കാക്കനാട്: കളമശ്ശേരി മെഡിക്കൽ കോളജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദത്തിൽ കുഞ്ഞിനെ നിലവിൽ ഏറ്റെടുക്കാനാകില്ലെന്ന് മാതാവ്. കഴിഞ്ഞ ദിവസം ശിശു ക്ഷേമ സമിതി (സി.ഡബ്ല്യു.സി) മുമ്പാകെ മൊഴി നൽകാനെത്തിയപ്പോഴായിരുന്നു മാതാവ് ഇക്കാര്യം വ്യക്തമാക്കിയത്. തൽക്കാലത്തേക്ക് ഏറ്റെടുക്കാനാകില്ലെന്നും അതുവരെ സർക്കാർ സംരക്ഷിക്കണമെന്നുമായിരുന്നു യുവതി സി.ഡബ്ല്യു.സിയോട് ആവശ്യപ്പെട്ടത്.
ദത്ത് നടപടിയുമായി മുന്നോട്ട് പോകുന്നതിനിടെയാണ് മാതാവ് ശിശു സംരക്ഷണ സമിതിക്ക് മുന്നിൽ ഹാജരായത്. കുഞ്ഞിനെ സംരക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കൈമാറിയതെന്നും മൊഴി നൽകിയിട്ടുണ്ട്. ഇതോടെ ദത്ത് നടപടികൾ നിർത്തിവെച്ചതായും യുവതിയുടെ ആവശ്യം പരിഗണിച്ച് കുഞ്ഞിന് തുടർന്നും സംരക്ഷണമൊരുക്കുമെന്നും സമിതി ചെയർമാൻ കെ.കെ. ഷാജു വ്യക്തമാക്കി.
വ്യാജ സർട്ടിഫിക്കറ്റ് നൽകിയ സംഭവം വിവാദമായതിന് പിന്നാലെ കുഞ്ഞിനെ കൈമാറിയിരുന്ന തൃപ്പൂണിത്തുറയിലെ ദമ്പതികളിൽനിന്ന് സി.ഡബ്ല്യു.സി കുഞ്ഞിനെ ഏറ്റെടുക്കുകയും മാതാപിതാക്കളോട് നേരിട്ട് ഹാജരാകാനും നിർദേശിച്ചിരുന്നു. കഴിഞ്ഞയാഴ്ച കുഞ്ഞിന്റെ പിതാവ് സി.ഡബ്ല്യു.സി മുമ്പാകെ ഹാജരായി പങ്കാളിയെ വിവാഹം കഴിച്ചിട്ടില്ലെന്നും വളര്‍ത്താന്‍ ബുദ്ധിമുട്ടുള്ളതിനാലാണ് ദമ്പതികൾക്ക് കൈമാറിയതെന്നും മൊഴി നൽകി. ഇതിനെ സാധൂകരിക്കുന്നതാണ് കഴിഞ്ഞദിവസം യുവതി നൽകിയ മൊഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.