തിരുവനന്തപുരം: കെ. കരുണാകരനെ താഴെയിറക്കാൻ കോൺഗ്രസിലെ ചിലർ നടത്തിയ ഗൂഢാലോചയാണ് ചാരക്കേസെന്ന് വ്യക്തമാകുന്ന സാഹചര്യത്തിൽ നമ്പി നാരായണന് നഷ്ടപരിഹാരം നൽകേണ്ടത് കോൺഗ്രസാണെന്ന് മന്ത്രി ഇ.പി. ജയരാജൻ. എം.എം. ഹസനും വി.എം. സുധീരനും ശരിയായ രാഷ്ട്രീയ നിലപാടാണ് സ്വീകരിക്കുന്നതെങ്കിൽ കെ.പി.സി.സി പണം നൽകണമെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധിയും അന്വേഷണം നടത്താനുള്ള ഉത്തരവും സ്വാഗതം ചെയ്യുന്നു. 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന വിധി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കും.
മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിട്ട് ഉത്തരവിറക്കിയെന്ന ബി.ജെ.പി ആരോപണം മന്ത്രി നിഷേധിച്ചു. എല്ലാം കൃത്യതയോടെയാണ് പോകുന്നത്. ആവശ്യമെങ്കിൽ ഒപ്പിട്ട കടലാസ് രാവിലെ കൊടുത്താൽ വൈകീട്ട് എത്തും. മുഖ്യമന്ത്രി കേരളത്തിെൻറ കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്. മന്ത്രിമാരുമായി ആശയവിനിമയം നടത്തുന്നുണ്ട്. നവകേരളം സൃഷ്ടിക്കാൻ പ്രത്യേക കൺസൾട്ടൻസിയുടെ ആവശ്യമില്ലെന്ന് ആസൂത്രണ ബോർഡ് മുൻവൈസ് ചെയർമാൻ പ്രഭാത് പട്നായിക് ഏത് സഹാചര്യത്തിലാണ് പറഞ്ഞതെന്നറിയില്ല. പുതിയ സംഭവ ഗതികളെ നിരീക്ഷിച്ച് വേണം ശാസ്ത്രജ്ഞരും പണ്ഡിതരുമൊക്കെ അഭിപ്രായം പറയാൻ.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാൻ ആരെയും നിർബന്ധിക്കില്ല. ഒരു ജീവനക്കാരന് എതിരെയും നടപടിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.