കൊച്ചി: ഇടതു മുന്നണിയുടെ പരിപാടിയുടെ അടിസ്ഥാനത്തിലായിരിക്കും വികസന നയരേഖക്ക് അന്തിമരൂപം നൽകുകയെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ നിക്ഷേപം സാമൂഹിക നിയന്ത്രണത്തിന് കീഴിലാക്കുമെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
ഇത് ആദ്യമായല്ല വികസന നയരേഖ കൊണ്ടുവരുന്നത്. 1957ൽ ആദ്യ ഇ.എം.എസ് സർക്കാർ മുതൽ ഓരോ സർക്കാർ വരുമ്പോഴും കേരള വികസനം എങ്ങനെ മുന്നോട്ട് പോകണമെന്നതിൽ നിലപാട് സ്വീകരിക്കാറുണ്ട്. 1980കളിൽ കേരള മോഡൽ വികസനത്തെക്കുറിച്ച് അന്താരാഷ്ട്ര സെമിനാറുകൾ നടത്തി. കേരള വികസനത്തിന് സ്വീകരിക്കേണ്ട കാഴ്ചപ്പാട് സംബന്ധിച്ച് സംസ്ഥാന സമ്മേളനത്തിൽ ഒരു നിർദേശം അവതരിപ്പിച്ചിട്ടുണ്ട്. അത് ചർച്ച ചെയ്യുകയാണ്. ഇടത് ജനാധിപത്യ ശക്തികളുടെ ഒരു പരിപാടി സി.പി.എമ്മിനുണ്ട്. അത് കരട് രാഷ്ട്രീയ പ്രമേയത്തിലുണ്ട്. ആ മാർഗനിർദേശത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും വികസന നയരേഖക്ക് അന്തിമ രൂപം നൽകുക.
ഒരു സംസ്ഥാനത്തിനും സ്വകാര്യ നിക്ഷേപം തടയാനാവില്ല. വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപം വന്നാൽ അവയെല്ലാം സാമൂഹികമായി നിയന്ത്രിക്കണമെന്നാണ് സി.പി.എം നിലപാട്; സർക്കാർ നിയന്ത്രണത്തിൽ വരണമെന്നല്ല. അതിനുള്ള നിർദേശം വികസന രേഖയിലുണ്ട്. സിലബസ്, കോഴ്സിന്റെ ഉള്ളടക്കം, അധ്യാപകർക്കുള്ള ശമ്പളം, ഫീസ് ഘടന, സംവരണം എന്നിവ സാമൂഹിക നിയന്ത്രണത്തിലൂടെ ഉറപ്പ് വരുത്തണം. ഈ പാർട്ടി നയം തന്നെയാവും നടപ്പാക്കുക. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ എതിർക്കാൻ കേരളത്തിന് മാത്രമായി കഴിയില്ല. നയരേഖയിൽ ഒരിടത്തും സ്വകാര്യവത്കരണത്തെക്കുറിച്ച് പറയുന്നില്ല. നമുക്ക് താൽപര്യമില്ലെങ്കിലും ഉണ്ടെങ്കിലും സ്വകാര്യ മൂലധനത്തിന് കടന്നുവരാൻ കഴിയും.
കെ-റെയിലിൽ പാർട്ടി നിലപാടിൽ ഒരു അവ്യക്തതയുമില്ല. പരിസ്ഥിതി അപകടപ്പെടുത്താൻ പാടില്ല, ഭൂമി ഏറ്റെടുക്കുന്നതിൽ കമ്പോളവിലയേക്കാൾ നഷ്ടപരിഹാരം നൽകും. പദ്ധതി എത്രത്തോളം സാമ്പത്തികമായി യോജിച്ചതാണെന്ന് കൃത്യമായി വിലയിരുത്തും. ഇത് നടത്തിക്കഴിഞ്ഞു. ബദൽ പദ്ധതികളായ റെയിൽവേ ലൈൻ നവീകരണം എന്നത് കേരള സർക്കാറിന് ചെയ്യാൻ കഴിയില്ല. റെയിൽവേ ഇന്ന് സർക്കാർ മേഖലയിൽ അല്ലെന്നും കേന്ദ്രസർക്കാർ അത് സ്വകാര്യവത്കരിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.
കൊച്ചി: മൃദുഹിന്ദുത്വവുമായുള്ള ഏറ്റവും ലോലമായ ചങ്ങാത്തം പോലും ഹിന്ദുത്വ അജണ്ടക്ക് സഹായകമാവുകയേയുള്ളൂവെന്നും അതാണ് കോൺഗ്രസ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി. ഈ ചങ്ങാത്തം കാരണം മുൻകാലത്തെ അപേക്ഷിച്ച് കോൺഗ്രസ് ദുർബലമായിരിക്കുകയാണെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവേ കോൺഗ്രസിനെ പരാമർശിക്കാത്തതിൽ പ്രതിനിധി ചർച്ചയിൽ യെച്ചൂരിക്കെതിരെ വിമർശം ഉണ്ടായിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, 'ഉദ്ഘാടന പ്രസംഗം പാർട്ടിക്ക് വേണ്ടിയുള്ളതായിരുന്നു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്ക് വേണ്ടിയല്ല. ഇത്തരം വിഷയങ്ങൾ പൊതുസമ്മേളനത്തിൽ പറയു'മെന്നായിരുന്നു പ്രതികരണം
ഏതുസമയത്തും ഏതു കോൺഗ്രസ് നേതാവിനെയും ബി.ജെ.പിയിലേക്ക് കൊണ്ടുവരാൻ കഴിയും എന്നതിനാൽ ആർ.എസ്.എസിലും ബി.ജെ.പിയിലെയും ഭൂരിപക്ഷവും കോൺഗ്രസിനെ ഒരു ഭീഷണിയായി കരുതുന്നുമില്ല. ദുർബലമായ കോൺഗ്രസിന് ബി.ജെ.പിയെ പരാജയപ്പെടുത്തുകയെന്ന വെല്ലുവിളി ഏറ്റെടുക്കാൻ കഴിയില്ല. എല്ലാ മതേതര ശക്തികളെയും ഒന്നിച്ച് കൊണ്ടുവരാൻ കഴിയുന്ന ശക്തമായ ഇടതുപക്ഷമാണ് വേണ്ടത്. കേരളത്തിൽ ഹിന്ദുത്വത്തെ കോൺഗ്രസ് നേരിടുന്നത് എങ്ങനെയെന്നത് എല്ലാവർക്കും അറിയുന്നതാണ്. പലപ്രാവശ്യം എൽ.ഡി.എഫ് സർക്കാറിനെതിരെ കോൺഗ്രസ് ബി.ജെ.പിക്കൊപ്പം ചേർന്നാണ് നിന്നിട്ടുള്ളത്. ഈ ഒത്തുതീർപ്പ് മനോഭാവം ബി.ജെ.പിയെ അധികാരത്തിൽനിന്ന് പുറത്താക്കുകയെന്ന ലക്ഷ്യത്തിലേക്ക് മുന്നേറാനും അത് നേടാനും സഹായകരമാവില്ല.
ഭൂരിപക്ഷ ഹിന്ദുത്വ വർഗീയതയെ നേരിടാൻ ന്യൂനപക്ഷ തീവ്രവാദത്തെ അണിനിരത്തുന്നത് ഒടുവിൽ ഹിന്ദുത്വ അജണ്ടക്കേ സഹായകമാവൂ. അടുത്ത കാലത്തുണ്ടായ പല പ്രശ്നങ്ങളിലും അതാണ് കാണാൻ കഴിയുന്നത്. ന്യൂനപക്ഷങ്ങളും രാജ്യസ്നേഹികളും മതേതര മനോഭാവമുള്ളവരും മതേതര ജനാധിപത്യ മുഖ്യധാരയിൽ ഒരുമിച്ച് ചേർന്ന് ഈ വെല്ലുവിളിയെ നേരിടണം.
യു.പി തെരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രതിരോധത്തിലാണ്. അത് വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് കരുതുന്നത്. ഫലം പ്രവചിക്കാനാവില്ല. ഉത്തരഖണ്ഡിലും ഗോവയിലും അവർ പ്രതിരോധത്തിലാണ്. മണിപ്പൂരിൽ അവർ നേരത്തേ രാജ്യവിരുദ്ധരെന്ന് ആരോപിച്ച സംഘടനകളുമായി അവസരവാദ കൂട്ടുകെട്ടുണ്ടാക്കിയിരിക്കുകയാണ്. പഞ്ചാബിലും ഫലം പ്രവചനാതീതമാണ്. ഭരണകക്ഷിയായ കോൺഗ്രസിന് അവിടെ മുൻതൂക്കം ഉണ്ട്. ആരു ജയിച്ചാലും തങ്ങൾ സർക്കാർ രൂപവത്കരിക്കുമെന്നാണ് ബി.ജെ.പിയുടെ പ്രമാണം. ജനപിന്തുണ നേടാൻ അവരുടെ കൈവശമുള്ള ഏക ആയുധം വർഗീയ ധ്രുവീകരണമാണ്. അതിനെ ഇത്തവണ ജനങ്ങൾ തള്ളിക്കളയുമെന്നാണ് കരുതുന്നതെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.