തിരുവനന്തപുരം: കോടതികളിൽനിന്നുള്ള സമൻസുകൾ ഇ-മെയിലും വാട്സ്ആപും അടക്കം ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി അയക്കുന്നതിന് വ്യവസ്ഥ ചെയ്ത് 1973ലെ ക്രിമിനൽ നടപടി ചട്ടം (സി.ആർ.പി.സി) ഭേദഗതി ചെയ്യുന്നു. നിയമഭേദഗതിക്കുള്ള കരട് വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചു. സി.ആർ.പി.സി 62, 91 വകുപ്പുകളാണ് ഭേദഗതി ചെയ്യുന്നത്. 62 ാം വകുപ്പ് അനുസരിച്ച് പൊലീസ് ഉദ്യോഗസ്ഥർ, കോടതി നിയോഗിക്കുന്ന ജീവനക്കാർ എന്നിവർ നേരിട്ടോ രജിസ്റ്റേഡ് തപാൽ വഴിയോ ആണ് വ്യക്തികൾക്ക് സമൻസ് എത്തിക്കുന്നത്. ബന്ധപ്പെട്ടവർ ഇതു കൈപ്പറ്റിയെന്ന് ഉറപ്പാക്കണം. ഈ വ്യവസ്ഥയിലാണ് ‘നേരിട്ടോ തപാൽ വഴിയോ അല്ലെങ്കിൽ ‘ഇലക്ട്രോണിക് മാധ്യമം’ മുഖേനയോ എന്നു ഭേദഗതി കൊണ്ടുവരുന്നത്. ആളുകൾ സമൻസ് കൈപ്പറ്റാതെ സ്വമേധയാ ഒഴിഞ്ഞുമാറുന്ന പ്രവണത പൊലീസീന് വലിയ തലവേദനായായിരുന്നു. തെറ്റായ വിലാസങ്ങൾ നൽകുന്നതായിരുന്നു മറ്റൊരു പ്രശ്നം.
ഇത്തരം രീതികൾ കോടതി നടപടികളെ വൈകിപ്പിച്ചിരുന്നു. ഈ പ്രശ്നത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയുള്ള സമൻസ് അയക്കലിന് നിയമപ്രാബല്യം നൽകുന്നത്. തപാലുകൾ നേരിട്ടു കൈപ്പാതിരിക്കുയോ പൊലീസ് എത്തിയാൽ മുങ്ങുകയോ ചെയ്യുന്നവരുടെ വാട്സ്ആപിലേക്കും സമൻസെത്തും. കോവിഡ് മഹാമാരി പോലുള്ള ഗുരുതര സാഹചര്യങ്ങളിൽ സമൻസ് എത്തിക്കലിന് ഇത്തരം ഇലക്ട്രോണിക് രീതികൾ ഗുണകരമാകുമെന്ന് നേരത്തേ സംസ്ഥാന പൊലീസ് മേധാവിയും ശിപാർശ ചെയ്തിരുന്നു.
രേഖകൾ ഹാജരാക്കുന്നതിനുള്ള നോട്ടീസ് സംബന്ധിച്ചതാണ് ക്രിമിനൽ നടപടി ചട്ടത്തിലെ വകുപ്പ് 91. ഇതനുസരിച്ചു രേഖകൾ ഹാജരാക്കാനുള്ള സമൻസും നേരിട്ടോ തപാൽ വഴിയോ ആണ് ഇപ്പോൾ അയക്കുന്നത്. ഇതിലും ഇലക്ട്രോണിക് മാധ്യമങ്ങളുടെ സാധ്യത കൂടി പ്രയോജനപ്പെടുത്തും. പദ്ധതി നടപ്പാക്കുന്നതോടെ വാദികളുടെയും പ്രതികളുടെയും മൊബൈൽ നമ്പറും ഇനി കേസിനൊപ്പം ചേർക്കേണ്ടി വരും.
2019 ലെ മോട്ടോർ വാഹന നിയമ ഭേദഗതിയോടെ പല ഗതാഗതക്കുറ്റങ്ങൾക്കുമുള്ള പിഴകൾ പതിന്മടങ്ങ് വർധിച്ചിരുന്നു. അതേസമയം, ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതികൾക്ക് ഇത്തരം കേസുകളിൽ പരമാവധി വിധിക്കാവുന്ന പിഴ നിലവിലെ ചട്ടപ്രകാരം 10,000 രൂപയാണ്. എന്നാൽ, പുതിയ ഭേദഗതി പ്രകാരം 10,000 ന് മുകളിൽ പിഴ ചുമത്തപ്പെട്ട വ്യക്തി, തുക അടക്കാൻ തയാറാവാതിരിക്കുകയും ഇത്തരം കേസുകൾ കോടതിയിലെത്തുകയും ചെയ്യുന്ന ഘട്ടത്തിൽ 10,000 രൂപയേ കോടതികൾക്കും പിഴ വിധിക്കാനാകുന്നുള്ളൂ. ഇത് മോട്ടോർ വാഹന ഭേദഗതിയുടെ യഥാർഥ ലക്ഷ്യത്തിന് വിരുദ്ധവും ഒപ്പം സർക്കാർ ഖജനാവിന് നഷ്ടമുണ്ടാക്കുന്നതുമാണെന്നാണ് സർക്കാർ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ഒന്നാം ക്ലാസ് മജിട്രേറ്റ് കോടതികൾക്ക് വിധിക്കാവുന്ന പിഴയുടെ പരിധി വർധിപ്പിക്കും വിധത്തിൽ ചട്ടം ഭേദഗതി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.