കാസർകോട്: സ്കൂളിലേക്കയക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഇപ്പോൾ അഞ്ചാം ക്ലാസിൽ എത്തേണ്ടതായിരുന്നു. 10 വയസ്സ് തികഞ്ഞിട്ടും മൂന്നു വയസ്സുകാരിയുടെ വളർച്ചമാത്രം. ശരീരം ചലിപ്പിക്കാനോ ശബ്ദിക്കാനോ കഴിയുന്നില്ല. മുന്നിൽ നിൽക്കുന്നവരെപ്പോലും കാണാനാവില്ല. ഉണർന്നിരിക്കുേമ്പാഴെല്ലാം അമ്മയുടെ മടിത്തട്ടിൽതന്നെയിരുത്തണം. എന്നിട്ടും നിവേദ്യ എൻഡോസൾഫാൻ ഇരകളുടെ പട്ടികയിൽ ഉൾപ്പെടാൻ അർഹയല്ലെന്ന് അധികൃതർ തീർപ്പാക്കി.
എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽനിന്ന് അധികൃതർ ഏറ്റവും ഒടുവിൽ നീക്കംചെയ്ത 1618 പേരിൽ മടിക്കൈ എരിക്കുളം മണിമുണ്ടയിലെ കൂലിത്തൊഴിലാളി സുഭാഷിെൻറ മകൾ നിവേദ്യയും ഉൾപ്പെട്ടു. 2017 ഏപ്രിലിൽ നടത്തിയ മെഡിക്കൽ ക്യാമ്പിനെ തുടർന്ന് ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ അർഹതയുള്ളതായി വിദഗ്ധ ഡോക്ടർമാർ നിർദേശിച്ചവരിലും ഇതിെൻറ അടിസ്ഥാനത്തിൽ തയാറാക്കിയ 1905 പേരുടെ പട്ടികയിലും നിവേദ്യയുണ്ടായിരുന്നു. പിന്നീട്, പഞ്ചായത്ത് തലത്തിൽ സൂപ്പർവൈസർമാരെ നിയോഗിച്ച് നടത്തിയ സർവേക്കുശേഷം 1618 പേരെ വെട്ടിനീക്കി 287 പേരെ മാത്രം ഉൾപ്പെടുത്തിയ പട്ടികയാണ് പുറത്തിറക്കിയത്. ഒഴിവാക്കപ്പെട്ടവരിൽ നിവേദ്യയുടെ സമാന അവസ്ഥയിൽ കഴിയുന്ന അമ്പതോളം കുട്ടികളുമുണ്ട്.
2011ലും 2013ലും നടത്തിയ മെഡിക്കൽ ക്യാമ്പിൽ പരിഗണന കിട്ടാതിരുന്ന നിവേദ്യയെ ഇത്തവണ പട്ടികയിൽ ഉൾപ്പെടുത്താൻ നിർദേശം വന്നതോടെ നിർധന കുടുംബം പ്രതീക്ഷയിലായിരുന്നു. രാവിലെ മുതൽ വൈകീട്ടുവരെ ഭക്ഷണം കഴിക്കാൻപോലും കഴിയാതെ മകളെ മടിയിലിരുത്തേണ്ട സ്ഥിതിയിലാണ് അമ്മ നിർമല. ചെങ്കൽപണയിൽ ജോലിചെയ്യുന്ന ഭർത്താവ് സുഭാഷ് തിരിച്ചെത്തി നിവേദ്യയെ ഏറ്റുവാങ്ങിയിട്ടുവേണം ഇവർക്ക് വീട്ടുജോലി തുടങ്ങാൻ. കഫക്കെട്ടും ന്യുമോണിയയും അപസ്മാരവും കുട്ടിയെ വിടാതെ പിന്തുടരുന്നതിനാൽ മിക്കദിവസവും ആശുപത്രിയിലാണ്.
കിനാനൂർ കരിന്തളം പഞ്ചായത്തിലെ കൂരാങ്കുണ്ട് സ്വദേശിയായ സുഭാഷും തെക്കൻ ബങ്കളത്തെ നിർമലയും 18 വർഷമായി മടിൈക്ക പഞ്ചായത്തിലെ മണിമുണ്ടയിലാണ് താമസം. സർക്കാർ അനുവദിച്ച 15 സെൻറ് ഭൂമിയും അതിൽ പഞ്ചായത്തിെൻറ സഹായത്തോടെ കെട്ടിയ ചെറിയൊരു വീടും മാത്രമാണ് ഇവരുടെ സ്വത്ത്. എൻഡോസൾഫാൻ ബാധിതമേഖലയായി നിശ്ചയിച്ച 11 പഞ്ചായത്തിൽ മടിക്കൈ ഉൾപ്പെടുന്നില്ല എന്നകാരണം പറഞ്ഞാണ് നിവേദ്യയെ ഒഴിവാക്കിയതെന്ന് ഇവർ പറയുന്നു.
2014 ജനുവരി 26ന് മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിൽ ദുരിതബാധിതരുടെ അമ്മമാർ കഞ്ഞിവെപ്പ് സമരം നടത്തിയതിനെ തുടർന്ന് നടന്ന ചർച്ചയിൽ അതിർത്തിവരച്ച് ദുരിതബാധിതരെ ഒഴിവാക്കുന്ന സമീപനം ഉണ്ടാവില്ലെന്ന് ഉറപ്പുനൽകിയിരുന്നു. ആകാശത്തുനിന്ന് ഹെലികോപ്ടർ ഉപയോഗിച്ച് കീടനാശിനി തളിക്കുേമ്പാൾ 50 കിലോമീറ്ററിലധികം ദൂരത്തേക്ക് ഇതിെൻറ ദൂഷ്യഫലങ്ങൾ വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ ദുരന്തമേഖലക്ക് പരിധിനിശ്ചയിക്കുന്നത് അശാസ്ത്രീയമാണെന്ന് ഇൗ രംഗത്തെ വിദഗ്ധർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.