'രോഗികളെ തല്ലണമെന്നല്ല ഞാൻ പറഞ്ഞത്​'; വിവാദത്തിന്​ പിന്നാലെ വിശദീകരണവുമായി ഫിറോസ്​

പാലക്കാട്​: ഫേസ്​ബുക്​ ലൈവിനിടെ നടത്തിയ പരാമർശം വിനയായതോടെ വിശദീകരണവുമായി ഓൺലൈൻ ചാരിറ്റി പ്രവർത്തകൻ ഫിറോസ്​ കുന്നംപറമ്പിൽ.​ നന്ദികേട്​ കാണിക്കുന്ന രോഗികളെ റോഡിൽ തല്ലിക്കൊല്ലണമെന്നല്ല പറ​ഞ്ഞതെന്നും അവരെ തെറ്റിദ്ധിരിപ്പിച്ച്​ ​തനിക്കെതിരാക്കുന്നവരെ തല്ലണമെന്നാണ്​ ഉദ്ദേശിച്ചതെന്നും ഫിറോസ്​ വിശദീകരണവുമായെത്തിയ വിഡിയോയിൽ പറയുന്നു.

വയനാട്ടില്‍ നിന്നുള്ള ഒരു കുഞ്ഞിന്‍റെ രോഗത്തിനായി പിരിച്ചെടുത്ത പണവുമായി ബന്ധപ്പെട്ട വിവാദത്തിന്​ മറുപടിയായുള്ള ഫിറോസിന്‍റെ വിഡിയോക്കെതിരെ വ്യാപക വിമർ​ശനം ഉയർന്നിരുന്നു. അക്രമത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള വാക്കുകളാണ് ഇതെന്ന്​ സമൂഹമാധ്യമങ്ങളിൽ പലരും അഭിപ്രായപ്പെട്ടിരുന്നു.

Full View

ഫിറോസ്​ വിഡിയോയിൽ പറഞ്ഞതിങ്ങനെ: 'എഴു ലക്ഷം രൂപ കുഞ്ഞിന്റെ ഓപ്പറേഷന് ആവശ്യമാണെന്ന് പറഞ്ഞാണ് മാതാപിതാക്കൾ തന്നെ കാണാൻ വന്നത്. 17 ലക്ഷം രൂപ അക്കൗണ്ടിലെത്തി. ഇതിൽ പത്തുലക്ഷം രൂപ അവർക്ക് ചികിൽസയ്ക്ക് നൽകിയ ശേഷം ബാക്കി പണം മറ്റ് രോഗികൾക്ക് വീതിച്ച് നൽകി. ഇതിന് രേഖയുമുണ്ട്. എന്നാൽ ആറുമാസങ്ങൾക്ക് ശേഷം ഈ കുടുംബം വീണ്ടുമെത്തി. പത്തുലക്ഷം രൂപ തീർന്നു എന്ന് പറഞ്ഞ്. കുട്ടിയുടെ ഓപ്പറേഷൻ കഴിഞ്ഞില്ലെന്നും പത്തുലക്ഷം രൂപ ചെലവായി പോയെന്നും വീണ്ടും വിഡിയോ ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു. പക്ഷേ ഇനി വിഡിയോ ചെയ്യാൻ പറ്റില്ലെന്നും ഓപ്പറേഷനുള്ള പണം ഫിറോസിന്റെ ട്രസ്റ്റിൽ നിന്നും ആശുപത്രിയിൽ അടയ്ക്കാമെന്നും വാക്ക് നൽകി.അങ്ങനെ കുട്ടിയുടെ ഓപ്പറേഷന് പണം നൽകി. കുട്ടി ഇപ്പോൾ സുഖമായി ഇരിക്കുന്നു. ഇപ്പോൾ ആ കുടുംബം പറയുന്നത് മറ്റുള്ള രോഗികൾക്ക് വീതിച്ച് നൽകിയ ഏഴുലക്ഷം രൂപ വേണമെന്നാണ്. ഇൗ വാദമാണ് ചിലർ ഏറ്റെടുക്കുന്നത്. നിങ്ങൾ പറയൂ. ഇവരെയും ഇവരെ പിന്തുണച്ച് വരുന്നവരെയും നടുറോഡിലിട്ട് തല്ലി കൊല്ലേണ്ട സമയം കഴിഞ്ഞു. ഇത്തരം ആളുകളെ തീർക്കേണ്ട സമയം കഴിഞ്ഞു.''

Full View

എന്നാൽ പ്രസ്​താവനയെച്ചൊല്ലിയും കണക്കുകളെ ചൊല്ലിയും വിവാദമുയർന്നതോടെ സൃഹൃത്തുക്കളേയും കൂട്ടി കുഞ്ഞിന്‍റെ നാട്ടിലെത്തി ഫിറോസ്​ വീണ്ടും ലൈവിൽ വരികയായിരുന്നു. കുഞ്ഞിന്‍റെ ചികിത്സക്കായി 17 ലക്ഷമല്ല, 21 ലക്ഷം രൂപ അക്കൗണ്ടിൽ വന്നെന്ന്​ ബാങ്ക്​ രേഖ​ കാണിച്ച്​ ഫിറോസ്​ പറയുന്നു. ആദ്യം പറഞ്ഞപ്പോൾ മറവിയിൽ തുക മാറിയെന്നാണ്​ ഫിറോസിന്‍റെ വാദം. ഇതിൽ 12 ലക്ഷത്തിലധികം രൂപ കുട്ടിയുടെ പിതാവ്​ പിൻവലിച്ചിട്ടുണ്ട്​. ബാക്കി തുക മറ്റുരോഗികൾക്ക്​ വീതിച്ച്​ നൽകിയെന്നും ഒരുരൂപ പോലും താൻ എടുത്തിട്ടില്ലെന്നും ഫിറോസ്​ വിശദീകരണത്തിൽ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.