കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതർക്ക് മുഖ്യമന്ത്രി ധനസഹായം വിതരണംചെയ്യുന്ന വേദിക്കുമുന്നിൽ എൻഡോസൾഫാൻ വിഷമല്ലെന്ന പോസ്റ്ററുമായി മുൻ സി.െഎ.ടി.യു നേതാവ്. മെറ്റൽ ഡിറ്റക്ടർ വഴി മാത്രം ആളുകളെ കടത്തിവിട്ട വേദിയുടെ മുന്നിലേക്ക് പ്ലാേൻറഷൻ കോർപറേഷൻ തൊഴിലാളി യൂനിയൻ (സി.െഎ.ടി.യു) മുൻ ജില്ല പ്രസിഡൻറായ എ. ഗംഗാധരൻ നായരാണ് പോസ്റ്ററുമായി എത്തിയത്.
മുഖ്യമന്ത്രി വേദിയിലെത്തുന്നതിനു മുമ്പുതന്നെ വേദിക്ക് മുന്നിൽ രഹസ്യമായി നിലയുറപ്പിച്ച ഗംഗാധരൻ നായർ, മുഖ്യമന്ത്രി വേദിയിലെത്തി കസേരയിൽ ഇരുന്നയുടൻതന്നെ പോസ്റ്ററുകൾ ഉയർത്തിപ്പിടിച്ചുനിന്നു. മറ്റൊരു പോസ്റ്റർ വേറെയും കരുതിയിരുന്നു. എൻഡോസൾഫാൻ വിഷമല്ലെന്നും രോഗങ്ങൾക്ക് കാരണം എൻഡോസൾഫാനല്ലെന്നുമാണ് പോസ്റ്ററിൽ എഴുതിയത്. സാധാരണക്കാരനായി സദസ്സിലേക്ക് കയറിക്കൂടിയ ‘പ്രതിഷേധ’ക്കാരനെ പൊലീസും മറ്റു സുരക്ഷാവിഭാഗവും കാണുന്നതിനുമുമ്പ് മുഖ്യമന്ത്രിയാണ് ആദ്യം കണ്ടത്. തുടർന്ന് ഇക്കാര്യം സമീപത്തിരിക്കുന്ന മന്ത്രി വി.എസ്. സുനിൽ കുമാറിെൻറ ശ്രദ്ധയിൽപെടുത്തി. സുനിൽ കുമാറിനും കാര്യം മനസ്സിലായില്ല. മുഖ്യമന്ത്രിക്ക് പിറകിൽ ഇരിപ്പുറപ്പിച്ചിരുന്ന മുൻ എം.എൽ.എ സി.എച്ച്. കുഞ്ഞമ്പു പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. അപ്പോഴേക്കും ഗംഗാധരൻ നായരെ പൊലീസ് മാറ്റിനിർത്തി കസ്റ്റഡിയിൽെവച്ചു.
വലിയ ബഹളമൊന്നുമില്ലാതെ പ്രശ്നം അവസാനിച്ചെങ്കിലും ഉദ്ഘാടന പ്രസംഗത്തിന് എഴുന്നേറ്റ മുഖ്യമന്ത്രി പിണറായി ആദ്യം പരാമർശിച്ചത് ഗംഗാധരൻ നായരുടെ സാന്നിധ്യമാണ്. അമ്മയെ തല്ലിയാലും രണ്ടുണ്ട് കാര്യം എന്ന് പറയുന്നതുപോലെ എൻഡോസൾഫാനെ അനുകൂലിക്കുന്നവരും ഉണ്ട് എന്നു പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. എൻഡോസൾഫാൻ കമ്പനിക്ക് വലിയ സ്വാധീനമുണ്ടെന്ന് കാണിക്കുന്നതാണ് ഇതുപോലുള്ള ഒരു വേദിയിലേക്ക് അവർക്ക് അനുകൂലമായ പോസ്റ്ററുമായി ഒരാൾ വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇങ്ങനെ ഒരു രോഗമില്ല എന്ന് ഒരു പോസ്റ്ററിൽ എഴുതി ഇവിടെ പറയാമെങ്കിൽ അതിനുപിന്നിൽ കിട്ടിയത് എന്താകണമെന്ന് ആലോചിക്കണം. എൻഡോസൾഫാൻ കമ്പനിയുടെ വാക്ക് വിശ്വസിച്ച് അത് കുടിച്ചുകളയരുത് എന്നേ തനിക്ക് പറയാനുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. എൻഡോസൾഫാന് അനുകൂലമായി പ്രചാരണം നടത്തിയതിന് മുന്നിലുണ്ടായിരുന്ന ഗംഗാധരൻ നായർ പിന്നീട് സി.െഎ.ടി.യുവിൽ നിന്ന് പുറത്താവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.