തിരുവനന്തപുരം: മാസപ്പടി ആരോപണത്തിൽ മുഖ്യമന്ത്രിയുടെ മകളിലേക്ക് കേന്ദ്ര അന്വേഷണം നീളുകയും രാഷ്ട്രീയ വിവാദം കത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രതിരോധമൊരുക്കാൻ പാർട്ടി കേഡറുകളെ സജ്ജമാക്കി സി.പി.എം. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി അണികളെ സജ്ജമാക്കുന്നതിനുള്ള ശിൽപശാലകളിലേക്കായി തയാറാക്കിയ രേഖയിലാണ് ‘എക്സാലോജിക് വിഷയത്തിലെ ‘എക്സ്ട്രാ’ വിശദീകരണങ്ങൾ. നേതാക്കളുടെ ബന്ധുക്കൾ ഉൾപ്പെടുന്ന വിവാദങ്ങളിൽനിന്ന് പാർട്ടി അകന്നുനിൽക്കുമ്പോൾ, മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി പിണറായിയുടെ മകൾക്കെതിരായ ആക്രമണങ്ങളെ ചെറുക്കാൻ സി.പി.എം രംഗത്തിറങ്ങുന്നെന്നതും കൗതുകം.
മുഖ്യമന്ത്രിയുടെ മകൾക്കെതിരെയുള്ള അന്വേഷണം പാർട്ടിക്കും സർക്കാറിനുമെതിരെയുള്ള നീക്കം എന്ന നിലയിലാണ് പ്രതിരോധം. വീണയുടെ കമ്പനിയും സി.എം.ആർ.എല്ലും തമ്മിലുള്ള ഇടപാടുകളെ ന്യായീകരിക്കുന്ന രേഖ, കേന്ദ്രനീക്കം മുഖ്യമന്ത്രിയെ ലക്ഷ്യംവെച്ചുള്ള രാഷ്ട്രീയ നീക്കവും വസ്തുതകളെ വളച്ചൊടിക്കലുമാണെന്നാണ് ആരോപണം. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ കേന്ദ്ര ഏജൻസികൾ സംഘടിത ശ്രമം നടത്തുകയാണെന്നും രേഖ വിശദീകരിക്കുന്നു.
സ്വർണക്കടത്ത് കേസ് മുതലുള്ള കേന്ദ്ര നീക്കങ്ങളുടെ ശൃംഖലയിലേക്ക് വീണക്കെതിരായ മാസപ്പടി ആരോപണം കൂടി ചേർത്താണ് സി.പി.എം എണ്ണുന്നത്. മുഖ്യമന്ത്രിയെ വ്യക്തിപരമായി തേജോവധം ചെയ്യുക എന്ന ലക്ഷ്യത്തോടെ നിരവധി കള്ളക്കഥകൾ മെനയുന്ന രീതി കേന്ദ്ര ഏജൻസികൾ സ്വീകരിച്ചിട്ടുണ്ട്.
സ്വർണക്കടത്ത് അന്വേഷിക്കാൻ കേന്ദ്രസർക്കാറിനോട് സംസ്ഥാന സർക്കാർ നിർദേശിച്ചത് ഈ സ്വർണം എവിടെനിന്ന് വന്നു, ആരിലേക്കെത്തി തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ച് വ്യക്തത വരുത്താനാണ്. എന്നാൽ, ശരിയായ അന്വേഷണത്തിനു പകരം അതുപയോഗിച്ച് മുഖ്യമന്ത്രിയെയും പാർട്ടിയെയും തേജോവധം ചെയ്യാനാണ് അവർ ശ്രമിച്ചതെന്നും രേഖ കുറ്റപ്പെടുത്തുന്നു.
‘‘വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ എക്സാലോജിക് കമ്പനിയുടെ ഇടപാടുകളെ പോലും വക്രീകരിക്കാനുള്ള നടപടികളാണ് സ്വീകരിച്ചത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയത്തിൽ ഇക്കാര്യത്തിൽ അവരുടെ വാദം പോലും കേൾക്കാതെയാണ് പ്രചാരണം നടത്തിയത്. ഇത്തരത്തിൽ സംസ്ഥാനത്തിന്റെ വികസനപ്രവർത്തനത്തെയും സംസ്ഥാന സർക്കാറിനെയതും തേജോവധം ചെയ്യുകയെന്നത് തങ്ങളുടെ രാഷ്ട്രീയ അജണ്ടയായിതന്നെ ഇവർ മുന്നോട്ടുവെക്കുകയാണ്....’’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.