മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ അവശേഷിക്കെ മുസ്ലിം ലീഗിലെ മുതിർന്ന നേതാവായ ഇ.ടി. മുഹമ്മദ് ബഷീർ എം.പിയെ പേരെടുത്ത് വിമർശിച്ച് സമസ്ത ഇറക്കിയ സംയുക്ത പ്രസ്താവന ചർച്ചയാകുന്നു. ഇരുവിഭാഗം മുജാഹിദുകളും ഒന്നായതിന് ശേഷം ഡിസംബറിൽ മലപ്പുറത്ത് നടക്കാനിരിക്കുന്ന സംസ്ഥാന സമ്മേളന പ്രചാരണത്തിെൻറ ഭാഗമായി ഇറക്കിയ വിഡിയോ സന്ദേശത്തിൽ ഇ.ടി നടത്തിയ പരാമർശങ്ങളാണ് സമസ്തയെ ചൊടിപ്പിച്ചത്. നാലര മിനിറ്റുള്ള വിഡിയോയിൽ കേരളത്തിലെ ഇസ്ലാമിക നവോത്ഥാന സംരംഭങ്ങളിൽ കെ.എൻ.എം വലിയ സംഭാവന നൽകിയിട്ടുണ്ടെന്നും ഇസ്ലാമിെൻറ അടിസ്ഥാന തത്ത്വമായ തൗഹീദിെൻറ (ഏകദൈവ വിശ്വാസം) സന്ദേശം സാധാരണ ജനങ്ങളിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും പറയുന്നു. ജനങ്ങൾക്കിടയിൽ സൗഹാർദവും സമാധാനവും സഹവർത്തിത്വത്തിലധിഷ്ഠിതമായ നിലനിൽപും ഉറപ്പുവരുത്തുന്നതിൽ മതസംഘടന എന്ന നിലയിൽ ചെയ്യാൻ കഴിയുന്നതിെൻറ പരമാവധി ചെയ്തിട്ടുണ്ട്. ഇസ്ലാമിെൻറ സന്ദേശങ്ങൾ എത്തിക്കുകയെന്ന ബാധ്യത എല്ലാവർക്കുമുണ്ട്. ആ ബാധ്യത കൂടിയാണ് ഇൗ സമ്മേളനത്തിെൻറ പ്രമേയത്തിൽ കാണുന്നത്.
ആ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ സന്ദർഭത്തിന് അനുസരിച്ച് നിങ്ങൾ ഉയർന്നുവന്നത് ആശ്വാസകരമാണെന്നും പറഞ്ഞുകൊണ്ടാണ് വിഡിയോ അവസാനിക്കുന്നത്. ഇതിനെതിരെയാണ് ഇ.ടിയെ പേരെടുത്ത് താക്കീത് നൽകുന്ന രീതിയിൽ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് സമസ്ത നേതാക്കൾ സംയുക്ത പ്രസ്താവന ഇറക്കിയത്. ഇത്തരത്തിലുള്ള പല പ്രസ്താവനകളും അടിക്കടി ആവർത്തിച്ചതിന് ഇ.ടിയെ സമസ്ത നേതാക്കൾ പലതവണ തിരുത്താൻ ശ്രമിച്ചിട്ടുണ്ടെന്നും ഒരു വലിയ ജനവിഭാഗത്തെ അപമാനിക്കുന്ന വിധത്തിലും ആശയത്തെ ചെറുതാക്കുന്ന രീതിയിലും നടത്തിയ പ്രസ്താവന തിരുത്തണമെന്നും സലഫി വക്താവാകരുതെന്നും പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. അേതസമയം, സമസ്തയുടെ പ്രസ്താവനയോട് ഇൗ ഘട്ടത്തിൽ പ്രതികരിക്കാനില്ലെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി ‘മാധ്യമ’ത്തോട് പറഞ്ഞു.
സമ്മേളന പ്രചാരണത്തിെൻറ ഭാഗമായി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദും ഇതേ രീതിയിൽ വിഡിയോ സന്ദേശം നൽകിയിട്ടുണ്ട്. എന്നാൽ, അദ്ദേഹത്തിനെതിരെ സമസ്ത നേതൃത്വം പ്രതികരിച്ചിട്ടില്ല. സമസ്തയുടെ പ്രസ്താവന വേങ്ങരയിൽ ഇടതുപക്ഷം പ്രചാരണായുധമാക്കാനിടയുണ്ടെന്ന് ലീഗ് നേതൃത്വം ആശങ്കപ്പെടുന്നു. പ്രസ്താവനക്കെതിരെ രൂക്ഷവിമർശവുമായി െഎ.എസ്.എം സംസ്ഥാന പ്രസിഡൻറ് ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹിയും രംഗത്തെത്തി. മുസ്ലിം ലീഗുകാരെല്ലാം പിന്തിരിപ്പന്മാരും ചരിത്രമറിയാത്തവരും ആകണമെന്ന നിർബന്ധം സമസ്തയിൽ ഒരു വിഭാഗത്തിന് മാത്രമാണ് എന്നാണ് അറിയുന്നത്. സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിക്കുന്ന ചെറുപ്പക്കാരായ ലീഗ് നേതാക്കളെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് അകറ്റാൻ കുറേക്കാലമായി ശ്രമിക്കുന്നു.
സുന്നി കാർഡ് എടുത്തുള്ള രാഷ്ട്രീയ വിലപേശൽ ഈ കുട്ടി നേതാക്കൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.