തൃശൂർ: ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐ ഇലക്ടറൽ ബോണ്ട് വിഷയത്തിൽ നടത്തുന്ന ഒളിച്ചുകളി പൊളിക്കുന്ന മറ്റൊരു വിവരംകൂടി പുറത്ത്. ബോണ്ടുമായി ബന്ധപ്പെട്ട രേഖകളെല്ലാം പുണെയിലെ ഹെഡ് ക്വാർട്ടേഴ്സിൽ സൂക്ഷിച്ചിരിക്കുകയാണെന്നും ഇനം തിരിച്ച് പട്ടിക തയാറാക്കണമെങ്കിൽ ജൂൺ അവസാനംവരെ സമയം വേണമെന്നും ബാങ്ക് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത് ആർക്കുവേണ്ടിയാണെന്ന സംശയമാണ് ബാങ്കിന്റെത്തന്നെ പഴയൊരു രേഖ ഉയർത്തുന്നത്.
ഡിജിറ്റൽ കാലത്ത് ഏതാനും മണിക്കൂറുകൾകൊണ്ട് ലഭ്യമാകുന്ന വിവരത്തിന് ഇത്രയും വലിയ കാലാവധി ബാങ്ക് ആവശ്യപ്പെട്ടത് ലോക്സഭ തെരഞ്ഞെടുപ്പ് കഴിയാൻ വേണ്ടിയാണെന്നും ‘ചിലർക്ക്’ ഉണ്ടാകുന്ന പ്രയാസങ്ങൾ ഒഴിവാക്കാനുമാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. 2018 ജൂൺ 25ന് കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട് സാമ്പത്തികകാര്യ ഡയറക്ടറേറ്റിന് അയച്ച കത്തിൽ എസ്.ബി.ഐ നൽകിയ വിവരംതന്നെയാണ് ഇപ്പോൾ ബാങ്കിങ് മേഖലയിലെ വിദഗ്ധരും നിരീക്ഷകരും തുറന്നുകാട്ടുന്നത്. ഈ കത്തിൽ, എസ്.ബി.ഐ ഇലക്ടറൽ ബോണ്ടിനുള്ള ഐ.ടി സിസ്റ്റം വികസിപ്പിക്കാൻ 60,43,005 രൂപ ചെലവഴിച്ചെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബർ 22ന് സൂറത്ത് സ്വദേശി സജീവ് ബി. ഇഴവ, വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷക്ക് ആറുദിവസംകൊണ്ട് എസ്.ബി.ഐ ആറു വർഷത്തെ ഇലക്ടറൽ ബോണ്ടിന്റെ വിശദാംശങ്ങൾ നൽകിയിട്ടുണ്ട്.
ഇതിൽ നൽകിയ ഒരു വിവരം ഇലക്ടറൽ ബോണ്ട് ഇടപാടിലെ ദുരൂഹതയിലേക്ക് വിരൽ ചൂണ്ടുകയും ചെയ്യുന്നു. കോയമ്പത്തൂർ ആസ്ഥാനമായ ‘ഫ്യൂച്ചർ ഗെയ്മിങ് ആൻഡ് ഹോട്ടൽ സർവിസസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്ഥാപനം ‘പ്രുഡന്റ് ഇലക്ടറൽ ട്രസ്റ്റ്’ എന്ന സ്ഥാപനത്തിന് 100 കോടി രൂപ സംഭാവന ചെയ്തതായി കാണിച്ചിട്ടുണ്ട്.
കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന്റെ അംഗീകാരമുള്ള ഇലക്ടറൽ ട്രസ്റ്റ് സ്കീമിന്റെ അംഗീകാരമുള്ള സ്ഥാപനമാണ് ഇതെന്നാണ് പറയുന്നത്. ഈ ട്രസ്റ്റ് രാഷ്ട്രീയ പാർട്ടികളുടെയോ ഏതെങ്കിലും കേന്ദ്ര ഏജൻസികളുടെയോ ഇടനിലക്കാരാണോയെന്ന ചോദ്യമാണ് ബാങ്കിങ് വിദഗ്ധർ ഉയർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.