കാസർകോട്: പ്രവാസികളെ കുരുക്കാൻ പുതിയ തട്ടിപ്പുമായി ഒരുകൂട്ടർ. ഒരാഴ്ചമുമ്പ് നാട്ടിൽനിന്ന് ഖത്തറിലേക്ക് വന്ന യുവാവിന്റെ പ്രശ്നത്തിൽ ഇടപെട്ടപ്പോഴാണ് ഖത്തറിലെ സന്നദ്ധ സംഘടന വഴി ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്. നാട്ടിൽനിന്ന് ട്രാവൽ ഏജൻസി മുഖേന വിസയെടുത്ത് വിദേശത്തേക്കുപോയ യുവാവ് താമസത്തിനും മറ്റും മലയാളികളെ സമീപിച്ചപ്പോൾ അവർ യാത്രാരേഖകൾ പരിശോധിച്ചു. പിന്നീട് വിസയിലെ കോൺടാക്ട് നമ്പറിൽ ബന്ധപ്പെട്ടപ്പോൾ ഈ യാത്രക്കാരനെക്കുറിച്ച് ഒരറിവും ആ പ്രവാസിക്കുണ്ടായിരുന്നില്ല. പ്രവാസിയുടെ രേഖകൾ ഉപയോഗിച്ചാണ് യുവാവ് ഖത്തറിലേക്ക് വന്നതെന്ന് അപ്പോഴാണ് മനസ്സിലായത്. ഇതേപ്പറ്റി യുവാവിനോട് ചോദിച്ചപ്പോൾ ട്രാവൽ ഏജൻസി വഴിയാണ് വിസ തരപ്പെട്ടതെന്ന് പറഞ്ഞു.
പ്രവാസി തന്റെ കുടുംബത്തെ ഖത്തറിലേക്ക് കൊണ്ടുവരാൻ ഒരു ട്രാവൽസിന് ആവശ്യമായ രേഖകൾ മുഴുവൻ കൊടുക്കുകയും അവർ മുഖേന ടിക്കറ്റ് എടുത്ത് കുടുംബം ഖത്തറിൽ വന്ന് തിരിച്ചുപോവുകയും ചെയ്തിരുന്നു. ഈ രേഖകൾ ഉപയോഗിച്ചാണ് ഈ യുവാവിന് മറ്റൊരു ട്രാവൽസ് വിസ ശരിയാക്കി ഖത്തറിലെത്തിച്ചത്.
ഖത്തറിൽ വിസിറ്റ് വിസ അനുവദിക്കുന്നത് എ വൺ വിസ എന്നപേരിലാണ്. പ്രസ്തുത വിസയിൽ ഖത്തറിൽ വരാൻ പല രീതികളുമുണ്ട്. ഒന്ന് ഹോട്ടൽ ബുക്കിങ്, രണ്ടാമത്തേത് ബന്ധപ്പെട്ട ഒരാൾ അദ്ദേഹത്തിനുവേണ്ട താമസസൗകര്യം ഉൾപ്പെടെ ഏറ്റെടുക്കുന്ന വിധത്തിൽ രേഖ സമർപ്പിച്ച് എടുക്കുന്ന രീതി.
മുമ്പ് ഖത്തറിൽ വന്ന രേഖയിൽ കൃത്രിമം കാണിച്ചാണ് യുവാവിനെ ട്രാവൽ ഏജൻസി ഇവിടെയെത്തിച്ചത്. ഈ യാത്രക്കാരൻ വല്ല കുറ്റവും മറ്റും ചെയ്താൽ വിസയിലെ രേഖയിലുള്ള പ്രവാസിയാകും കുടുങ്ങുക.
ഭാഗ്യംകൊണ്ടാണ് പ്രവാസി രക്ഷപ്പെട്ടത്. നാട്ടിൽ ഇദ്ദേഹം ടിക്കറ്റെടുത്ത ട്രാവൽസുമായും ബന്ധുക്കളുമായും ബന്ധപ്പെടുകയും വിവരങ്ങളറിയുകയും ചെയ്തു. നാട്ടിൽനിന്ന് വന്ന വ്യക്തിക്കും രേഖയിലെ പ്രവാസിക്കും മറ്റു പ്രശ്നങ്ങൾ വന്നാൽ വിസക്കുവേണ്ടി കൊടുത്ത രേഖകളിലുള്ള വ്യക്തി കുടുങ്ങും എന്നുള്ളതുകൊണ്ടുതന്നെ യുവാവിനെ ഉടൻതന്നെ ടിക്കറ്റെടുത്ത് സന്നദ്ധപ്രവർത്തകർ നാട്ടിലേക്ക് കയറ്റിവിട്ടു.
നാട്ടിൽനിന്ന് ഈ യുവാവിനെ കയറ്റിവിട്ട ട്രാവൽസിനെതിരെ പരാതി കൊടുക്കാനാണ് പ്രവാസിയുടെ തീരുമാനം. എംബസിയിലും ജില്ല പൊലീസ് സൂപ്രണ്ടിനും പരാതി നൽകുമെന്നും ഇവർ പറഞ്ഞു.
വിദ്യാനഗർ പൊലീസ് ആരോപണവിധേയമായ ട്രാവൽ ഏജൻസി ഉടമയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.