കേളകം: ഇരട്ടത്തോട് ബാവലിപ്പുഴക്കയത്തിൽ അച്ഛനും മകനും മുങ്ങി മരിച്ച സംഭവം നാടിനെ നടുക്കി. ഇരിട്ടി എ.ജെ ഗോള്‍ഡ് ജീവനക്കാരനായ ഒറ്റപ്ലാവ് സ്വദേശി നെടുമറ്റത്തിൽ ലിജോ ജോസ്, ആറു വയസ്സുകാരൻ മകൻ നെബിൻ ജോസ് എന്നിവരുടെ ദാരുണ മരണം മലയോരത്തെ ദു:ഖസാന്ദ്രമാക്കി. തന്റെ മകൻ നെബിനെയുമെടുത്ത് പരിചയമില്ലാത്ത ബാവലിപ്പുഴയിലെ ഇരട്ടത്തോട് കയത്തിൽ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിത്താഴുകയായിരുന്നു. ഇവരോടൊപ്പം പുഴയിലെത്തിയ മറ്റ് രണ്ടു കുട്ടികൾ അപകടം കണ്ട് അലറി വിളിച്ചതോടെയാണ് ദുരന്തം നാടറിയുന്നത്. ദിനേന നൂറുക്കണക്കിന് പേർ കുളിക്കാനെത്തുന്ന പുഴയാണിത്.
നാട്ടുകാരും പൊലീസും ദീർഘനേരം തിരച്ചിൽ നടത്തിയാണ് ഇരുവരെയും കരക്കെത്തിക്കുന്നത്. ആശുപത്രിയിൽ എത്തിക്കും മുമ്പെ ഇരുവരുടെയും ജീവൻ പൊലിഞ്ഞു. അഗ്നിരക്ഷാ സേന, ആംബുലൻസ് എത്താൻ വൈകിയതായും പരാതിയുണ്ട്. ശനിയാഴ്ച രാവിലെ 11നാണ് അപകടം. ചുങ്കക്കുന്ന് പാലത്തിനടുത്ത് തടയണകെട്ടി വെള്ളം കെട്ടിനിർത്തിയിരുന്നു. ഇവിടെ കുളിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും. മകനെ ചുമലിൽ ഇരുത്തി പുഴയിലിറങ്ങിയപ്പോൾ കാൽ തെറ്റി ആഴത്തിലേക്ക് പതിക്കുകയായിരുന്നു. ഇരട്ടത്തോട് പാലത്തിന്റെ തൂണിന് സമീപത്തെ കയത്തിൽ അകപ്പെട്ടതിൽ ആദ്യം ലിജോയെയാണ് കണ്ടെത്തിയത്. തുടർന്ന് ദീർഘനേരത്തെ തിരച്ചിലിലാണ് ചലനമറ്റ നെബിനെ കരക്കെത്തിച്ചത്.
ഡിവൈ.എസ്.പി എ.വി. ജോണിന്റെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ. മകൻ ലിജോയും, കൊച്ചു മകൻ നെബിനും പുഴയിൽ മുങ്ങിത്താണതറിഞ്ഞ ലിജോയുടെ പിതാവ് ജോസിന്റെ വിലാപം കണ്ടുനിന്നവരെ കണ്ണീരിലാഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.