കോഴിക്കോട്: എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് നീക്കിയ ഫാത്തിമ തഹ്ലിയ പാർട്ടിമാറുന്നെന്ന പ്രചാരണം നിഷേധിച്ചു. പാർട്ടി മാറുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടേയില്ലെന്നും മറിച്ചുള്ള വാർത്തകൾ കളവും ദുരുദ്ദേശപരവുമാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ഫാത്തിമ തഹ്ലിയ വ്യക്തമാക്കി.
'മുസ്ലിം ലീഗിന്‍റെ ആദർശത്തിൽ വിശ്വസിച്ചാണ് ഞാൻ പാർട്ടിയിൽ ചേർന്നത്. സ്ഥാനമാനങ്ങൾക്കോ അധികാരത്തിനോ വേണ്ടിയല്ല ഈ പാർട്ടിയിൽ വന്നത്. ഇപ്പോൾ നിലനിൽക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് പാർട്ടി മാറുന്നതിനെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടേയില്ല. മറിച്ചുള്ള വാർത്തകൾ കളവും ദുരുദ്ദേശപരവുമാണ്.' - അവർ ഫേസ്ബുക്കിൽ കുറിച്ചു. മുസ്ലിം ലീഗിന്‍റെ പതാക ഉയർത്തി തെരുവിൽ നിൽക്കുന്ന ചിത്രവും പങ്കുവെച്ചു.
എം.എസ്.എഫ് സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ പ്രസിഡന്‍റ് പി.കെ നവാസ് അശ്ലീല പരാമർശം നടത്തിയെന്ന് കാണിച്ച് ഹരിത ഭാരവാഹികൾ മുസ്ലിം ലീഗ് നേതൃത്വത്തിന് പരാതി നൽകിയിരുന്നു. മലപ്പുറം ജില്ലയിൽ നിന്നും സമാനമായി പരാതി ഉയർന്നു. എന്നാൽ, ഈ പരാതിയിൽ നേതൃത്വം നടപടി എടുക്കാത്തതിനാൽ ഹരിത ഭാരവാഹികൾ വനിത കമീഷന് പരാതി നൽകിയതോടെ വിഷയം പൊതുചർച്ചയായി.
ഇതേ തുടർന്ന് മുസ്ലിം ലീഗ് നേതൃത്വം നടത്തിയ ഇടപെടലുകൾ ഫലം കണ്ടിരുന്നില്ല. തുടർന്ന്, ഹരിത കമ്മിറ്റിയെ ആദ്യം മരവിപ്പിക്കുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം നേരിട്ട് പുതിയ ഭാരവാഹികളെ നിയമിക്കുകയും ചെയ്തു.
ഈ വിവാദങ്ങൾക്കിടെ ഹരിതയെ പിന്തുണച്ചു കൊണ്ട് ഫാത്തിമ തഹ്ലിയ രംഗത്തെത്തിയിരുന്നു. ഇതേ തുടർന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് അവരെ കഴിഞ്ഞ ദിവസം നീക്കി. ദേശീയ വൈസ് പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് നീക്കിയ അവർ പാർട്ടി മാറുമെന്ന തരത്തിൽ വ്യാപക പ്രചരണമുണ്ടായിരുന്നു. ഇതെല്ലാം നിഷേധിച്ചുകൊണ്ടാണ് ഇപ്പോൾ ഫാത്തിമ തഹ്ലിയ രംഗത്തെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.