കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർഥികളായി ഇത്തവണയും ഇ.ടി. മുഹമ്മദ് ബഷീറും എം.പി. അബ്ദുസ്സമദ് സമദാനിയും മത്സരിച്ചേക്കും. സ്ഥാനാർഥി നിർണയ ചർച്ചയിലേക്ക് പാർട്ടി ഔദ്യോഗികമായി കടന്നില്ലെങ്കിലും ഇവർതന്നെ മത്സരിക്കട്ടെയെന്ന നിലപാടിലാണ് ഉന്നത നേതൃത്വം.
അതേസമയം, മണ്ഡലങ്ങൾ പരസ്പരം മാറുന്നതിനെക്കുറിച്ച് ആലോചന നടക്കുന്നുണ്ട്. മണ്ഡലം കമ്മിറ്റികളുമായുള്ള കൂടിയാലോചനകൾക്കു ശേഷം ഭൂരിപക്ഷ സാധ്യതകൾകൂടി പരിഗണിച്ച് സാദിഖലി തങ്ങൾ ഇതിൽ അന്തിമ തീരുമാനമെടുക്കും.
ലോക്സഭയിലേക്ക് പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന അഭിപ്രായം ചില നേതാക്കൾക്കും യൂത്ത് ലീഗിനുമുണ്ടെങ്കിലും ഇത്തവണ പരീക്ഷണത്തിന് മുതിരേണ്ടതില്ലെന്ന നിലപാടിലാണ് മുതിർന്ന നേതാക്കൾ. ലോക്സഭ തെരഞ്ഞെടുപ്പ് പല ഘടകങ്ങളാലും പാർട്ടിക്ക് നിർണായകമാണ്. പാർട്ടിക്കകത്തുനിന്നുള്ള പോരിന് സമീപകാലത്ത് ശമനമുണ്ടായെങ്കിലും സമസ്തയിലെ പ്രശ്നങ്ങൾ ഇപ്പോഴും കീറാമുട്ടിയാണ്.
ലീഗ് വിരോധം മുൻനിർത്തിയുള്ള ഉപജാപങ്ങളുമായി സമസ്തയിലെ ഒരുവിഭാഗം മുന്നോട്ടുപോകുമ്പോൾ ഇത്തരക്കാരുമായി അനുരഞ്ജനമില്ലെന്ന ഉറച്ച നിലപാടിലാണ് സാദിഖലി തങ്ങൾ. പലവിധത്തിലും ലീഗിന് തലവേദന സൃഷ്ടിക്കാൻ ഈ വിഭാഗം കൊണ്ടുപിടിച്ച ശ്രമങ്ങൾ തുടരുന്നുമുണ്ട്. ഇതിൽ മുതലെടുപ്പിനുള്ള ശ്രമം സി.പി.എം ഭാഗത്തുനിന്നുള്ളതിനാൽ സൂക്ഷ്മതയോടെയാണ് നേതൃത്വത്തിന്റെ നീക്കം.
ഇ.ടിയും സമദാനിയും വീണ്ടും സ്ഥാനാർഥികളായാൽ ഇത്തരം ശ്രമങ്ങൾ ഏശില്ലെന്ന വിലയിരുത്തലാണ് നേതൃത്വത്തിനുള്ളത്. പുതുമുഖങ്ങളെ കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെയുള്ളവർ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്കയുമുണ്ട്. പകരം സ്ഥാനാർഥിയെ കണ്ടെത്തുക എന്നതും ദുഷ്കരമാണ്.
ഇ.ടി. മുഹമ്മദ് ബഷീർ 2009ൽ തുടങ്ങിയ പൊന്നാനിയിലെ പടയോട്ടം ഭീഷണികളൊന്നുമില്ലാതെയാണ് മൂന്നു ടേം പൂർത്തിയാക്കുന്നത്. എൽ.ഡി.എഫിന് ശക്തമായ വേരോട്ടമുള്ള നിയമസഭ മണ്ഡലങ്ങളിലും ഇ.ടിയുടെ വ്യക്തിപ്രഭാവത്തിന്റെ മികവിൽ ഭൂരിപക്ഷം നേടുന്നതാണ് മൂന്നുതവണയും കണ്ടത്.
ചെറിയ ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ ദീർഘയാത്ര പ്രയാസമാകുമെന്നതിനാൽ സ്വന്തം മണ്ഡലത്തിലേക്ക് മാറണമെന്ന താൽപര്യം ഇ.ടിക്കുണ്ട്. ഇത് പരിഗണിച്ചാൽ സമദാനി പൊന്നാനിയിലും ഇ.ടി മുഹമ്മദ് ബഷീർ മലപ്പുറത്തും ജനവിധി തേടും.
സമദാനി പൊന്നാനിയിലേക്ക് മാറിയാലും നിലവിലെ സാഹചര്യത്തിൽ ഭീഷണിയൊന്നും ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ. യു.ഡി.എഫിൽ കോൺഗ്രസുമായുള്ള ചർച്ച ഈമാസം 29നാണ് നിശ്ചയിച്ചത്. ഇത് കഴിഞ്ഞാലുടൻ സാദിഖലി തങ്ങൾ അന്തിമ തീരുമാനം പ്രഖ്യാപിക്കും. മൂന്നാം സീറ്റ് ഇപ്പോൾ ലീഗിന്റെ അജണ്ടയിലില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.