മലപ്പുറം: ഒരായുസ്സിെൻറ സമ്പാദ്യമായി കാത്തുവെച്ചതെല്ലാം കവർന്നെടുത്ത പ്രളയ ജലമിറങ്ങിയിട്ട് ഒരാണ്ടാവുന്നു. ജീവിതവും ജീവിതമാർഗങ്ങളും കിടപ്പാടവും വെള്ളമെടുത്ത ദുരന്തത്തിലകപ്പെട്ടവരിൽ പലരും കയറിക്കിടക്കാൻ സ്വന്തം ഇടമില്ലാതെ റബർ എസ്റ്റേറ്റിലെ റാട്ടപ്പുരകളിലും വാടക വീടുകളിലുമൊക്കെയാണ് കഴിയുന്നത്.
മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ നാശമുണ്ടായ നിലമ്പൂർ മേഖലയിലെ മതിൽമൂല കോളനി, ഉരുൾെപാട്ടലിൽ ആറു പേർ മരിച്ച ചെട്ടിയംപാറ, ഏഴു പേരുടെ ജീവൻ മണ്ണെടുത്ത അരീക്കോട് ഓടക്കയം എന്നിവിടങ്ങളിൽ താമസിച്ചിരുന്നവരൊക്കെ ഇപ്പോഴും മറ്റുള്ളവരുടെ ഇറയത്താണ്. കാഞ്ഞിരപ്പുഴ ഗതിമാറി ഒഴുകിയാണ് ആദിവാസികളും പട്ടികജാതിക്കാരും അടക്കം 64 കുടുംബങ്ങൾ താമസിച്ചിരുന്ന മതിൽമൂല കോളനിയെ മുക്കിയത്. ഇവിടെ ഒമ്പത് വീടുകൾ പൂർണമായി പുഴയെടുത്തു. ബാക്കിയുള്ളവ താമസയോഗ്യമല്ലാതായി.
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞ ഇവർ പിന്നീട് വാടക വീട്ടിലേക്ക് മാറി. തുടക്കത്തിൽ വാടക പഞ്ചായത്ത് നൽകിയെങ്കിലും കഴിഞ്ഞ ഏപ്രിൽ മുതൽ അതും നിന്നു.
മതിൽമൂലയിൽ താമസിച്ചിരുന്ന 36 കുടുംബങ്ങൾക്ക് പരിസരത്തെ വനഭൂമിയായ കണ്ണംകുണ്ടിൽ ഭൂമി കണ്ടെത്തിയത് ഈയിടെയാണ്. കോളനിയിൽ ബാക്കിയായ പൊളിഞ്ഞ വീടുകളുടെ പരിസരത്ത് പശുവിനെ മേച്ചും രാത്രി ബന്ധുവീടുകളിലും വാടക വീടുകളിലുമാണ് അവർ കഴിയുന്നത്. ബാക്കി കുടുംബങ്ങൾക്ക് സ്ഥലം വാങ്ങി വീടു നിർമിക്കാൻ കഴിഞ്ഞ ദിവസം 3.60 കോടി രൂപ അനുവദിച്ചതായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
അഞ്ച് സെൻറിൽ വീട് നിർമിച്ചുനൽകാനാണ് പദ്ധതി. പഞ്ചായത്തിൽ തന്നെ ഭൂമി കണ്ടെത്താം. ഒരു കുടുംബത്തിന് 10 ലക്ഷം രൂപ വീതം നൽകും. ഇവിടെയുണ്ടായിരുന്ന ഒമ്പത് പട്ടികജാതി കുടുംബങ്ങൾക്ക് വീട് നിർമിക്കാൻ നാല് ലക്ഷം വീതം 36 ലക്ഷവും അനുവദിച്ചു.
ഉണ്ടായിരുന്നതെല്ലാം നഷ്ടമായി ഒരു വർഷമായിട്ടും സ്വന്തമായി കൂര എന്ന സ്വപ്നം ഇനിയും അകലെയാണ് ഈ സാധു മനുഷ്യർക്ക്.
ആഗസ്റ്റ് 14ന് രാത്രി 9.30ഒാടെയാണ് മതിൽമൂലക്ക് സമീപത്തെ ചെട്ടിയംപാറയിൽ ഉരുൾപൊട്ടി ഒമ്പത് കുടുംബങ്ങൾ വഴിയാധാരമായത്. അഞ്ചു വീടുകൾ പൂർണമായി മണ്ണിനടിയിലായി. നാലു കുടുംബങ്ങൾക്ക് മാത്രമാണ് സ്ഥലം കണ്ടെത്തിയത്.
അതിെൻറ രേഖ ഇതുവരെ കിട്ടിയിട്ടില്ല. പട്ടികവർഗക്കാരായ രണ്ടു കുടുംബങ്ങൾ താമസിക്കുന്നത് പരിസരത്തെ സ്വകാര്യ വ്യക്തിയുടെ റാട്ടപ്പുരയിലാണ്. ഓലമേഞ്ഞ ഷെഡിെൻറ മുകളിൽ ഷീറ്റ് വിരിച്ചാണ് എട്ടുപേരുള്ള കുടുംബം കഴിയുന്നത്. തൊട്ടടുത്ത എസ്റ്റേറ്റിലെ ഷെഡിലും മറ്റൊരു കുടുംബം കഴിയുന്നു. ഇവർക്ക് ഇതുവരെ വീടുവെക്കാൻ സ്ഥലം പോലും കണ്ടെത്തിയില്ല. ഉരുൾപൊട്ടിയ സമയത്ത് സ്ഥലമില്ലാതിരുന്ന രണ്ടു കുടുംബങ്ങൾ സർക്കാർ രേഖയിൽ എവിടെയുമില്ല.
അരീക്കോട് ഓടക്കയത്ത് ഉരുൾപൊട്ടി പട്ടികവർഗക്കാരുടെ അഞ്ചു വീടുകളാണ് പൂർണമായി തകർന്നത്. അന്നുമുതൽ മൂന്നു കുടുംബങ്ങളിലെ 13 പേർ കഴിയുന്നത് ഓടക്കയം ഗവ. സ്കൂളിന് സമീപത്തെ രണ്ടു മുറികൾ മാത്രമുള്ള നെഹ്റു യുവജന ൈട്രബൽ ക്ലബിലാണ്. ബാക്കിയുള്ളവർ വാടക വീടുകളിൽ. സ്വകാര്യ വ്യക്തി നൽകിയ സ്ഥലത്ത് ഇവർക്ക് അഞ്ചുസെൻറ് വീതം ഭൂമി അടുത്തിടെ ലഭിച്ചിട്ടുണ്ട്. ഇവിടെ എന്ന് വീട് നിർമിക്കാനാവുമെന്ന് ഇവർക്ക് ഒരു പിടിയുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.