കൊച്ചി: കളമശ്ശേരി ഗവ. മെഡിക്കൽ കോളജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദത്തിൽ കുഞ്ഞിന്റെ പിതാവിന്റെ മൊഴിയിൽ അന്വേഷണം തുടങ്ങി. ഇയാളുടേതായി പുറത്തുവന്ന ശബ്ദരേഖ അടക്കം പരിശോധിക്കാനാണ് തീരുമാനം. കുഞ്ഞിനെ കൈമാറിയതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകളൊന്നും നടന്നിട്ടില്ലെന്നും ഇടനിലക്കാരനില്ലെന്നുമാണ് മൊഴി. കുഞ്ഞിന്റെ അമ്മ സംസ്ഥാനത്തുതന്നെയുണ്ടെന്നും ഇയാൾ പറയുന്നു. തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് സ്വമേധയാ കുഞ്ഞിനെ കൈമാറിയതാണ്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയോടും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് ഇയാൾ വിശദീകരിക്കുന്നു. കുഞ്ഞിന്റെ അമ്മയെ വിവാഹം കഴിച്ചിരുന്നില്ല. കുഞ്ഞിനെ സംരക്ഷിക്കാനുള്ള സാമ്പത്തിക പ്രയാസമുണ്ടായിരുന്നു.
അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, മാനുഷിക പരിഗണനയിലാണ് കുഞ്ഞുങ്ങളില്ലാത്ത അനൂപിന് കൈമാറിയത്. മെഡിക്കൽ കോളജ് സൂപ്രണ്ട് ഓഫിസിലെ ജീവനക്കാരനായ അനിൽകുമാറിനെ മുൻപരിചയമില്ലെന്നും ഇയാൾ മാധ്യമങ്ങളോട് വിശദീകരിക്കുന്നു. കുഞ്ഞിന്റെ മാതാവ് പത്തനംതിട്ട സ്വദേശിനിയാെണന്ന് കണ്ടെത്തിയിരുന്നു. പ്രസവത്തിനുമുമ്പ് ഇവർ ആലുവ അമ്പാട്ടുകാവിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. അതുകൊണ്ടാണ് ആശുപത്രിയിൽ അമ്പാട്ടുകാവിലെ വിലാസം നൽകിയത്. സംഗീത ഗ്രൂപ്പിലെ അംഗമായ തൃപ്പൂണിത്തുറ സ്വദേശിയാണ് ഇവർക്ക് സഹായങ്ങൾ ചെയ്തിരുന്നത്. കുഞ്ഞിനെ കൈവശം വെച്ചിരുന്ന ഗായകനായ തൃപ്പൂണിത്തുറ സ്വദേശി അനൂപുമായി ഇയാള്‍ക്ക് പരിചയമുണ്ടായിരുന്നു. അങ്ങനെയാണ് യഥാര്‍ഥ മാതാപിതാക്കള്‍ക്ക് കുഞ്ഞിനെ ഒഴിവാക്കേണ്ട സാഹചര്യമുണ്ടെന്ന വിവരം ഇയാള്‍ അനൂപിനെ അറിയിക്കുന്നതും കൈമാറിയതെന്നുമാണ് വിവരം.
കൃത്രിമരേഖയുണ്ടാക്കിയതുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് അന്വേഷണവും പുരോഗമിക്കുകയാണ്. വ്യാജ രേഖ ചമച്ചതുമായി ബന്ധപ്പെട്ട് പൊലീസ് ഏതാനും പേരുടെ മൊഴിയെടുത്തിട്ടുണ്ട്. കുഞ്ഞിനെ കൈവശം വെച്ചിരുന്ന തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികളും കേസിൽ പ്രതി ചേർക്കപ്പെട്ട അനിൽകുമാറും ഒളിവിലാണ്. മൂവരുടെയും മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ല കോടതി വെള്ളിയാഴ്ച പരിഗണിക്കും. അനിൽകുമാറിനുപുറമെ മെഡിക്കൽ റെക്കോഡ്സ് വിഭാഗത്തിലെ ജീവനക്കാരുടെ പങ്കും പൊലീസ് പരിശോധിക്കുന്നുണ്ട്. അതിനിടെ, വ്യാജ ജനന സർട്ടിഫിക്കറ്റ് പരാതിയിൽ ആരോഗ്യവകുപ്പ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നിയമിച്ച സമിതിയുടെ റിപ്പോർട്ട് ഉടൻ ആരോഗ്യവകുപ്പിന് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.