ഫ്ലാറ്റ് തട്ടിപ്പ് പരാതി: പി.ടി. ഉഷയടക്കം ഏഴു പേർക്കെതിരെ കേസ്
text_fieldsകോഴിക്കോട്: ഫ്ലാറ്റ് നൽകാമെന്ന് പറഞ്ഞ് 46 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ അത്ലറ്റ് പി.ടി. ഉഷയടക്കം ഏഴു പേർക്കെതിരെ കേസ്. വഞ്ചനക്കുറ്റത്തിനാണ് വെള്ളയിൽ പൊലീസ് കേസെടുത്തത്. മുൻ ഇൻറർനാഷണൽ അത്ലറ്റും കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ പി.ടി ഉഷയുടെ ജൂനിയറുമായിരുന്ന ജെമ്മ ജോസഫാണ് പരാതി നൽകിയത്.
ടാഗോർ സെൻറിനറി ഹാളിന് സമീപം പ്രവർത്തിക്കുന്ന മെല്ലോ ഫൗണ്ടേഷൻ നിർമാണ കമ്പനിയുടെ ഡയറക്ടർമാരടക്കം ഏഴ് പേർക്കെതിരെയാണ് ഐ.പി.സി 420 പ്രകാരം കേസെടുത്തത്. പറഞ്ഞ സമയത്ത് ഫ്ലാറ്റ് രജിസ്റ്റർ ചെയ്ത് നൽകിയില്ലെന്നും പണം തിരിച്ചുനൽകിയില്ലെന്നും പരാതിയിൽ പറയുന്നു. മെഡിക്കൽ കോളജിലെ മുൻ ഡോക്ടർ അടക്കമുള്ളവരും പ്രതികളാണ്. നെയ്വേലി ലിഗ്നൈറ്റ് കോർപറേഷനിൽ അസിസ്റ്റൻറ് പേഴ്സണൽ ഓഫിസറും കണ്ണൂർ സ്വദേശിയുമായ ജെമ്മ ജോസഫ് സിറ്റി പൊലീസ് മേധാവി എ.വി. ജോർജിന് നൽകിയ പരാതി വെള്ളയിൽ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. തുടർന്ന് വെള്ളിയാഴ്ച രാവിലെയാണ് കേസെടുത്തത്.
40 വർഷത്തിലേറെയായി അടുത്ത സുഹൃത്തായ പി.ടി ഉഷ, നിരന്തരം പ്രേരിപ്പിച്ചതിനാൽ ഫ്ലാറ്റിനായി തുക നൽകി താൻ വഞ്ചിതയായെന്ന് ജെമ്മ ജോസഫ് പരാതിയിൽ പറയുന്നു. കരിക്കാംകുളത്തിനും തടമ്പാട്ടുതാഴത്തിനും ഇടയിലുള്ള 'സ്കൈവാച്ച്' എന്ന ഫ്ലാറ്റ് വാങ്ങാൻ 46 ലക്ഷം രൂപയാണ് നിർമാണ കമ്പനിയുടെ മാനേജിങ് ഡയറക്ടറായ ആർ. മുരളീധരൻ വാങ്ങിയത്. 2021 മാർച്ച് എട്ടിന് രണ്ട് ലക്ഷവും മാർച്ച് 15ന് 44 ലക്ഷവും ചെക്ക് വഴി നെയ്വേലിയിലെ വീട്ടിൽ വന്ന് മുരളീധരൻ കൈപ്പറ്റുകയായിരുന്നു. 35000 രൂപ മാസവാടക തരാമെന്നും മുരളീധരനും ഉഷയും വാഗ്ദാനം നൽകി. പ്രീമിയം ലക്ഷ്വറി ഫ്ലാറ്റ് എന്ന പേരിലാണ് 1012 സ്ക്വയർ ഫീറ്റ് മാത്രമുള്ള ഫ്ലാറ്റിന് വൻതുക വാങ്ങിയത്.
പ്രോവിഡൻറ് ഫണ്ടിൽനിന്ന് വായ്പയെടുത്താണ് തുക നൽകിയത്. ഫ്ലാറ്റ് കാണാൻ അനുവദിച്ചില്ല. നിരന്തരം ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്ന ഉഷ പിന്നീട് പരാതിക്കാരിയുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്തു. പണം തിരിച്ചുനൽകാമെന്ന് പറഞ്ഞ ശേഷം വാക്കുമാറ്റുകയായിരുന്നെന്നും പരാതിയിലുണ്ട്. നഗരമധ്യത്തിലാണ് ഫ്ലാറ്റെന്നും 76 ലക്ഷം രൂപയുടെ മൂല്യമുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചതായും പരാതിയിൽ പറയുന്നു.
അതേസമയം, വളരെക്കാലമായുള്ള സുഹൃത്ത് എന്ന നിലയിൽ ഫ്ലാറ്റ് വിൽപനക്കുണ്ടെന്ന് പറഞ്ഞ്െകാടുക്കുക മാത്രമാണ് ചെയ്തതെന്നും പണം വാങ്ങിയതടക്കമുള്ള കാര്യങ്ങളിൽ പങ്കില്ലെന്നും ബാക്കിയുള്ള ആരോപണങ്ങളെല്ലാം തെറ്റാണെന്നും പി.ടി. ഉഷ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.