പാലാ: മേലുകാവ് ഇരുമാപ്രാ പള്ളിക്ക് സമീപം മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. മകനെ തലക്കടിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിലായി. മൂന്നിലവ് കൊന്നക്കൽ ചാക്കോയാണ് (പാപ്പൻ-68) അറസ്റ്റിലായത്. ഇളയ മകൻ ജോൺസൺ ജോബിയാണ് (ഗോവിന്ദൻ -37) കൊല്ലപ്പെട്ടത്.
ശനിയാഴ്ചയാണ് മേലുകാവ് കോണിപ്പാട്- ഇരുമാപ്രാ റോഡിൽ പള്ളിക്ക് സമീപം കൊക്കയിൽ 20 അടിയോളം താഴ്ചയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. വയറ്റിൽ പ്ലാസ്റ്റിക് കയർ കെട്ടിയ നിലയിലായിരുന്ന മൃതദേഹത്തിന് രണ്ടു ദിവസത്തിലേറെ പഴക്കവുമുണ്ടായിരുന്നു.
സ്ഥിരം മദ്യപാനിയായ ജോൺസൺ മാതാപിതാക്കളെ ശല്യപ്പെടുത്തുന്നത് പതിവായിരുന്നു. ശല്യം മൂലം ചാക്കോയും ഭാര്യയും ചാക്കോയുടെ മാതാവും മൂന്നിലവ് എട്ടൊന്നിൽ വാടകവീട്ടിലായിരുന്നു താമസം. കഴിഞ്ഞ ഒമ്പതിന് ചാക്കോയുടെ വീട്ടിലെത്തിയ ജോൺസൺ പിതാവുമായി വഴക്കുണ്ടാക്കി. ഇതിനിടെ ചാക്കോ കമ്പിവടിക്ക് ജോൺസെൻറ കാലിൽ അടിച്ചു. ബുധനാഴ്ച രാത്രി ഒമ്പതോടെ ജോൺസൺ വീണ്ടും മൂന്നിലവിലെ വീട്ടിലെത്തുകയും സാധനസാമഗ്രികൾ നശിപ്പിക്കുകയും ചെയ്തു. ഇതിനിടെ ജോൺസനെ ചാക്കോ ചുറ്റികകൊണ്ട് തലക്ക് പിന്നിൽ ഇടിച്ചു.
മറിഞ്ഞുവീണപ്പോൾ ചെവിയുടെ ഭാഗത്തും അടിച്ചു. ഇതോടെ ജോൺസൺ മരിക്കുകയായിരുന്നു. സംഘർഷം കണ്ടുനിന്ന ചാക്കോയുടെ മാതാവ് കുഴഞ്ഞുവീണു. ഉടൻ ഈരാറ്റുപേട്ടയിലെ പി.എം.സി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
തുടർന്ന് മൃതദേഹം സഹോദരെൻറ അഞ്ചുകുടിയാറിലുള്ള വീട്ടിൽ എത്തിച്ച ശേഷം ചാക്കോ തിരികെ വാടകവീട്ടിലെത്തി പുലർച്ച മൂന്നോടെ ജോൺസെൻറ മൃതദേഹം പാസ്റ്റിക് കയർകെട്ടി വലിച്ച് ജീപ്പിൽ കയറ്റി മൂന്ന് കിലോമീറ്റർ അകലെ വിജനമായ ഇരുമാപ്രായിലെ കൊക്കയിൽ തള്ളുകയായിരുന്നു. പിന്നീട് സഹോദരെൻറ വീട്ടിലെത്തി മാതാവിെൻറ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
ഇതിനിടെയാണ് ശനിയാഴ്ച നാട്ടുകാർ മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹം തിരിച്ചറിഞ്ഞ് പൊലീസ് നടത്തിയ അന്വേഷണത്തിൽ 11ന് രാത്രി ഓട്ടോയിൽ ജോൺസൺ മൂന്നിലവിൽ വന്നതായും രാത്രി വീട്ടിൽ വഴക്കുണ്ടായതായും വിവരം ലഭിച്ചിരുന്നു. ചാക്കോയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകം വ്യക്തമായത്. വാടകവീട്ടിൽനിന്ന് രക്തക്കറ കണ്ടെടുത്തിട്ടുണ്ട്. കെട്ടിവലിച്ച കയറിെൻറ ബാക്കി ഭാഗങ്ങളും കണ്ടെടുത്തു. ചാക്കോയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. കോട്ടയം പൊലീസ് മേധാവി ജയദേവിെൻറ നേതൃത്വത്തിലായിരുന്നു അന്വേഷണം.
പാലാ ഡിവൈ.എസ്.പി ഷാജിമോൻ ജോസഫ്, മേലുകാവ് എസ്.ഐ ലെബിമോൻ, നൗഷാദ്, സുനിൽ, പാലാ എസ്.ഐ ഹാഷിം, തോമസ് സേവ്യർ, അരുൺചന്ദ്, ബിജു, രാംദാസ് എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.