നവനീത് സജീവന്‍ ഭാര്യ പ്രവീണക്കും കുഞ്ഞിനുമൊപ്പം

ദുബൈ ഡ്യൂട്ടി ഫ്രീയുടെ 10 ലക്ഷം ഡോളര്‍ സമ്മാനം പിരിച്ചുവിട്ട മലയാളിക്ക്

കാഞ്ഞങ്ങാട്: കോവിഡ് പ്രതിസന്ധിയില്‍ തൊഴില്‍ നഷ്​ടപ്പെട്ട മലയാളി യുവാവിന് ദുബൈ ഡ്യൂട്ടി ഫ്രീയുടെ 10 ലക്ഷം ഡോളര്‍ (ഏകദേശം 7.36 കോടി രൂപ) സമ്മാനം.

കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശി നവനീത് സജീവനെയാണ് അപൂര്‍വഭാഗ്യം തേടിയെത്തിയത്. സഹപ്രവര്‍ത്തകരായ നാലുപേര്‍ക്കൊപ്പം പങ്കിട്ടെടുത്ത ടിക്കറ്റി​െൻറ സമ്മാനത്തുക അഞ്ചുപേരും വീതിച്ചെടുക്കുമ്പോള്‍ ഒരാള്‍ക്ക് രണ്ടുലക്ഷം ഡോളര്‍ വീതം ലഭിക്കും.

അബൂദബി ആസ്ഥാനമായ കമ്പനിയില്‍ നാലു വര്‍ഷമായി ജോലിചെയ്യുകയായിരുന്ന നവനീതിന് കോവിഡ് കാലത്ത് കമ്പനി പ്രതിസന്ധിയിലായതോടെയാണ് പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചത്. ഡിസംബർ 28നാണ് ജോലിയില്‍നിന്ന്​ പിരിഞ്ഞുപോകേണ്ടത്. മറ്റൊരു ജോലിക്കായുള്ള അന്വേഷണത്തിനിടയിലാണ് നവംബര്‍ 22ന് സുഹൃത്തുക്കള്‍ക്കൊപ്പം ടിക്കറ്റെടുത്തത്.

ഭാര്യ പ്രവീണ അബൂദബിയില്‍ തന്നെ ജോലിചെയ്യുന്നതിനാല്‍ പെട്ടെന്ന് നാട്ടിലേക്ക് മടങ്ങാനാവാത്ത അവസ്ഥയിലായിരുന്നു നവനീത്. ഒരു വയസ്സുള്ള മകനും കൂടെയുണ്ട്. പല ആവശ്യങ്ങള്‍ക്കായി നേരത്തേ എടുത്ത ലോണുകളെല്ലാം ചേര്‍ത്ത് ഒരുലക്ഷം ദിര്‍ഹത്തോളമുണ്ട്.

ഒരു ഇൻറര്‍വ്യൂവില്‍ പങ്കെടുത്ത് തിരിച്ചുവരുമ്പോഴാണ് സമ്മാനം കിട്ടിയ വിവരം അറിയിച്ച്​ ദുബൈ ഡ്യൂട്ടി ഫ്രീയില്‍ നിന്നുള്ള വിളി വന്നത്. സമ്മാനത്തുകയില്‍നിന്ന് തനിക്ക് ലഭിക്കുന്ന വിഹിതംകൊണ്ട് ലോണുകള്‍ അടച്ചുതീര്‍ക്കുകയും ഉടൻ മറ്റൊരു ജോലി കണ്ടെത്തുകയുമാണ് ഇപ്പോള്‍ നവനീതി​െൻറ മുന്നിലുള്ള പ്രധാന ലക്ഷ്യങ്ങള്‍.

സ്വകാര്യ ബസ് ജീവനക്കാരനായിരുന്ന വെള്ളിക്കോത്തെ സജീവ​െൻറയും മാലിനിയുടെയും മകനാണ് നവനീത്. സഹോദരി നിമിത കുടുംബത്തോടൊപ്പം ഷാര്‍ജയിലാണ്.

Tags:    
News Summary - fired employee from kanhangad got prize in dubai duty free

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.