കൊട്ടിയൂര്‍ പീഡനം: വയനാട് ശിശുക്ഷേമസമിതി സര്‍ക്കാര്‍ പിരിച്ചുവിട്ടു

തിരുവനന്തപുരം: വയനാട് ശിശുക്ഷേമസമിതി സര്‍ക്കാര്‍ പിരിച്ചുവിട്ടു. കൊട്ടിയൂര്‍ പീഡനക്കേസിലെ മുഖ്യപ്രതി ഫാ. റോബിന്‍ വടക്കഞ്ചേരിയെ സഹായിച്ചെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യമായതിന്‍െറ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. പകരം കോഴിക്കോട് ശിശുക്ഷേമസമിതിക്ക് ചുമതല നല്‍കി. നടപടിയുടെ ഭാഗമായി ഫാ. തോമസ് തേരകത്തെ വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും സിസ്റ്റര്‍ ബെറ്റിയെ കമ്മിറ്റി അംഗം എന്ന സ്ഥാനത്തുനിന്നും പുറത്താക്കുകയും ചെയ്തു. പീഡനക്കേസുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ഉചിത നടപടി കൈക്കൊള്ളുമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ നേരത്തേ വ്യക്തമാക്കിയിരുന്നു. 

കുഞ്ഞിനെ കടത്താന്‍ ഉപയോഗിച്ച കാര്‍ കസ്റ്റഡിയിലെടുത്തു
കേളകം (കണ്ണൂര്‍): പ്ളസ് വണ്‍ വിദ്യാര്‍ഥിനി വൈദികന്‍െറ പീഡനത്തിനിരയായി പ്രസവിച്ച സംഭവത്തില്‍ കുഞ്ഞിനെ വൈത്തിരിയിലെ ദത്തെടുക്കല്‍ കേന്ദ്രത്തിലേക്ക് കടത്താന്‍ ഉപയോഗിച്ച ഇരിട്ടി ക്രിസ്തുദാസി കോണ്‍വെന്‍റിന്‍െറ ഉടമസ്ഥതയിലുള്ള മാരുതി വാന്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണ സംഘത്തലവന്‍ പേരാവൂര്‍  സി.ഐ സി. സുനില്‍ കുമാറിന്‍െറ നേതൃത്വത്തിലാണ്  ഇരിട്ടിക്ക് സമീപം കല്ലുമുട്ടിയില്‍ നിന്നും വാഹനം കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടി കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിയില്‍ പ്രസവിച്ച കുഞ്ഞിനെ ഏഴാം പ്രതി ഇരിട്ടി ക്രിസ്തുദാസി കോണ്‍വെന്‍റിലെ  സിസ്റ്റര്‍ അനീറ്റയാണ്  കാറോടിച്ച് ദത്തെടുക്കല്‍ കേന്ദ്രത്തിലത്തെിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം.

അതേസമയം, കേസിലെ ഒന്നാം പ്രതിയായ വൈദികന്‍ റോബിന്‍ വടക്കഞ്ചേരിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ്, കൂത്തുപറമ്പ് ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചു. അപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണിക്കും. നാല് ദിവസത്തേക്ക് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനും തെളിവുകള്‍ ശേഖരിക്കാനുമാണ് പൊലീസ് ഉദ്ദേശിക്കുന്നത്. 

ഇതിനിടെ, വയനാട്  ശിശുക്ഷേമ സമിതി  ചെയര്‍മാനായിരുന്ന ഫാ. തോമസ് തേരകം, കമ്മിറ്റിയംഗം സിസ്റ്റര്‍ ബെറ്റി എന്നിവരെ പ്രതികളാക്കി അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ഇവരെ സ്ഥാനങ്ങളില്‍നിന്നും നീക്കം ചെയ്തതോടെയാണ് പൊലീസ് നടപടി  തുടങ്ങിയത്. യഥാക്രമം ഒമ്പതും പത്തും പ്രതികളാക്കിയാണ് ഇവര്‍ക്കെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുക. കേസില്‍ കൂടുതല്‍ പേരില്‍നിന്നും പൊലീസ് മൊഴിയെടുത്തു.  ഒന്നാം പ്രതിയെ രക്ഷിക്കാന്‍ ഗൂഢാലോചന നടത്തിയ സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പൊലീസിനെ വെട്ടിച്ച് മുങ്ങിയ ഏഴ് പ്രതികള്‍ക്കായും പൊലീസ് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍ തുടരുന്നുണ്ട്.

കൊട്ടിയൂര്‍ പീഡനം: മൂന്നുപ്രതികള്‍ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കി
തലശ്ശേരി: കൊട്ടിയൂരില്‍ വൈദികന്‍ പ്ളസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പൊലീസ് ഗൂഡാലോചന കുറ്റം ചുമത്തിയ കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരും അഡ്മിനിസ്ട്രേറ്ററും മുന്‍ കൂര്‍ ജാമ്യ ഹരജി നല്‍കി. കേസിലെ മൂന്നാം പ്രതിയും ഗൈനക്കോളജിസ്റ്റുമായ സിസ്റ്റര്‍ ഡോ. ടെസി ജോസ്, നാലാം പ്രതിയും ശിശുരോഗ വിദഗ്ദനുമായ ഡോ.ഹൈദര്‍ അലി,  അഞ്ചാം പ്രതിയും ആശുപത്രി അഡ്മിനിസ്ട്രേറ്ററുമായ സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവരാണ് പോക്സോ കേസുകള്‍ കൈകാര്യം ചെയ്യുന്ന തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ഒന്നില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. 
കേസില്‍ നിലവില്‍ ഏഴുപ്രതികളാണ് ഉള്ളത്. ഒന്നാം പ്രതിയായ വൈദികന്‍ റോബിന്‍ വടക്കഞ്ചേരിയെ രക്ഷിക്കാന്‍ ഗൂഡാലോചന നടത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. വൈദികന്‍ റോബിന്‍ വടക്കഞ്ചേരി റിമാന്‍ഡിലാണ്. മറ്റുള്ള പ്രതികള്‍ക്കായി അന്വേഷണ സംഘം ഊര്‍ജിത തെരച്ചില്‍ നടത്തുന്നതിനിടയിലാണ് മൂന്നും നാലും അഞ്ചും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. 

Tags:    
News Summary - father robin vadakkumchery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.