Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒരു സംസ്ഥാനത്തിനും...

ഒരു സംസ്ഥാനത്തിനും സ്വകാര്യ നിക്ഷേപം തടയാനാവില്ല; എൽ.ഡി.എഫ്​ പരിപാടിയുടെ അടിസ്ഥാനത്തിലാവും വികസനരേഖ അന്തിമമാക്കുക -യെച്ചൂരി

text_fields
bookmark_border
Sitaram Yechury
cancel

കൊച്ചി: ഇടതു​ മുന്നണിയുടെ പരിപാടിയുടെ അടിസ്ഥാനത്തിലായിരിക്കും വികസന നയരേഖക്ക്​ അന്തിമരൂപം നൽകുകയെന്ന്​ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ നിക്ഷേപം സാമൂഹിക നിയന്ത്രണത്തിന്​ കീഴിലാക്കുമെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ വ്യക്​തമാക്കി.

ഇത്​ ആദ്യമായല്ല വികസന നയരേഖ കൊണ്ടുവരുന്നത്​. 1957ൽ ആദ്യ ഇ.എം.എസ്​ സർക്കാർ മുതൽ ഓരോ സർക്കാർ വരുമ്പോഴും കേരള വികസനം എങ്ങനെ മുന്നോട്ട്​ പോകണമെന്നതിൽ നിലപാട്​ സ്വീകരിക്കാറുണ്ട്​. 1980കളിൽ കേരള മോഡൽ വികസനത്തെക്കുറിച്ച്​ അന്താരാഷ്​ട്ര സെമിനാറുകൾ നടത്തി. കേരള വികസനത്തിന്​ സ്വീകരിക്കേണ്ട കാഴ്ചപ്പാട്​ സംബന്ധിച്ച്​ സംസ്ഥാന സമ്മേളനത്തിൽ ഒരു നിർദേശം അവതരിപ്പിച്ചിട്ടുണ്ട്​. അത്​ ചർച്ച ചെയ്യുകയാണ്​. ഇടത്​ ജനാധിപത്യ ശക്​തികളുടെ ഒരു പരിപാടി സി.പി.എമ്മിനുണ്ട്​​. അത്​ കരട്​ രാഷ്​ട്രീയ പ്രമേയത്തിലുണ്ട്​. ആ മാർഗനിർദേശത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും വികസന നയരേഖക്ക്​ അന്തിമ രൂപം നൽകുക.

ഒരു സംസ്ഥാനത്തിനും സ്വകാര്യ നിക്ഷേപം തടയാനാവില്ല. വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപം വന്നാൽ അവയെല്ലാം സാമൂഹികമായി നിയന്ത്രിക്കണമെന്നാണ്​ സി.പി.എം നിലപാട്​; സർക്കാർ നിയന്ത്രണത്തിൽ വരണമെന്നല്ല​. അതിനുള്ള നിർദേശം വികസന രേഖയിലുണ്ട്​. സിലബ​സ്​, കോഴ്​സിന്‍റെ ഉള്ളടക്കം, അധ്യാപകർക്കുള്ള ശമ്പളം, ഫീസ്​ ഘടന, സംവരണം എന്നിവ സാമൂഹിക നിയന്ത്രണത്തിലൂടെ ഉറപ്പ്​ വരുത്തണം. ഈ പാർട്ടി നയം തന്നെയാവും നടപ്പാക്കുക. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ എതിർക്കാൻ കേരളത്തിന്​ മാത്രമായി കഴിയില്ല. നയരേഖയിൽ ഒരിടത്തും സ്വകാര്യവത്​കരണത്തെക്കുറിച്ച്​ പറയുന്നില്ല. നമുക്ക്​ താൽപര്യമില്ലെങ്കിലും ഉണ്ടെങ്കിലും സ്വകാര്യ മൂലധനത്തിന്​ കടന്നു​വരാൻ കഴിയും. ​

കെ-റെയിലിൽ പാർട്ടി നിലപാടിൽ ഒരു അവ്യക്​തതയുമില്ല. പരിസ്ഥിതി അപകടപ്പെടുത്താൻ പാടില്ല, ഭൂമി ഏറ്റെടുക്കുന്നതിൽ ക​മ്പോളവിലയേക്കാൾ നഷ്​ടപരിഹാരം നൽകും. പദ്ധതി എത്രത്തോളം സാമ്പത്തികമായി യോജിച്ചതാണെന്ന്​ കൃത്യമായി വിലയിരുത്തും. ഇത്​ നടത്തിക്കഴിഞ്ഞു. ബദൽ പദ്ധതികളായ റെയിൽവേ ലൈൻ നവീകരണം എന്നത്​ കേരള സർക്കാറിന്​ ചെയ്യാൻ കഴിയില്ല. റെയിൽവേ ഇന്ന്​ സർക്കാർ മേഖലയിൽ അല്ലെന്നും കേന്ദ്രസർക്കാർ അത്​ സ്വകാര്യവത്​കരിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു​.

കോൺഗ്രസിന്‍റേറത്​ മൃദുഹിന്ദുത്വ നിലപാട് -യെച്ചൂരി

കൊച്ചി: മൃദുഹിന്ദുത്വവുമായുള്ള ഏറ്റവും ലോലമായ ചങ്ങാത്തം പോലും ഹിന്ദുത്വ അജണ്ടക്ക്​ സഹായകമാവുകയേയുള്ളൂവെന്നും അതാണ്​ കോൺഗ്രസ്​ ചെയ്​തുകൊണ്ടിരിക്കുന്നതെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി. ഈ ചങ്ങാത്തം കാരണം മുൻകാലത്തെ അപേക്ഷിച്ച്​ കോൺഗ്രസ്​​ ദുർബലമായിരിക്കുകയാണെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സമ്മേളനത്തി​ന്‍റെ പ്രതിനിധി സമ്മേളനം ഉദ്​ഘാടനം ചെയ്യവേ കോൺഗ്രസിനെ പരാമർശിക്കാത്തതിൽ പ്രതിനിധി ചർച്ചയിൽ യെച്ചൂരിക്കെതിരെ വിമർശം ഉണ്ടായിരുന്നു. ഇതേക്കുറിച്ച്​ ചോദിച്ചപ്പോൾ, 'ഉദ്​ഘാടന പ്രസംഗം പാർട്ടിക്ക്​ വേണ്ടിയുള്ളതായിരുന്നു. കേരളത്തിലെ രാഷ്​ട്രീയ സാഹചര്യങ്ങൾക്ക്​ വേണ്ടിയല്ല. ഇത്തരം വിഷയങ്ങൾ പൊതുസമ്മേളനത്തിൽ പറയു'മെന്നായിരുന്നു പ്രതികരണം

ഏതു​സമയത്തും ഏതു​ കോൺഗ്രസ്​ നേതാവിനെയും ബി.ജെ.പിയിലേക്ക്​ കൊണ്ടുവരാൻ കഴിയും എന്നതിനാൽ ​ആർ.എസ്​.എസിലും ബി.ജെ.പിയിലെയും ഭൂരിപക്ഷവും കോൺഗ്രസിനെ ഒരു ഭീഷണിയായി കരുതുന്നുമില്ല. ദുർബലമായ കോൺഗ്രസിന്​ ബി.ജെ.പിയെ പരാജയപ്പെടുത്തുകയെന്ന വെല്ലുവിളി ​ഏറ്റെടുക്കാൻ കഴിയില്ല. എല്ലാ മതേതര ശക്​തികളെയും ഒന്നിച്ച്​ കൊണ്ടുവരാൻ കഴിയുന്ന ശക്​തമായ ഇടതു​പക്ഷമാണ്​ വേണ്ടത്​. കേരളത്തിൽ ഹിന്ദുത്വത്തെ കോൺഗ്രസ്​ നേരിടുന്നത്​ എങ്ങനെയെന്നത്​ എല്ലാവർക്കും അറിയുന്നതാണ്​. പലപ്രാവശ്യം എൽ.ഡി.എഫ്​ സർക്കാറിനെതിരെ കോൺഗ്രസ്​ ബി.ജെ.പിക്കൊപ്പം ചേർന്നാണ്​ നിന്നിട്ടുള്ളത്​. ഈ ഒത്തുതീർപ്പ്​ മനോഭാവം ബി.ജെ.പിയെ അധികാരത്തിൽനിന്ന്​ പുറത്താക്കുകയെന്ന ലക്ഷ്യത്തിലേക്ക്​ മുന്നേറാനും അത്​ നേടാനും സഹായകരമാവില്ല.

ഭൂരിപക്ഷ ഹിന്ദുത്വ വർഗീയതയെ നേരിടാൻ ന്യൂനപക്ഷ തീവ്രവാദത്തെ അണിനിരത്തുന്നത്​ ഒടുവിൽ ഹിന്ദുത്വ അജണ്ടക്കേ സഹായകമാവൂ. അടുത്ത കാലത്തുണ്ടായ പല പ്രശ്​നങ്ങളിലും അതാണ്​ കാണാൻ കഴിയുന്നത്​. ന്യൂനപക്ഷങ്ങളും രാജ്യസ്​നേഹികളും മതേതര മനോഭാവമുള്ളവരും മതേതര ജനാധിപത്യ മുഖ്യധാരയിൽ ഒരുമിച്ച്​ ചേർന്ന്​ ഈ വെല്ലുവിളിയെ നേരിടണം.

യു.പി തെരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രതിരോധത്തിലാണ്​. അത്​ വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നാണ്​ കരുതുന്നത്​. ഫലം പ്രവചിക്കാനാവില്ല. ഉത്തരഖണ്ഡിലും ഗോവയിലും അവർ പ്രതിരോധത്തിലാണ്​. മണിപ്പൂരിൽ അവർ നേരത്തേ രാജ്യവിരുദ്ധരെന്ന്​ ആരോപിച്ച സംഘടനകളുമായി അവസരവാദ കൂട്ടുകെട്ടുണ്ടാക്കിയിരിക്കുകയാണ്​. പഞ്ചാബിലും ഫലം പ്രവചനാതീതമാണ്​. ഭരണകക്ഷിയായ കോൺഗ്രസിന്​ അവിടെ മുൻതൂക്കം ഉണ്ട്​. ആരു ജയിച്ചാലും തങ്ങൾ സർക്കാർ രൂപവത്​കരിക്കുമെന്നാണ്​ ബി.ജെ.പിയുടെ പ്രമാണം. ജനപിന്തുണ നേടാൻ അവരുടെ കൈവശമുള്ള ഏക ആയുധം വർഗീയ ധ്രുവീകരണമാണ്​. അതിനെ ഇത്തവണ ജനങ്ങൾ തള്ളിക്കളയുമെന്നാണ്​ കരുതുന്നതെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sitaram YechurycpmDevelopment document
News Summary - Finalize the development document on the basis of the LDF program - Yechury
Next Story