കോട്ടയം: സംസ്ഥാനത്ത് വെടിക്കെട്ട് അപകടങ്ങള്‍ ഇനിയും ഉണ്ടായാൽ അതിെൻറ പൂർണ ഉത്തരവാദിത്തം പൊലീസിനായിരിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ഇക്കാര്യത്തിൽ ആദ്യം മറുപടി നൽകേണ്ടത് പൊലീസാകും. അതിനാൽ ആഘോഷം കൊഴുപ്പിക്കാൻ നടത്തുന്ന വെടിക്കെട്ടുകൾക്ക് അവസരം നല്‍കരുതെന്നും ഡി.ജി.പി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
വെടിക്കെട്ടിനുള്ള അനുമതി സംബന്ധിച്ച് പൊലീസ് സ്വീകരിക്കേണ്ട നടപടികളും സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്. വെടിക്കെട്ട് നടത്താൻ ജില്ല ഭരണകൂടം അനുമതി നൽകിയാലും പൊലീസിന് നിരവധി ഉത്തരവാദിത്തമുണ്ട്. അപകടം ഉണ്ടായാൽ ജില്ല ഭരണകൂടമാണോ പൊലീസാണോ മറുപടി പറയേണ്ടതെന്ന ചോദ്യങ്ങൾക്ക് പൊലീസാണ് ആദ്യം ഉത്തരം നല്‍കേണ്ടതെന്നും ഡി.ജി.പി വ്യക്തമാക്കി.
കലക്ടര്‍ നല്കുന്ന അനുമതിക്കുപുറമെ വെടിക്കെട്ട് സംബന്ധിച്ച് പൊലീസിനും നിര്‍ണായക ഉത്തരവാദിത്തങ്ങളുണ്ട്. അത് കർശനമായി പാലിക്കണം. ഇക്കാര്യത്തിൽ വിട്ടുവീഴ്ച പാടില്ല. പാരമ്പര്യത്തിെൻറപേരിലോ മറ്റ് ഏതെങ്കിലും സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയോ ഒരുകാരണവശാലും വെടിക്കെട്ടിന് അനുമതി നല്‍കരുത്. ഇടുങ്ങിയ ഇടങ്ങളില്‍ വെടിക്കെട്ട് നടത്താന്‍ ഒരിക്കലും അനുവദിക്കരുത്.
വെടിമരുന്ന് സാമ്പിളുകൾ ശേഖരിച്ച് എറണാകുളത്തെ റീജനല്‍ കെമിക്കല്‍ ലാബില്‍ മുൻകൂട്ടി പരിശോധിച്ച് പൊട്ടാസ്യം ക്ലോറേറ്റുപോലെ മാരക പ്രഹരശേഷിയുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഇതിനുള്ള ചുമതലയും പൊലീസിനാണ്. ചീഫ് കണ്ട്രോളര് ഓഫ് എക്സ്പ്ലോസീവിെൻറ അംഗീകാരം നേടിയ സ്ഫോടകവസ്തുക്കളാകണം വെടിക്കെട്ടിന് ഉപയോഗിേക്കണ്ടത്. ഇതും പരിശോധനയിലൂടെ ഉറപ്പുവരുത്തണം. വെടിക്കെട്ട് നടക്കുന്ന സ്ഥലവും സ്ഫോടകവസ്തു ശേഖരിക്കുന്ന ഇടവും തമ്മില്‍ ഗണ്യമായ അകലമുണ്ടെന്ന് ഉറപ്പുവരുത്തണം.
വിദഗ്ധ തൊഴിലാളികളാകണം കരിമരുന്ന് പ്രകടനം നടത്തേണ്ടത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനും സേനക്ക് കഴിയണം. നിർദേശം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കാൻ മടിക്കരുത്. ആവശ്യമെങ്കിൽ കൂടുതൽ സേനയെ വിന്യസിക്കണം. ജില്ല പൊലീസ് മേധാവികളുടെ നിർദേശാനുസരണമാകണം നടപടികൾ. പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചാല്‍ ഏത് ഉദ്യോഗസ്ഥനെതിരെയും നടപടിയുണ്ടാകും. ഇക്കാര്യത്തിൽ റാങ്ക് പരിഗണിക്കില്ല. നിർദേശം പൂർണമായി നടപ്പാക്കാൻ ജാഗ്രതപാലിക്കണമെന്നും ഡി.ജി.പി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.