തിരുവനന്തപുരം: ആലുവയിൽ ചരക്കുവണ്ടി പാളംതെറ്റിയതിനെ തുടർന്ന് സംസ്ഥാനത്തെ ട്രെയിൻഗതാഗതം താളംതെറ്റി. വണ്ടികൾ മണിക്കൂറുകൾ വൈകി. 11 ട്രെയിനുകൾ പൂർണമായും 11 എണ്ണം ഭാഗികമായും റദ്ദാക്കി. ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും മിക്ക ട്രെയിനുകളും വൈകിയോടുകയാണ്. ഇതിൽ അഞ്ച് മണിക്കൂറിലേറെ വൈകിയ ട്രെയിനുകളുമുണ്ട്.
ചരക്ക് ട്രെയിൻ പാളംതെറ്റിയതോടെ ഇരുദിശയിലേക്കുമുള്ള യാത്രാട്രെയിനുകൾ വിവിധ സ്റ്റേഷനുകളിലും ഔട്ടറുകളിലും പിടിച്ചിട്ടു. പുലർച്ച 2.15 ഓടെ ഒറ്റലൈനിലൂടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും ഓരോ ട്രെയിൻ വീതമാണ് കടത്തിവിടാനായത്. ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം ഒഴിവാക്കി ഓരോ സിഗ്നൽ പോയന്‍റിലും ഉദ്യോഗസ്ഥരെ നിർത്തി സുരക്ഷ ഉറപ്പുവരുത്തിയാണ് വണ്ടികൾ കടത്തിവിട്ടത്. ഇതിന് ഏറെ സമയവുമെടുത്തു.
രാവിലെ എത്തേണ്ട ട്രെയിനുകൾ പലതും ഒമ്പതിനും പത്തിനുമെല്ലാമാണ് ലക്ഷ്യങ്ങളിലെത്തിത്. തൃശൂർ ഭാഗത്തേക്കുള്ള ട്രെയിനുകളാണ് ഏറെ വൈകിയത്. നിയന്ത്രണങ്ങളെ തുടർന്ന് യശ്വന്ത്പുർ-കൊച്ചുവേളി എക്സ്പ്രസ് അഞ്ചും എറണാകുളം-ബംഗളൂരു ഇന്‍റർസിറ്റി സൂപ്പർഫാസ്റ്റ് നാലും വിശാഖപട്ടണം-കൊല്ലം പ്രതിവാര എക്സ്പ്രസ് അഞ്ചും ചെന്നൈ-ആലപ്പുഴ സൂപ്പർഫാസ്റ്റ് ആറും നേത്രാവതി എക്സ്പ്രസ് രണ്ടും കോർബ-തിരുവനന്തപുരം എക്സ്പ്രസ് നാലും മണിക്കൂർ വൈകി.
ട്രെയിനുകൾ വിവിധയിടങ്ങളിൽ നിർത്തിയിട്ടതോടെ യാത്രക്കാരും വെട്ടിലായി. പിടിച്ചിട്ട ട്രെയിനുകളിലെല്ലാം ഭക്ഷണവിതരണസൗകര്യം ഉറപ്പുവരുത്തിയതായി റെയിൽവേ തിരുവനന്തപുരം ഡിവിഷൻ അധികൃതർ അറിയിച്ചു. അപകടത്തെക്കുറിച്ച് റെയിൽവേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(06439) ഗുരുവായൂർ-എറണാകുളം എക്സ്പ്രസ് സ്പെഷൽ
(22628) തിരുവനന്തപുരം-തിരുച്ചിറപ്പള്ളി ഇന്‍റർസിറ്റി എക്സ്പ്രസ്
(16326) കോട്ടയം-നിലമ്പൂർ എക്സ്പ്രസ്
(16325) നിലമ്പൂർ- കോട്ടയം എക്സ്പ്രസ്
(16341) ഗുരുവായൂർ-തിരുവനന്തപുരം ഇന്‍റർസിറ്റി
(16305) എറണാകുളം-കണ്ണൂർ ഇന്‍റർസിറ്റി
(06449) എറണാകുളം-ആലപ്പുഴ എക്സ്പ്രസ് സ്പെഷൽ
(06452) ആലപ്പുഴ-എറണാകുളം എക്സ്പ്രസ് സ്പെഷൽ
(06797) പാലക്കാട്-എറണാകുളം മെമു എക്സ്പ്രസ് സ്പെഷൽ
(06798) എറണാകുളം-പാലക്കാട് മെമു എക്സ്പ്രസ് സ്പെഷൽ
(06017) ഷൊർണൂർ-എറണാകുളം മെമു എക്സ്പ്രസ് സ്പെഷൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.