തിരുവനന്തപുരം: മറ്റ് ബോർഡുകൾക്ക് വായ്പ നൽകാൻ മാത്രം കോടികളുടെ വരുമാനമുണ്ടായിരുന്ന കെട്ടിടനിർമാണതൊഴിലാളി ക്ഷേമനിധി ബോർഡ് 3000 രൂപയുടെ മരണാനന്തര സഹായം പോലും നൽകാനില്ലാത്ത ഗതികേടിൽ. അന്ത്യസമയത്തെ ചെലവിന് ഉപകരിക്കുമെന്ന ധാരണയിൽ തുച്ഛ കൂലിയിൽനിന്ന് മിച്ചം വെച്ച് വിഹിതമടച്ചവർക്ക് പോലും മരിച്ച് വർഷമൊന്ന് പിന്നിട്ടിട്ടും സഹായത്തുക കുടിശ്ശികയാണ്. മരണവിവരമറിയിച്ചാൽ ഓഫിസിൽനിന്ന് ഉടൻ ചെലവുകൾക്ക് പണമെത്തിക്കേണ്ടിടത്താണ് ആണ്ട് കഴിഞ്ഞും വൈകുന്നത്.
ചെലവുകൾ കൂടിയതും വരുമാനം കുറഞ്ഞതുമാണ് പ്രതിസന്ധിക്ക് കാരണം. 3.60 ലക്ഷം പെൻഷൻകാരാണ് ബോർഡിനുള്ളത്. പെൻഷൻ 600ൽനിന്ന് 1600 രൂപയാക്കിയിരുന്നു. ഇതിന് മാസം 57 കോടി വേണം. 20 ലക്ഷത്തോളം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും 10 ലക്ഷം പേരാണ് കൃത്യമായ അംശാദായമടച്ച് അംഗത്വം നിലനിർത്തുന്നത്. കോവിഡ് കാലത്ത് 2000 രൂപവീതം നൽകിയ വകയിൽ 1.35 കോടി ചെലവ് വന്നതായും അധികൃതർ പറയുന്നു. എന്നാൽ, സാധാരണക്കാരായ തൊഴിലാളികളുടെ അധ്വാനവിഹിതം കൈപ്പറ്റിയ ശേഷം പ്രതിസന്ധിയുടെ പേരിൽ കൈമലർത്തുന്നത് ശരിയാണോ എന്ന ചോദ്യത്തിന് ഉത്തരമില്ല. ശേഷിയുണ്ടായിരുന്ന കാലത്ത് ആഭരണ നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിന് 10 കോടി കടം കൊടുത്തതും ചരിത്രം.
കെട്ടിട നിർമാണ സെസ് ആണ് ബോർഡിന്റെ പ്രധാന വരുമാനം. പത്ത് ലക്ഷത്തിനുമേൽ നിർമാണച്ചെലവുള്ള കെട്ടിടങ്ങൾക്ക് ഒരു ശതമാനമാണ് സെസ്. 1995ന് ശേഷം 6000 കോടിയോളമാണ് ഈ ഇനത്തിൽ കുടിശ്ശിക. ആഡംബര കെട്ടിട ഉടമകളുടെ കാര്യത്തിൽ അധികൃതർ കണ്ണടച്ചതോടെ പാവപ്പെട്ട തൊഴിലാളികളുടെ ആനുകൂല്യങ്ങളാണ് അവതാളത്തിലായത്. തൊഴിൽ വകുപ്പിനായിരുന്നു സെസ് പിരിച്ചെടുക്കാൻ ചുമതല. ബോർഡിൽ കോടികളുടെ വരുമാനമുണ്ടായിരുന്നതുകണ്ട് സെസ് പിരിവ് കാര്യമാക്കിയില്ല. പ്രതിസന്ധി രൂക്ഷമായപ്പോൾ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം വിളിച്ചിരുന്നു. കുടിശ്ശിക വളരെ വേഗം പിരിച്ചെടുക്കാനും തുടർന്നുള്ള പിരിവ് തദ്ദേശവകുപ്പിലേക്ക് മാറ്റാനും തീരുമാനിച്ചു. എന്നാൽ തദ്ദേശവകുപ്പിനെ ചുമതലയേൽപ്പിക്കൽ ഇനിയും നടന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.