പറവൂർ: റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ കേസിൽ ഒളിവിൽപോയ പ്രതി കോടതിയിൽ കീഴടങ്ങി. എറണാകുളം എക്സ്സൈസ് കമീഷണർ ഓഫിസിലെ ഉദ്യോഗസ്ഥൻ കോട്ടുവള്ളി വാണിയക്കാട് അറയ്ക്കപറമ്പ് വീട്ടിൽ അനീഷാണ്(35) കീഴടങ്ങിയത്. റഷ്യയിലെ കമ്പനിയിൽ ഇലക്ട്രീഷ്യൻ ജോലി വാഗ്ദാനം ചെയ്ത് കൈതാരം സ്വദേശികളായ രണ്ട് യുവാക്കളിൽനിന്ന് 2,63,000 രൂപ വീതം കൈപ്പറ്റി.
ജോലി ലഭിക്കാതിരുന്നതിനാൽ യുവാക്കൾ പൊലീസിൽ പരാതിനൽകി. ജാമ്യാപേക്ഷ നിരസിച്ചതിനാൽ അനീഷ് കഴിഞ്ഞദിവസം കോടതിയിൽ കീഴടങ്ങി. കോടതി റിമാൻഡ് ചെയ്തു. തുടർന്ന് അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിൽവാങ്ങി. പണം നഷ്ടമായ മറ്റു മൂന്നുപേർ കൂടി ഇയാൾക്കെതിരെ പറവൂർ പൊലീസിൽ കേസ് കൊടുത്തിട്ടുണ്ട്.
അനീഷ് ഉൾപ്പെടെ ഒരുസംഘം തട്ടിപ്പിന് പിന്നിലുണ്ടെന്നും ഒട്ടേറെപ്പേർക്ക് പണം നഷ്ടമായിട്ടുണ്ടെന്നും ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ടെന്നും സംഘത്തിലെ മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.