ജീവനും കൊണ്ട് ഒാടുമ്പോൾ വീടിന്‍റെ ഫോട്ടോ എടുക്കാനാവുമോ?; സർക്കാറിനെതിരെ ബഷീർ

തിരുവനന്തപുരം: മനുഷ്യർ ജീവനും കൊണ്ട് ഒാടുമ്പോൾ പ്രളയത്തിൽ തകരുന്ന വീടിന്‍റെ ഫോട്ടോ എടുക്കാൻ സാധിക്കുമോ എന്ന് ഏറനാട് എം.എൽ.എ പി.കെ. ബഷീർ. പ്രളയത്തിൽ തകർന്ന വീടിന്‍റെ ഫോട്ടോ ധനസഹായ അപേക്ഷയോടൊപ്പം സമർപ്പിക്കണമെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നത്. റവന്യൂ വകുപ്പിന്‍റെ ഈ നിലപാടിൽ മാറ്റം വരുത്തണം. ബന്ധുവീട്ടിലും ദുരിതാശ്വാസ ക്യാമ്പിലും സുഹൃത്തുകളുടെ വീട്ടിലും കഴിയുന്നവർക്ക് സഹായ ലഭിക്കേണ്ടേ എന്നും പി.കെ. ബഷീർ ചോദിച്ചു.

മലപ്പുറം ജില്ലയിൽ ദുരിതാശ്വാസത്തിന് 80 ലക്ഷം രൂപ സർക്കാർ അനുവദിച്ചതിൽ 15 ലക്ഷം മാത്രമാണ് ചെലവായത്. ബാക്കി മത, സാമൂഹിക, സന്നദ്ധ, രാഷ്ട്രീയ സംഘടനകളാണ് ക്യാമ്പിലേക്ക് അവശ്യ സാധനങ്ങൾ എത്തിച്ചത്. ക്യാമ്പ് കഴിഞ്ഞതോടെ പാർട്ടിക്കാർ ഏറ്റെടുത്ത് ബാക്കിയുള്ള സാധനങ്ങൾ വിതരണം ചെയ്യാൻ തുടങ്ങി. ക്യാമ്പ് പിടിച്ചെടുക്കുന്നത് ശരിയായ രീതിയല്ല. ബാക്കി വന്ന സാധനങ്ങൾ വില്ലേജ് ഒാഫീസർ അടക്കമുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിതരണം ചെയ്യണം. 

മുസ് ലിം ലീഗിന് ഭൂരിപക്ഷ മണ്ഡലമായ മലപ്പുറത്ത് ഇത്തരത്തിലുള്ള ക്യാമ്പ് പിടിച്ചെടുക്കൽ ഞങ്ങൾ നടത്തിയിട്ടില്ല. ദുരിതത്തിൽപ്പെട്ടവരെ കൈ മറന്ന് സഹായിക്കുകയാണ് വേണ്ടത്. ആ മനോഭാവത്തിലേക്ക് സി.പി.എം വരണം. അല്ലാതെ പാർട്ടി പ്രവർത്തകർക്ക് ക്യാമ്പിലെ സ്റ്റോറിന്‍റെ ചുമതല ഏൽപ്പിക്കുകയല്ല വേണ്ടതെന്നും ബഷീർ നിയമസഭയിൽ പറഞ്ഞു. 

അനധികൃതമായ കെട്ടിടങ്ങൾക്കും കുന്നിടിക്കുന്നതിനും പിഴ അടച്ച് അനുവാദം നൽകുന്ന 2017ലെ നിയമം പാസാക്കിയത് ഇടത് സർക്കാരാണ്. എല്ലാം പറയുന്നതും ചെയ്യുന്നതും സർക്കാർ തന്നെയാണെന്നും പ്രതിപക്ഷമല്ലെന്നും ബഷീർ കുറ്റപ്പെടുത്തി. 

ദുരിതബാധിതർക്കുള്ള നഷ്ടപരിഹാര തുക വർധിപ്പിക്കണം. വീടിന് ആറും സ്ഥലത്തിന് നാലും ലക്ഷം രൂപ നൽകാമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ മാറ്റം വരുത്തണം. 10,000 രൂപ അനുവദിച്ചതിൽ 3,500 രൂപക്കും 6,500 രൂപക്കും പ്രത്യേകം അപേക്ഷ നൽകണമെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നതെന്നും ബഷീർ ചൂണ്ടിക്കാട്ടി. 

വീട് നഷ്ടപ്പെട്ടവർക്ക് നാട്ടിൽ നിർമിക്കുന്ന ഫ്ലാറ്റിൽ താമസിക്കാൻ സാധിക്കില്ല. റവന്യൂ വകുപ്പോ വനം വകുപ്പോ സ്ഥലം നൽകി അതാത് പ്രദേശത്ത് തന്നെ ആദിവാസികൾക്ക് വീട് നിർമിക്കാനുള്ള സംവിധാനം വേണമെന്നും ബഷീർ നിയമസഭയിൽ ആവശ്യപ്പെട്ടു. .

Full View
Tags:    
News Summary - Eranad MLA PK Basheer -Kerala Assembly Special Session -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.