കൊച്ചി: ജോലിക്കിടെ പരിക്കേറ്റ തൊഴിലാളിക്ക് സ്വന്തം ഇഷ്ടപ്രകാരം ആശുപത്രിയിൽ ചികിത്സ തേടാൻ അവകാശമുണ്ടെന്ന് ഹൈകോടതി. മികച്ച ചികിത്സ കിട്ടുന്ന ആശുപത്രിയിൽ പോകാൻ അവകാശമുണ്ട്. ജോലിക്കിടെ പരിക്കേറ്റെന്നതുകൊണ്ട് സ്ഥാപനം തയാറാക്കുന്ന പട്ടികയിൽപെട്ട ആശുപത്രിയിൽനിന്നുതന്നെ ചികിത്സ തേടണമെന്ന് പറയുന്നത് മനുഷ്യത്വപരമല്ല. സ്ഥാപന അധികൃതരുടെ സർക്കുലർ വഴി വ്യക്തിപരമായ അവകാശം നിഷേധിക്കാനാവില്ലെന്നും ജസ്റ്റിസ് ജി. ഗിരീഷ് വ്യക്തമാക്കി.
2014ൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ നട്ടെല്ലിന് ഗുരുതര പരിക്കേറ്റ കോഴിക്കോട് എഫ്.സി.ഐയിലെ ചുമട്ടുതൊഴിലാളി രാജീവന് ചികിത്സ ചെലവിനത്തിൽ 35,001 രൂപ അനുവദിച്ച കോഴിക്കോട് എംപ്ലോയീസ് കോംപൻസേഷൻ കമീഷണറുടെ ഉത്തരവ് ചോദ്യംചെയ്ത് കോഴിക്കോട് ഫുഡ് കോർപറേഷൻ ഏരിയ മാനേജർ നൽകിയ അപ്പീൽ ഹരജിയാണ് കോടതി പരിഗണിച്ചത്.
2017ലെ ഉത്തരവ് പ്രകാരം കമീഷണർ 50,000 രൂപ മാത്രം നഷ്ടപരിഹാരമായി അനുവദിച്ചത് ചോദ്യംചെയ്ത് രാജീവനും ഹരജി നൽകി. പയ്യോളി, കോഴിക്കോട്, മംഗളൂരു എന്നിവിടങ്ങളിൽ ആശുപത്രികളിൽ ചികിത്സ തേടിയ ഇനത്തിൽ ചെലവായ 35,001 രൂപയുടെ കാര്യത്തിലാണ് എഫ്.സി.ഐ തർക്കമുന്നയിച്ചത്. എഫ്.സി.ഐ സർക്കുലറിലെ പട്ടികയിൽ ഉൾപ്പെടാത്ത ആശുപത്രികളാണ് ഇവയെന്നായിരുന്നു വാദം. എന്നാൽ, ഈ വാദം കോടതി തള്ളി.
അതേസമയം, അടിസ്ഥാന ശമ്പളം കണക്കാക്കിയതിൽ കോംപൻസേഷൻ കമീഷണർക്ക് തെറ്റു പറ്റിയിട്ടുണ്ടെന്നും കൂടുതൽ തുക കിട്ടാൻ രാജീവന് അർഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. എന്നാൽ, രണ്ടും ചേർത്ത് അപേക്ഷകൻ ഒരുലക്ഷം രൂപ മാത്രം ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ഈ തുകയും 2014 മുതലുള്ള 12 ശതമാനം പലിശയും നൽകാൻ നിർദേശിച്ച കോടതി, എഫ്.സി.ഐയുടെ ഹരജി തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.