ഇ.പി. ജയരാജന്‍റെ ഇൻഡിഗോ യാത്രാ വിലക്ക് പുനഃപരിശോധിക്കണം -സി.പി.എം

തിരുവനന്തപുരം: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന് മൂന്നാഴ്ച യാത്രാ വിലക്കേർപ്പെടുത്തിയ ഇൻഡിഗോ വിമാന കമ്പനിയുടെ നടപടി പ്രതിഷേധാർഹമാണെന്ന് സി.പി.എം. വസ്‌തുതകൾ പൂർണ്ണമായും പരിശോധിക്കാതെ കൈക്കൊണ്ട തീരുമാനം പുനഃപരിശോധിക്കേണ്ടതാണെന്ന് സി.പി.എം സെക്രട്ടേറിയറ്റ് പ്രസ്‌താവനയിൽ വ്യക്തമാക്കി.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചവരെ കൈയേറ്റം ചെയ്തതിനാണ് ജയരാജന് ഇൻഡിഗോ എയർലൈൻസ് മൂന്നാഴ്ച യാത്രാ വിലക്ക് പ്രഖ്യാപിച്ചത്. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചത്തെ വിലക്കും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ ഇനി യാത്ര ചെയ്യില്ലെന്നും നിലവാരമില്ലാത്ത കമ്പനിയാണതെന്നുമായിരുന്നു ജയരാജന്‍റെ പ്രതികരണം. ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്തില്ലെങ്കിൽ തനിക്ക് ഒന്നും സംഭവിക്കില്ല. താൻ ആരാണെന്ന് പോലും അവർക്കറിയില്ല എന്നാണ് തോന്നുന്നത്. നടന്ന് പോയാലും ഇനിയവരുടെ വിമാനത്തിൽ കയറില്ല -ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തുടർന്ന്, ഇന്ന് വൈകുന്നേരം കണ്ണൂരിൽനിന്ന് അദ്ദേഹം തിരുവനന്തപുരത്തേക്ക് ട്രെയിനിലാണ് പുറപ്പെട്ടത്. ഇന്ന് വിമാനത്തിൽ കണ്ണൂരിലേക്ക് തിരിച്ചതാണെന്നും ടിക്കറ്റ് പൈസ തിരിച്ചുവാങ്ങിയെന്നും ജയരാജൻ പറഞ്ഞു. കെ-റെയിൽ വന്നാൽ വളരെ വളരെ സൗകര്യമാകും. ഈ ഇൻഡിഗോയുടെ ഒക്കെ ആപ്പീസ് പൂട്ടും -ഇ.പി. ജയരാജൻ പറഞ്ഞു.

Tags:    
News Summary - EP Jayarajan's Indigo travel ban should be reconsidered says CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.