മലപ്പുറം: കേരളത്തിലെ മദ്റസ ജീവനക്കാർക്ക് ശമ്പളം നൽകുന്നത് സംസ്ഥാന സർക്കാറാണെന്ന വ്യാജപ്രചാരണം ഇടവേളക്കുശേഷം വീണ്ടും സജീവമാകുന്നു. മദ്റസ ജീവനക്കാർക്ക് സർക്കാർ പ്രത്യേക പരിഗണനയും ഉയർന്ന ശമ്പളവും ആനുകൂല്യങ്ങളും നൽകുന്നുണ്ടെന്ന തരത്തിലാണ് പ്രചാരണം. സത്യാവസ്ഥ അറിയാതെ പലരും സമൂഹിക മാധ്യമങ്ങളിൽ ഇവ വ്യാപകമായി പങ്കുവെക്കുന്നുണ്ട്.
പള്ളികളിലെ ജീവനക്കാർക്ക് വേതനം നൽകുന്നതും സർക്കാർ ഗ്രാൻഡ് കൊണ്ടാണെന്ന പ്രചാരണവും നടക്കുന്നുണ്ട്. എന്നാൽ, സർക്കാറിൽനിന്ന് ലഭിച്ച വിവരാവകാശ മറുപടികളിലും നിയമസഭ രേഖകളിലും ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാണ്.
മദ്റസ ജീവനക്കാരുടെ വേതനം സർക്കാർ തലത്തിലല്ല നൽകുന്നതെന്നും ബന്ധപ്പെട്ട മാനേജ്മെന്റ് കമ്മിറ്റികളാണ് വേതനവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതെന്നും മലപ്പുറം സ്വദേശി മച്ചിങ്ങൽ മുഹമ്മദിന് ധനവകുപ്പിൽനിന്ന് ലഭിച്ച വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നുണ്ട്. മദ്റസ അധ്യാപക ക്ഷേമനിധിയിലേക്ക് 2022-23ൽ സർക്കാർ ഗ്രാൻഡ് നൽകിയിട്ടില്ലെന്നും ഈ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
മദ്റസ അധ്യാപകര്‍ക്ക് ശമ്പളവും അലവന്‍സുകളും നല്‍കുന്നത് സര്‍ക്കാറല്ലെന്നും മാനേജുമെന്റുകളാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് നേരത്തേ നിയമസഭയിലും വ്യക്തമാക്കിയതാണ്. നിയസഭയിൽ എം.എൽ.എമാരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയിലും ഇക്കാര്യം സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.