മെഡിക്കല്‍ കോളജ്: കേരളത്തില്‍ സര്‍ക്കാര്‍ മേഖലയിലെ ആദ്യ റോബോട്ടിക് സര്‍ജറി ആര്.സി.സിയില്‍ വിജയകരമായി. വൃക്കയില്‍ കാന്‍സര്‍ ബാധിച്ച രണ്ടുേപർക്കാണ് ശസ്ത്രക്രിയ നടത്തിയത്. ഒരാളുടെ വൃക്ക പൂര്‍ണമായും മറ്റൊരാളുടെ വൃക്കയില്‍ കാന്‍സര്‍ ബാധിച്ച ഭാഗം മാത്രവും റോബോട്ടിക് സര്‍ജറി ഉപയോഗിച്ച് നീക്കം ചെയ്തു. രണ്ടു രോഗികളും സുഖം പ്രാപിച്ചുവരുന്നു.
വന്‍കിട സ്വകാര്യ ആശുപത്രികളില്‍ വലിയ ചെലവ് വേണ്ടിവരുന്ന റോബോട്ടിക് സര്‍ജറി അതിന്റെ മൂന്നിലൊന്ന് ചെലവിലാണ് ആര്.സി.സിയില്‍ നടത്തിയത്. അതിസങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ കൂടുതല്‍ മികവോടെയും കൃത്യതയോടെയും നിര്‍വഹിക്കാന്‍ സര്ജന്മാരെ പ്രാപ്തരാക്കുന്നതാണ് റോബോട്ടിക് സര്‍ജറി യൂനിറ്റ്.
രോഗികള്‍ക്ക് ശസ്ത്രക്രിയ മൂലമുള്ള രക്തനഷ്ടം , വേദന, അണുബാധ, ശസ്ത്രക്രിയമൂലമുളള മുറിവുകളുടെ വലുപ്പം, ആശുപത്രി വാസം എന്നിവ ഗണ്യമായി കുറയുകയും വേഗത്തില്‍ സുഖം പ്രാപിക്കുകയും ചെയ്യും.കഴിഞ്ഞമാസം 15നാണ് മുഖ്യമന്ത്രി ഈ റോബോട്ടിക് ശസ്ത്രക്രിയ യൂനിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
ആര്.സി.സി ഡയറക്ടര്‍ ഡോ. രേഖ എ.നായരുടെ നിർദേശത്തെത്തുടര്‍ന്ന് സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ. ഷാജി തോമസിന്റെ നേതൃത്വത്തില്‍ ഡോ. ശിവരഞ്ജിത്, ഡോ. ശ്രീവത്സന്‍, ഡോ.അഖില്‍ തോമസ് എന്നീ സര്ജന്മാര് അനസ്തേഷ്യ വിഭാഗം മേധാവി ഡോ. മേരി തോമസ് , ഡോ. വിജിപിള്ള, സ്റ്റാഫ് നഴ്സുമാരായ ഇന്ദു, രശ്മി, രമ്യ, അഞ്ജലി, ബൈജുദീന്‍, ഓപറേഷന് തിയറ്റര്‍ സാങ്കേതിക ടീമിലെ അംഗങ്ങളായ എബിന്, സന്തോഷ്, കിരണ്‍, ബയോമെഡിക്കല്‍ എൻജിനീയറിങ് വിഭാഗം, സി.എസ്.എസ്.ഡി ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ടീമാണ് ഈ ദൗത്യം നിര്‍വഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.