മകളെ പീഡിപ്പിച്ച പിതാവിന് 109 വര്‍ഷം കഠിനതടവും പിഴയും

മഞ്ചേരി: 12 വയസ്സായ മകളെ പല തവണ ബലാത്സംഗം ചെയ്ത പിതാവിനെ മഞ്ചേരി അതിവേഗ സ്പെഷല്‍ കോടതി (രണ്ട്) 109 വര്‍ഷം കഠിനതടവിനും 90,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. അരീക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ 54കാരനെയാണ് ജഡ്ജി എസ്. രശ്മി ശിക്ഷിച്ചത്. 2022 ആഗസ്റ്റ് മുതല്‍ 2023 ജനുവരി 24 വരെയുള്ള കാലയളവിലാണ് സംഭവം. രണ്ട് ഭാര്യമാരുള്ള പ്രതി സമാന കുറ്റകൃത്യം ആവര്‍ത്തിച്ചതായും പരാതിയിലുണ്ട്.

പീഡനത്തിനിരയായ കുട്ടി സ്കൂളിലെ കൂട്ടുകാരിയോട് വിവരം പറയുകയും കൂട്ടുകാരി അധ്യാപികയോട് പറയുകയും ചെയ്തതോടെയാണ് പീഡനവിവരം പുറത്തായത്. അധ്യാപിക അറിയിച്ചതിനെത്തുടര്‍ന്ന് ചൈല്‍ഡ് ഹെൽപ് ലൈന്‍ കേസെടുക്കാന്‍ മഞ്ചേരി പൊലീസിന് നിർദേശം നല്‍കുകയായിരുന്നു. മഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ റിയാസ് ചാക്കീരിയാണ് 2023 ഫെബ്രുവരി 11ന് പ്രതിയെ അറസ്റ്റ് ചെയ്തതും കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചതും.

പോക്‌സോ ആക്ടിലെ അഞ്ച് (എം), അഞ്ച് (എന്‍), അഞ്ച് (എല്‍) വകുപ്പുകളിലാണ് ശിക്ഷ. മൂന്നുവകുപ്പിലും 30 വര്‍ഷം വീതം കഠിനതടവ്, 25,000 രൂപ വീതം പിഴ എന്നിങ്ങനെയാണ് ശിക്ഷ. പിഴയടക്കാത്തപക്ഷം ഓരോ വകുപ്പിലും നാലുമാസം വീതം അധികതടവും അനുഭവിക്കണം. പോക്‌സോ ആക്ടിലെതന്നെ ഒമ്പത് (എം), ഒമ്പത് (എന്‍), ഒമ്പത് (എല്‍) വകുപ്പുകള്‍ പ്രകാരം ആറുവര്‍ഷം വീതം കഠിനതടവ്, 5000 രൂപ വീതം പിഴ, പിഴയടക്കാത്തപക്ഷം ഒരോ വകുപ്പിലും ഓരോ മാസം വീതം അധികതടവ് എന്നിങ്ങനെയും ശിക്ഷയുണ്ട്.

ഇതിനുപുറമെ കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് ഒരു വര്‍ഷത്തെ കഠിനതടവും വിധിച്ചു. തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ഫലത്തില്‍ പ്രതി 30 വര്‍ഷം കഠിനതടവ് അനുഭവിച്ചാല്‍ മതിയാകും. പ്രതി പിഴയടക്കുന്നപക്ഷം തുക അതിജീവിതക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

വിചാരണ തീരുന്നതുവരെ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെക്കണമെന്ന പൊലീസ് ആവശ്യപ്രകാരം പ്രതിക്ക് ഇതുവരെ കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. പ്രോസിക്യൂഷനുവേണ്ടി ഹാജറായ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.എന്‍. മനോജ് 16 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 18 രേഖകളും ഹാജറാക്കി. ശിക്ഷ അനുഭവിക്കുന്നതിന് പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

Tags:    
News Summary - Father who molested daughter gets 109 years rigorous imprisonment and fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.