കോഴിക്കോട്: മെല്ലോ ഫൗണ്ടേഷൻ നിർമാണക്കമ്പനിക്കും മാനേജിങ് ഡയറക്ടർ ആർ. മുരളീധരനുമെതിരെ കൂടുതൽ പരാതികൾ. 46 ലക്ഷം രൂപ നൽകിയിട്ടും ഫ്ലാറ്റ് കൈമാറാതെ വഞ്ചിച്ചതിന് മുരളീധരനും അത്ലറ്റ് പി.ടി. ഉഷയുമടക്കം ഏഴ് പേർക്കെതിരെ വെള്ളയിൽ പൊലീസ് കേസെടുത്തിരുന്നു. മറ്റൊരു അത്ലറ്റായ ജെമ്മ ജോസഫിെൻറ പരാതിയിലൂടെ ഈ വിവരം പുറത്തുവന്നതോടെ നിരവധി പേരാണ് മുരളീധരനെതിരെ രംഗത്തെത്തിയത്. ഈസ്റ്റ്ഹിൽ സ്വദേശിയായ ആർ. മുരളീധരൻ തടമ്പാട്ടുതാഴത്തിന് സമീപം നിർമിച്ച 'സ്കൈവാച്ച്' ഫ്ലാറ്റ് സമുച്ചയത്തിനായി 50 ലക്ഷം രൂപ വരെ ഓരോരുത്തരിൽ നിന്നും കൈപ്പറ്റിയിട്ടുണ്ട്. 44 ഫ്ലാറ്റുകളാണ് ഈ സമുച്ചയത്തിലുള്ളത്. ഒരുകേസിൽ മാത്രമാണ് പി.ടി. ഉഷക്കെതിരെ ആക്ഷേപമുള്ളത്.
കക്കോടി സ്വദേശി പ്രജീഷ് ചേവായൂർ സ്റ്റേഷനിലും കെ.എം.സി.ടി മെഡിക്കൽ കോളജിലെ ഡോ. എൻ.സി. ചെറിയാൻ വെള്ളയിൽ സ്റ്റേഷനിലും മുരളീധരനെതിരെ പരാതി നൽകി. കേസെടുക്കാനുള്ള നടപടികൾ തുടങ്ങുമെന്നാണ് പരാതിക്കാരുടെ പ്രതീക്ഷ. പണി തീർന്നിട്ടും പണം വാങ്ങിയ ഒരു ഫ്ലാറ്റ് പോലും രജിസ്റ്റർ ചെയ്തിട്ടില്ല. ആധാരവും മറ്റു രേഖകളും മുരളീധരൻ തിരിച്ചു തന്നില്ലെന്നാരോപിച്ച്, ഫ്ലാറ്റ് നിലനിൽക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശമുള്ള വസീമും ചേവായൂർ സ്റ്റേഷനിൽ പരാതി നൽകി. തട്ടിപ്പിനിരയായവർ സംഘടിച്ച് മുന്നോട്ടുപോകാനാണ് തീരുമാനം. കള്ളപ്പണമായതിനാൽ ചിലർ പരാതി നൽകില്ലെന്ന് മുരളീധരൻ തന്നെ അവകാശപ്പെട്ടിരുന്നു. പലതരത്തിൽ ബ്ലാക്ക്മെയിലിങ്ങും നടത്തിയതായി സൂചനയുണ്ട്.
അറിയപ്പെടുന്ന ഡോക്ടർമാരടക്കമുള്ള സമൂഹത്തിലെ ഉന്നതരെ മുന്നിൽ നിർത്തിയാണ് ഫ്ലാറ്റ് വിൽപന നടത്തി വന്നത്. കോഴിക്കോട് മെഡിക്കൽ കോളജിലെ മുൻ പ്രിൻസിപ്പൽ ഡോ. പി.വി. നാരായണനും ഗൈനക്കോളജി വിഭാഗം മുൻ യൂനിറ്റ് മേധാവി ഡോ. വിനയചന്ദ്രനും മെല്ലോ ഫൗണ്ടേഷെൻറ ഡയറക്ടർമാരാണെന്നാണ് വെബ്സൈറ്റിലും മറ്റുമുള്ളത്.
നേരത്തേ ഒപ്പിട്ട് വാങ്ങി ഇവരെ വഞ്ചിക്കുകയായിരുന്നൂവെന്നും പറയുന്നു. ഒരു ഫ്ലാറ്റിെൻറ ഉടമ എന്ന നിലയിൽ ഉപദേശക സമിതിയിലുണ്ടെന്നും ഡയറക്ടറല്ലെന്നും ഡോ. വിനയചന്ദ്രൻ 'മാധ്യമ' ത്തോട് പറഞ്ഞു. അതേസമയം, മെല്ലോ ബിൽഡേഴ്സ് എന്ന പേരിൽ ഡിബഞ്ചറുകളിലൂടെ നിക്ഷേപം സ്വീകരിക്കുന്ന പദ്ധതിയുടെ ബ്രോഷറിലും ഡോ. പി.വി. നാരായണനും ഡോ. വിനയചന്ദ്രനും ഡയറക്ടർമാരായാണ് അറിയപ്പെടുന്നത്. 24 ലക്ഷം നിക്ഷേപിച്ചാൽ 27,000 രൂപയും 12 ലക്ഷത്തിന് 12,500 രൂപയും മാസം വരുമാനമുണ്ടാകുമെന്നാണ് വാഗ്ദാനം.
ഇതുവഴിയുള്ള തുക ഉപയോഗിച്ച് ഒറ്റപ്പാലത്തും കണ്ണൂരും പുതിയ നിർമാണപദ്ധതി തുടങ്ങിയതായി പരാതിക്കാർ പറയുന്നു. എന്നാൽ, എല്ലാ ആക്ഷേപങ്ങളും തെറ്റാണെന്നും പണം തന്നവർക്കെല്ലാം ഫ്ലാറ്റ് കൈമാറിയിട്ടുണ്ടെന്നും ആരോപണ വിധേയനായ മുരളീധരൻ പറഞ്ഞു.
നഗരത്തിലെ പ്രമുഖ ഗൈനക്കോളജിസ്റ്റായ ഡോ. ശാന്ത ബാലകൃഷ്ണനെ വർഷങ്ങളായി മുരളീധരൻ പറ്റിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന ആക്ഷേപവുമുണ്ട്. തുടക്കത്തിൽ ശാന്ത ബാലകൃഷ്ണൻ മെല്ലോ ഫൗണ്ടേഷെൻറ ഡയറക്ടറും മുരളീധരൻ എം.ഡിയുമായിരുന്നു. 20 വർഷത്തെ പരിചയത്തിനിടെ മുരളീധരൻ രണ്ടരക്കോടിയിലേറെ രൂപ വാങ്ങിയിട്ടും തിരിച്ചുകൊടുത്തില്ല.
ഈ തുക ഉപയോഗിച്ചാണ് ആദ്യം ഈസ്റ്റ്ഹില്ലിലും പിന്നീട് തടമ്പാട്ടുതാഴത്തും ഫ്ലാറ്റ് സമുച്ചയം നിർമിച്ചത്. മക്കളില്ലാത്ത തന്നെ മകനെപ്പോലെയാണെന്ന് പറഞ്ഞ് വിശ്വാസം പിടിച്ചുപറ്റി വഞ്ചിക്കുകയായിരുന്നെന്ന് ഡോ. ശാന്ത ബാലകൃഷ്ണൻ 'മാധ്യമ'ത്തോട് പറഞ്ഞു. മുരളീധരൻ തെൻറ സമ്പാദ്യം കൈക്കലാക്കി ധൂർത്തടിച്ചെന്ന് അവർ പറഞ്ഞു. അടുത്ത ദിവസങ്ങളിൽ ശാന്ത ബാലകൃഷ്ണൻ പരാതി നൽകും. സ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള മുരളീധരൻ നെറ്റ്വർക്ക് മാർക്കറ്റിങ്ങിെൻറ പ്രചാരണത്തിനെത്തിയാണ് ഡോ. ശാന്തയെ പരിചയപ്പെടുന്നത്.
കുടുംബസ്വത്തടക്കം വിറ്റാണ് ഇയാൾക്ക് പണം കൈമാറിയത്. ലക്ഷക്കണക്കിന് രൂപയുടെ സ്വർണവും കൈക്കലാക്കിയതായി ഡോ. ശാന്ത പറഞ്ഞു. ഡോക്ടറുടെ കള്ള ഒപ്പിട്ട് ജാമ്യക്കാരിയാക്കി കോട്ടക് മഹീന്ദ്രയിൽ നിന്ന് വായ്പ സംഘടിപ്പിച്ച് ആഡംബര ബൈക്കായ ഹാർലി ഡേവിഡ്സൺ വാങ്ങിയിരുന്നു.
രണ്ടരക്കോടി രൂപ കൈപ്പറ്റിയിട്ടും കരിക്കാംകുളത്ത് ചെറിയൊരു ഫ്ലാറ്റ് തരാമെന്നായിരുന്നു പിന്നീട് മുരളീധരൻറ നിലപാട്. അതേസമയം, ഒരു ഫ്ലാറ്റ് നൽകി ഇടപാടുകൾ എല്ലാം തീർത്തതായി മുരളീധരൻ പറഞ്ഞു.
മെല്ലോ ഫൗണ്ടേഷൻ ഫ്ലാറ്റ് തട്ടിപ്പു കേസിൽ നൽകിയ പരാതിയിൽ പ്രതിയായ പി.ടി. ഉഷയെ ഒഴിവാക്കാൻ നീക്കമെന്ന് പരാതിക്കാരിയായ ജെമ്മ ജോസഫ്. സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് ഉഷയെ ഒഴിവാക്കാനാണ് ശ്രമം. കഴിഞ്ഞ ദിവസം സിറ്റി പൊലീസ് മേധാവി ഓഫിസിൽ ഉഷയും ഭർത്താവും ഹാജരായിരുന്നു.
തനിക്ക് കേസിൽ ബന്ധമില്ലെന്നാണ് ഉഷ പൊലീസ് മേധാവിയെ അറിയിച്ചത്. ഫ്ലാറ്റ് പരിചയപ്പെടുത്തി കൊടുക്കുക മാത്രമാണ് ചെയ്തത്. എന്നാൽ, ഉഷയുടെ നിർബന്ധവും നിരന്തര പ്രേരണയും വിശ്വസിച്ചാണ് ഫ്ലാറ്റ് വാങ്ങിയതെന്നാണ് സുഹൃത്ത് കൂടിയായ പരാതിക്കാരിയുടെ നിലപാട്.
മുന്തിയ സൗകര്യമുള്ള ഫ്ലാറ്റാണെന്നും നഗരമധ്യത്തിലാണെന്നും വാഗ്ദാനം ചെയ്തതായും പരാതിക്കാരി പറഞ്ഞു. ഇതുസംബന്ധിച്ച് രണ്ടു മാസങ്ങൾക്ക് മുമ്പ് നൽകിയ പരാതിയിലാണ് കഴിഞ്ഞ ദിവസം വെള്ളയിൽ പൊലീസ് കേസെടുത്തത്. കുടുതൽ അന്വേഷണത്തിന് ശേഷമെ അറസ്റ്റടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കൂവെന്ന് വെള്ളയിൽ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.