ഫ്ലാറ്റ്​ തട്ടിപ്പ്​ പരാതി: പി.ടി. ഉഷയടക്കം ഏഴു പേർക്കെതിരെ കേസ്​

കോഴിക്കോട്​: ഫ്ലാറ്റ്​ നൽകാമെന്ന്​ പറഞ്ഞ്​ 46 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ അത്​ലറ്റ്​ പി.ടി. ഉഷയടക്കം ഏഴു പേർക്കെതിരെ കേസ്​. വഞ്ചനക്കു​റ്റത്തിനാണ്​ വെള്ളയിൽ ​പൊലീസ്​ കേസെടുത്തത്​. മുൻ ഇൻറർനാഷണൽ അത്​ലറ്റും കണ്ണൂർ സ്​പോർട്​സ്​ ഡിവിഷനിൽ പി.ടി ഉഷയുടെ ജൂനിയറുമായിരുന്ന ജെമ്മ ജോസഫാണ്​ പരാതി​ നൽകിയത്​.

ടാഗോർ സെൻറിനറി ഹാളിന്​ സമീപം പ്രവർത്തിക്കുന്ന മെല്ലോ ഫൗണ്ടേഷൻ നിർമാണ കമ്പനിയുടെ ഡയറക്​ടർമാരടക്കം ഏഴ്​ പേർക്കെതിരെയാണ്​ ഐ.പി.സി 420 പ്രകാരം കേസെടുത്തത്​. പറഞ്ഞ സമയത്ത് ഫ്ലാറ്റ്​​ രജിസ്​റ്റർ ചെയ്​ത്​ നൽകിയില്ലെന്നും പണം തിരിച്ചുനൽകിയില്ലെന്നും പരാതിയിൽ പറയുന്നു. മെഡിക്കൽ കോളജിലെ മുൻ ഡോക്​ടർ അടക്കമുള്ളവരും പ്രതികളാണ്​. നെയ്​വേലി ലിഗ്​നൈറ്റ്​ കോർപറേഷനിൽ അസിസ്​റ്റൻറ്​ പേഴ്​സണൽ ഓഫിസറും കണ്ണൂർ സ്വദേശിയുമായ ജെമ്മ ജോസഫ്​ സിറ്റി ​പൊലീസ്​ മേധാവി എ.വി. ജോർജിന്​ നൽകിയ പരാതി വെള്ളയിൽ ​പൊലീസ്​ സ്​റ്റേഷനിലേക്ക്​ കൈമാറുകയായിരുന്നു. തുടർന്ന്​ വെള്ളിയാഴ്​ച രാവിലെയാണ്​ കേസെടുത്തത്​.

40 വർഷത്തിലേറെയായി അടുത്ത സുഹൃത്തായ പി.ടി ഉഷ, നിരന്തരം പ്രേരിപ്പിച്ചതിനാൽ ഫ്ലാറ്റിനായി തുക നൽകി താൻ വഞ്ചിതയായെന്ന്​ ജെമ്മ ജോസഫ്​ പരാതിയിൽ പറയുന്നു. കരിക്കാംകുളത്തിനും തടമ്പാട്ടുതാഴത്തിനും ഇടയിലുള്ള 'സ്​കൈവാച്ച്​' എന്ന ഫ്ലാറ്റ്​ വാങ്ങാൻ 46 ലക്ഷം രൂപയാണ്​ നിർമാണ കമ്പനിയുടെ മാനേജിങ്​ ഡയറക്​ടറായ ആർ. മുരളീധരൻ വാങ്ങിയത്​. 2021 മാർച്ച്​ എട്ടിന്​ രണ്ട്​ ലക്ഷവും മാർച്ച്​ 15ന്​ 44 ലക്ഷവും ​ചെക്ക്​ വഴി നെയ്​വേലിയിലെ വീട്ടിൽ വന്ന്​ മുരളീധരൻ​ കൈപ്പറ്റുകയായിരുന്നു. 35000 രൂപ മാസവാടക തരാമെന്നും മുരളീധരനും ഉഷയും വാഗ്​ദാനം നൽകി. ​പ്രീമിയം ലക്ഷ്വറി ഫ്ലാറ്റ്​ എന്ന പേരിലാണ്​ 1012 സ്​ക്വയർ ഫീറ്റ്​ മാ​ത്രമു​ള്ള ഫ്ലാറ്റിന്​​ വൻതുക വാങ്ങിയത്​. ​

പ്രോവിഡൻറ്​ ഫണ്ടിൽനിന്ന്​ വായ്​പയെടുത്താണ്​ തുക നൽകിയത്​. ഫ്ലാറ്റ്​ കാണാൻ അനുവദിച്ചില്ല​. നിരന്തരം ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്ന ഉഷ പിന്നീട്​ പരാതിക്കാരിയുടെ ഫോൺ നമ്പർ ​ബ്ലോക്ക്​ ​ചെയ്​തു. പണം തിരിച്ചുനൽകാമെന്ന്​ പറഞ്ഞ ശേഷം വാക്കുമാറ്റുകയായിരുന്നെന്നും പരാതിയിലുണ്ട്​. നഗരമധ്യത്തിലാണ്​ ഫ്ലാറ്റെന്നും 76 ലക്ഷം രൂപയുടെ മൂല്യമുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചതായും പരാതിയിൽ പറയുന്നു.

അതേസമയം, വളരെക്കാലമായുള്ള സുഹൃത്ത്​ എന്ന നിലയിൽ ഫ്ലാറ്റ്​ വിൽപനക്കുണ്ടെന്ന്​ പറഞ്ഞ്​​െകാടുക്കുക മാത്രമാണ്​ ചെയ്​തതെന്നും പണം വാങ്ങിയതടക്കമുള്ള കാര്യങ്ങളിൽ പങ്കില്ലെന്നും ബാക്കിയുള്ള ആരോപണങ്ങളെല്ലാം തെറ്റാണെന്നും പി.ടി. ഉഷ പ്രതികരിച്ചു.

Tags:    
News Summary - Property fraud complaint Case against seven persons including P.T Usha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.