനം ഉറപ്പുനല്കുന്ന സംസ്ഥാനങ്ങളുടെ ജനാധിപത്യ അവകാശത്തെ ചവിട്ടിമെതിച്ചുകൊണ്ട്, ‘എൻ.ഇ പി 2020’ നടപ്പാക്കാൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പുകൾക്കുമേൽ കേന്ദ്രം കഠിനമായ സമ്മർദ്ദം ചെലുത്തുന്നു. ശാസ്ത്രപഠനവും ചരിത്രപഠനവും സ്വതന്ത്രഗവേഷണവുമെല്ലാം തടയപ്പെടുന്ന സ്ഥിതിയിലേക്കാണ് ദേശീയ നയം അതിവേഗം രാജ്യത്തെ നയിച്ചുകൊണ്ടിരിക്കുന്നത്.

ബഹുവിഷയ പഠനസമീപനം എന്ന പേരിൽ കേവലം തൊഴിൽ നൈപുണി പരിശീലനശാലകളാക്കി സ്കൂളുകളെയും കോളേജുകളെയും മാറ്റിത്തീർക്കാനുള്ള സമഗ്രമായ നിർദേശങ്ങൾ എൻ.ഇ.പി മുന്നോട്ടുവെയ്ക്കുന്നു. ഇവ്വിധം, പരിഷ്കാരങ്ങൾ മുന്നേറിയാൽ പൊതുവിദ്യാലയങ്ങളോ സർവകലാശാലകളോ ഇനി അധികകാലം നിലനിൽക്കുകയില്ല. അറിവും ചിന്താശേഷിയുമുള്ള മനുഷ്യരല്ല, പുതിയ ലോക തൊഴിൽ കമ്പോളത്തിലെ ആധുനിക യന്ത്രങ്ങൾ ചലിപ്പിക്കാനാവശ്യമായ നൈപുണികൾ നേടിയ വേലക്കാർ മാത്രമാണ് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ സൃഷ്ടിക്കപ്പെടുക. അതിനായി, സർവകലാശാലകളുടെയും പൊതു വിദ്യാലയങ്ങളുടെയും ശവപ്പറമ്പുകൾ ഒരുക്കുകയാണ് എൻ.ഇ.പി 2020.

പുതിയ ദേശീയ വിദ്യാഭ്യാസ നയം അധ്യാപകരെയും വെറുതെ വിടുന്നില്ല. പ്രീ പ്രൈമറി തലം മുതൽ ഉന്നതവിദ്യാഭ്യാസതലം വരെയും സ്ഥിരം അധ്യാപകരെ ഒഴിവാക്കാൻ നയം അനുശാസിക്കുന്നു. ലോകബാങ്കിന്റെ വിദ്യാഭ്യാസ ഗീതങ്ങൾ ഏറ്റുപാടിക്കൊണ്ടവർ സ്ഥിരം അധ്യാപകർക്കു പകരം കരാറുകാരെയോ ദിവസക്കൂലിക്കാരെയോ ‘സഹായികൾ ‘ ആയി നിയമിക്കണമെന്ന പുതിയ നയത്തിലെ നിർദേശം നടപ്പാക്കുന്നത് വിനാശകരമായിരിക്കും. മാത്രമല്ല, ഒന്നും രണ്ടും ക്ലാസ്സുകൾ പ്രീ പ്രൈമറിയുടെ ഭാഗമാക്കി അങ്കണവാടികളെ ഏൽപ്പിക്കുന്ന നടപടി അടിസ്ഥാന സ്കൂൾ വിദ്യാഭ്യാസത്തെ സമ്പൂർണ്ണപതനത്തിലേക്ക് നയിക്കും.

ഉന്നതവിദ്യാഭ്യാസ രംഗത്താകട്ടെ, ലോകബാങ്കിന്റെ റൂസ പദ്ധതി പ്രകാരം വിദേശ - സ്വകാര്യ - സ്വാശ്രയ - സ്വയംഭരണ സ്ഥാപനങ്ങൾ വ്യാപകമാക്കാനാണ് എൻ.ഇ.പി ശ്രമിക്കുന്നത്. ചെറു ചെറു തൊഴിൽ പരിശീലനത്തിനായി നാലു വർഷത്തെ ബിരുദ കോഴ്സുകളും ഇരട്ടബിരുദ കോഴ്‌സുകളും അവർ നിർദ്ദേശിക്കുന്നു. പേര് നാലു വർഷമെന്നാണെങ്കിലും ഒരു വർഷം പോലും വിദ്യാർഥികൾ പഠിക്കണമെന്നില്ല. ഇടക്കുവച്ച് നിർത്തിപ്പോകാൻ അനുവദിക്കുന്ന മൾട്ടിപ്പിൾ എന്റ്രി മൾട്ടിപ്പിൾ എക്സിറ്റ് നയം കൊണ്ടുവരികയും ചെയ്തിരിക്കുന്നു. അപ്രകാരം, വ്യവസ്ഥാപിത വിദ്യാഭ്യാസത്തിന്റെ നിശ്ചിതമായ എല്ലാ സമ്പ്രദായങ്ങളെയും ദേശീയവിദ്യാഭ്യാസനയം ഛിന്നഭിന്നമാക്കുന്നു. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ ഇടയുള്ള ഈ നയങ്ങൾ നടപ്പാക്കാൻ നിർഭാഗ്യവശാൽ കേരളം ശ്രമിക്കുന്നുവെന്നത് ആശങ്കയുളവാക്കുന്നു. സ്വകാര്യ - വിദേശ സർവകലാശാലകൾക്കും സ്വയംഭരണ കോളജുകൾക്കും അനുമതി കൊടുക്കുന്ന നടപടികൾ വിഖ്യാതമായ കേരള മോഡൽ വിദ്യാഭ്യാസത്തിന്റെ അന്ത:സത്തയെതന്നെ തുടച്ചു നീക്കലാവുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു.

'കേരള സ്കൂൾ പാഠ്യപദ്ധതി ചട്ടക്കൂട്' ഡി.പി.ഇ.പി യുടെ തുടർച്ചയായ വികേന്ദ്രീകൃത പഞ്ചായത്ത്‌ വിദ്യാഭ്യാസത്തിലൂടെ ചുമതലകൾ ത്രിതല പഞ്ചായത്തുകൾക്ക് നൽകി തടിയൂരാനുള്ള സർക്കാർ വിദ്യ തന്നെ. ചുരുക്കത്തിൽ, വിദ്യാഭ്യാസമെന്ന രാജ്യത്തിന്റെ വെളിച്ചം അണയുകയാണ്. സാമൂഹിക പുരോഗതിയുടെ നട്ടെല്ലായ നവോഥാനം നമുക്ക് സമ്മാനിച്ച ആധുനിക ശാസ്ത്രീയ മതേതര ജനാധിപത്യ വിദ്യാഭ്യാസത്തെ സംരക്ഷിക്കുകയാണ് നമ്മുടെ അടിയന്തര കർത്തവ്യം. ഈ ആധുനിക വിദ്യാഭ്യാസത്തിനു പകരം ‘ഭാരതീയ ജ്ഞാനവ്യവസ്ഥ’ എന്നു പറഞ്ഞ് സംസ്കൃതത്തിലേക്കും വേദകാല പഠനരീതികളിലേക്കും രാജ്യത്തെ വഴിതിരിച്ചു വിടുന്ന പുതിയ ദേശീയവിദ്യാഭ്യാസനയം പൂർണ്ണമായും തള്ളിക്കളയാതെ രാജ്യത്തിന് മുന്നേറാനാവില്ല.

ചില ശേഷികളും നൈപുണികളും പരിശീലിപ്പിക്കൽ മാത്രമായി വിദ്യാഭ്യാസലക്ഷ്യം മാറുകയും അതു വിനിമയം ചെയ്യാൻ ഡിജിറ്റൽ ഓൺലൈൻ രീതി ഗണ്യമായി പിന്തുടരുകയും ചെയ്താൽ ജൈവികമായ വിദ്യാഭ്യാസ പ്രക്രിയ തന്നെ അതോടെ നിശ്ചലമാകും. അതിനാൽ, പുതിയ ദേശീയ വിദ്യാഭ്യാസ നയം പൂർണ്ണമായി തള്ളിക്കളയണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. വിദ്യാഭ്യാസ വൈജ്ഞാനിക രംഗങ്ങളിൽ ഇതിനകം വളരെ മുന്നേറിക്കഴിഞ്ഞ കേരളത്തെ വീണ്ടും പിന്നാക്കം നയിക്കുന്ന ‘എൻ.ഇ.പി 2020’ നടപ്പാക്കാനുള്ള നീക്കങ്ങളിൽ നിന്ന് സംസ്ഥാന സർക്കാർ പിന്തിരിയണമെന്നും ഞങ്ങൾ അഭ്യർഥിക്കുന്നു.

പ്രഫ. എം.കെ. സാനു

ഡോ. എം. ലീലാവതി

ബി.ആർ.പി. ഭാസ്കർ

സാറാ ജോസഫ്

പ്രഫ. കെ.ജി. ശങ്കരപിള്ള

പ്രഫ. കെ. അരവിന്ദാക്ഷൻ

ഡോ. എം.പി. മത്തായി

പ്രഫ. ഐ. ഷണ്മുഖദാസ്

ഷിഹാബുദ്ദീൻ പൊയ്ത്തുംകടവ്

പ്രഫ. പി.വി. കൃഷ്ണൻ നായർ

കെ. അരവിന്ദാക്ഷൻ

അഡ്വ. മഞ്ചേരി സുന്ദർരാജ്

കുരീപ്പുഴ ശ്രീകുമാർ

ഡോ. എ.കെ. രാമകൃഷ്ണൻ

കല്പറ്റ നാരായണൻ

കെ.സി. ഉമേഷ്‌ ബാബു

ഡോ. ഡി. സുരേന്ദ്രനാഥ്

ഡോ. ആസാദ്

സണ്ണി എം. കപിക്കാട്

ഡോ. പ്രവീൺ സാകല്യ

യു.കെ. കുമാരൻ

പാർവതി പവനൻ

ആർ. എസ്. ശശികുമാർ

അഡ്വ. മാത്യു വേളങ്ങാടൻ

ജോർജ് മുല്ലക്കര

എ.പി. അഹമദ്

ബി. ദിലീപൻ

ആർ. പാർത്ഥസാരഥി വർമ്മ

ശശികുമാർ മാവേലിക്കര

ജോർജ് മാത്യു കൊടുമൺ

ശ്രീകൃഷ്ണപുരം കൃഷ്ണൻ കുട്ടി

അഡ്വ. ബി.കെ. രാജഗോപാൽ

അഡ്വ. ജേക്കബ് അറക്കൽ

പ്രഫ. ജോയി മൈക്കിൾ

പ്രഫ. ജോർജ് ജോസഫ്

പ്രഫ. ഫ്രാൻസിസ് കളത്തിങ്കൽ

പ്രഫ. പി.എൻ. തങ്കച്ചൻ

പ്രഫ. കെ.പി. സജി

അഡ്വ. ഇ.എൻ. ശാന്തിരാജ്

ഡോ. പി.എസ്. ബാബു

വി.എസ്. ഗിരീശൻ

ഡോ. എം. പ്രദീപൻ

പ്രഫ. ഉണ്ണികൃഷ്ണൻ പൂഴിക്കാട്

ഡോ. റോയിസ് മല്ലശ്ശേരി

ഡോ. എം എസ് പോൾ

പ്രഫ. വിൻസെന്റ് മാളിയേക്കൽ

ഡോ എം. കബീർ

ദേശാഭിമാനി ഗോപി

ജ്യോതികൃഷ്ണൻ

എസ്. സീതിലാൽ

കെ.എസ്. ഹരികുമാർ

സൗഭാഗ്യകുമാരി

എൻ.കെ. ബിജു

ഇ.വി. പ്രകാശ്

ബിനു ബേബി

ഡോ. അജിത്ത് എസ്. ഭരതൻ

എം. ഷാജർഖാൻ

Tags:    
News Summary - Eminent people in the field of education and culture say that the new national education policy should not be implemented in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.