കൊച്ചി: ആൺകുട്ടിയുണ്ടാകാൻ ശാരീരിക ബന്ധത്തിൽ ഏർപ്പെടേണ്ട രീതി നിർദേശിച്ച് വിവാഹത്തിന്‍റെ ആദ്യ ദിവസം തന്നെ ഭർതൃവീട്ടുകാർ കുറിപ്പ് കൈമാറിയെന്ന ആരോപണം ശരിയെങ്കിൽ ഞെട്ടിപ്പിക്കുന്നതെന്ന് ഹൈകോടതി. ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ നടപടി ആവശ്യപ്പെട്ട് കൊല്ലം സ്വദേശിനിയായ 39കാരി നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ.
കുടുംബക്ഷേമ വകുപ്പിന് കീഴിലെ പ്രീ നേറ്റൽ ഡയഗ്നോസ്റ്റിക് ഡിവിഷൻ അഡീ. ഡയറക്ടർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ഹരജി നൽകിയത്. ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം വിലക്കുന്ന നിയമ പ്രകാരം നടപടി സ്വീകരിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ഹരജി. ഇതിൽ ഈ നിയമം ബാധകമാകുമോയെന്ന് വ്യക്തമല്ലെന്ന് പറഞ്ഞ കോടതി, ഭർതൃവീട്ടുകാർക്ക് പ്രത്യേക ദൂതൻ മുഖേന നോട്ടീസ് അയച്ചു. ഹരജി വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും.
2012 ഏപ്രിൽ 12നായിരുന്നു മൂവാറ്റുപുഴ സ്വദേശിയുമായി ഹരജിക്കാരിയുടെ വിവാഹം. ഇംഗ്ലീഷ് മാസികയിൽ വന്ന കുറിപ്പ് മലയാളത്തിലാക്കി അന്ന് വൈകീട്ട് ഭർത്താവും മാതാപിതാക്കളും കൂടി തനിക്ക് നൽകുകയായിരുന്നു. ഭർത്താവുമെന്നിച്ച് ലണ്ടനിൽ താമസിക്കവെ ഗർഭിണിയായതിനെ തുടർന്ന് യുവതി നാട്ടിലേക്ക് മടങ്ങി. 2014ൽ പെൺകുട്ടി ജനിച്ചതോടെ ഭർത്താവിന്‍റെയും വീട്ടുകാരുടേയും ഉപദ്രവം വർധിച്ചതായും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.