തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി കടന്നുപോകുന്നത് 164 പ്രളയസാധ്യതാ പ്രദേശങ്ങളിലൂടെയെന്ന് വിശദപദ്ധതി രേഖ (ഡി.പി.ആർ). ഇതിൽ മുരുക്കുംപുഴ, മരുതൂർ, തോട്ടുവ, വാകത്താനം, ഇടയത്തൂർ, തിരുനാവായ തുടങ്ങി 25 പ്രദേശങ്ങൾ അതിപ്രശ്നസാധ്യതയുള്ളതാണെന്നും ഇവിടങ്ങളിൽ പ്രളയ സാധ്യത ഒഴിവാക്കാനായി തോട് വഴിതിരിച്ചുവിടുകയോ പാലമോ കലുങ്കുകളോ പണിയുകയോ ചെയ്യണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
വെള്ളപ്പൊക്ക സമതലമായതിനാൽ തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം സ്റ്റേഷനുകളും കൊല്ലം കാസർകോട് യാഡുകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. കൊല്ലം സ്റ്റേഷൻ യാഡിലും എറണാകുളത്തും കാസർകോട് യാഡിനെ സംബന്ധിച്ചും കൂടുതൽ പഠനം ആവശ്യമാണെന്നും ഡി.പി.ആറിൽ പറയുന്നു. തീരദേശ മേഖലയിലൂടെ സിൽവർ ലൈൻ കടന്നുപോകുന്നുണ്ടെങ്കിലും സൂനാമി സാധ്യതയെയും വലിയ തിരമാലകളെയും കുറിച്ച് കാര്യമായ പഠനം നടത്തിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
നിർമാണ പ്രവർത്തനങ്ങൾ വൻതോതിൽ പാരിസ്ഥിതികാഘാതത്തിന് വഴിവെക്കുമെന്ന് റിപ്പോർട്ടിൽ അക്കമിട്ട് നിരത്തുന്നുണ്ട്. നിർമാണ പ്രവർത്തനങ്ങൾക്കായി വൻതോതിലുള്ള കരിങ്കല്ലാണ് വേണ്ടിവരിക. ഇതിനായി പുതിയ ക്വാറികൾ തുറക്കേണ്ടിവരും. ആഘാതം പ്രവചിക്കാൻ കഴിയില്ല. ക്വാറികളുടെ പ്രവർത്തനം ജലപരിസ്ഥിതിയെ ബാധിക്കും. പദ്ധതിയുടെ തുടക്കത്തിൽ നടത്തുന്ന മണ്ണുപണികൾ വെള്ളപ്പൊക്കത്തിന് കാരണമാകും. കായലുകളിൽ ചളിയുടെ ഒഴുക്ക് വർധിക്കും. അതിന്റെ ഫലമായി ഉപരിതല പ്രവാഹം വർധിച്ച് പദ്ധതി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകും. ഡ്രെയിനേജ് സംവിധാനങ്ങൾ അടയപ്പെട്ടാൽ ഉരുൾപൊട്ടൽ പോലുള്ള ദുരന്തത്തിന് കേരളം സാക്ഷിയാകേണ്ടിവരുമെന്നും പദ്ധതിരേഖയിൽ അടിവരയിടുന്നുണ്ട്.
പ്രകൃതി നശീകരണം ദീർഘകാലാടിസ്ഥാനത്തിൽ പ്രാദേശിക അന്തരീക്ഷ താപനിലയിൽ വർധനക്ക് കാരണമാകും. ട്രെയിനുകൾ ഓടിത്തുടങ്ങുന്നതോടെ എയർ കണ്ടീഷനിങ് സംവിധാനത്തിലൂടെയും സ്റ്റേഷനുകളിലെ ഡീസൽ ജനററേറ്റുകളിൽ നിന്നും ഹരിതവാതക ബഹിർഗമനമുണ്ടാകും. ചലനവും കുലുക്കവും മൂലം നിർദിഷ്ട അലൈൻമെൻറിനോട് ചേർന്നുള്ള താമസക്കാരുടെ ഉറക്കത്തിനും മാനസിക അസ്ഥിരതക്കും ഇടയാക്കും. പ്രത്യേകിച്ച്, അംഗൻവാടികളും ആശുപത്രികളും. കന്നുകാലികൾ ഉൾപ്പെടെയുള്ള ജന്തുജാലങ്ങൾക്ക് രാത്രികാലങ്ങളിൽ ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാമെന്നും റിപ്പോർട്ടിലുണ്ട്.
ഒമ്പത് ആരാധനാലയങ്ങളും പൊളിക്കേണ്ടിവരും •കേരളത്തെ വിഭജിക്കില്ലെന്ന് അവകാശവാദം
തിരുവനന്തപുരം: സിൽവർ ലൈൻ അർധ അതിവേഗ റെയിൽ പാതക്കായി പൊളിക്കേണ്ടി വരുക 9314 കെട്ടിടങ്ങൾ. ഇതിൽ ഒമ്പത് ആരാധനാലയങ്ങളുണ്ട്. 10,347 കെട്ടിടങ്ങളാണ് പാതയിൽ വരുന്നതെങ്കിലും 10 ശതമാനം സംരക്ഷണ ഭിത്തി കെട്ടി നിലനിർത്താനാകുമെന്നാണ് വിലയിരുത്തൽ.
പരമാവധി ആരാധനാകേന്ദ്രങ്ങൾ ഒഴിവാക്കാൻ ശ്രമിച്ചു. അഞ്ച് മുസ്ലിം പള്ളികൾ, ഒരു ക്രിസ്ത്യൻ പള്ളി, മൂന്നു ക്ഷേത്രങ്ങൾ എന്നിവയാണ് പൊളിക്കേണ്ടി വരുക. ഇവ മാറ്റി സ്ഥാപിക്കും. ശ്രീഉജ്ജയിനി മഹാകാളി അമ്മൻ ക്ഷേത്രം, അർപന്തോട് ശ്രീ അരയാൽത്തറ മുത്തപ്പൻകാവ്, ശ്രീസുബ്രഹ്മണ്യൻ കോവിൽ, പള്ളിക്കര നീലേശ്വരം, പെന്തകോസ്റ്റ് മിഷൻ ചർച്ച്, ടൗൺ മസ്ജിദ് കണിയാപുരം, വെങ്ങാല്ലൂർ ജുമാ മസ്ജിദ്, വെങ്ങാലൂർ സുന്നി ജുമാ മസ്ജിദ്, പാവങ്ങാട് വെങ്ങാലി മസ്ജിദ്, ആനയിടുക്ക് ജുമാ മസ്ജിദ്, കാസർകോട് സ്റ്റേഷന് സമീപത്തെ ഇസ്ലാമിയത്ത് മസ്ജിദ് എന്നിവയാണിത്.
യാത്രക്കാരുടെ ബാഹുല്യമില്ലാത്തതിനാൽ തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധിപ്പിക്കുന്നില്ല. കോഴിക്കോട് വിമാനത്താവവളവുമായും ബന്ധിപ്പിക്കില്ല. ആദ്യഘട്ടത്തിൽ തന്നെ നെടുമ്പാശ്ശേരിയുമായി ബന്ധിപ്പിക്കും. കൊച്ചി മെട്രോയുടെ അടുത്ത ഘട്ടം വരുന്ന കാക്കനാടാണ് സ്റ്റേഷൻ.
അലൈൻമെന്റ് സംസ്ഥാനത്തെ രണ്ടായി വിഭജിക്കില്ല. പാത മുറിച്ചു കടക്കാൻ സംവിധാനം വരും. നിലവിലുള്ളവക്ക് പുറമെ, പുതിയ സംവിധാനങ്ങളും വരും. 1.435 മീറ്ററാകും കെ-റെയിൽ പാതയുടെ വീതി. 2.4 മീറ്റർ ഉയരത്തിലാകും മതിൽ. ചില മേഖലകളിൽ രണ്ട് മീറ്ററിലും. ഇതു പരസ്യങ്ങൾക്കും മറ്റുമായി ഉപയോഗപ്പെടുത്തും.
പാതയുടെ വശത്ത് 30 മീറ്ററിൽ നിർമാണ നിയന്ത്രണം (ബഫർ സോൺ) വരും. സമീപത്തെ നിർമാണത്തിന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വേണ്ടി വരും. 10 മീറ്റർ പരിധിയിൽ നിയന്ത്രണം മതിയെന്ന് കെ-റെയിൽ സർക്കാറിന് ശിപാർശ ചെയ്തതായി അധികൃതർ പറയുന്നു. നെടുമ്പാശ്ശേരി ഒഴികെ 10 സ്റ്റേഷനുകളിലും അനുബന്ധമായി വികസന സാധ്യതകൾ. പാതയുടെ നിർമാണത്തിന് മധ്യകേരളത്തിൽ നിർമാണ സാമഗ്രികൾ ലഭ്യമാണ്.
അലൈൻമെന്റ് വളരെ പ്രതികൂല ഭാഗത്തു കൂടി കടന്നുപോകുന്നതിനാൽ നിർമാണം അതിനനുസിച്ചാകണം. പ്രളയത്തിൽ ട്രാക് ഇടിയാതിരിക്കാൻ തക്ക നിർമാണമാകും നടത്തുക. ദേശീയപാത 544 ൽ കൊല്ലം- തിരുവനന്തപുരം ഭാഗത്ത് നാല് സ്ഥലത്ത് ക്രോസ് ചെയ്യും. നിരവധി സ്ഥലത്ത് നിലവിലെ റെയിൽവേ ലൈനുകളെയും മറികടക്കുന്നുണ്ട്. വന്യജീവി സങ്കേതങ്ങളെയും ദേശീയ പാർക്കുകളെയും ബാധിക്കില്ല. ജലാശയങ്ങളിലും വലിയ ആഘാതമുണ്ടാക്കില്ല. പരിസ്ഥിതിലോല പ്രദേശങ്ങളെയും പരമാവധി ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.