lakshadweep

ഭരണകൂടം തിരിഞ്ഞുനോക്കുന്നില്ല; ലക്ഷദ്വീപിൽ ഭക്ഷ്യക്ഷാമം, ജനങ്ങൾ ദാരിദ്ര്യത്തിൽ

കൊച്ചി: ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധം ശക്തമാകുന്ന ലക്ഷദ്വീപിൽ ലോക്ഡൗൺ നീട്ടിയതോടെ ജീവിതം കൂടുതൽ ദുസ്സഹമാകുന്നു. റേഷൻ കടകളിലടക്കം വ്യാപാര സ്ഥാപനങ്ങളിൽ ഭക്ഷ്യസാധനങ്ങളില്ലെന്ന്​ ജനങ്ങൾ പറയുന്നു. ലോക്ഡൗൺ ഏർപ്പെടുത്തിയതോടെ ഏപ്രിൽ മുതൽ തൊഴിലില്ലാതെ വീട്ടിലിരിക്കുന്ന ജനങ്ങൾ ദാരിദ്ര്യത്തിലാണ്. കടകളിൽ സാധനങ്ങളില്ലാതായതോടെ ഭക്ഷ്യക്ഷാമവും രൂക്ഷമായി.

എന്നാൽ, ജനങ്ങൾ എങ്ങനെ ജീവിക്കുന്നുവെന്ന് പോലും ഭരണകൂടം തിരിഞ്ഞുനോക്കുന്നില്ലെന്ന് അവർ ആരോപിച്ചു. കോവിഡുകാല സഹായമായി ഭക്ഷ്യക്കിറ്റ് ലഭ്യമാക്കാത്ത അധികൃതർക്ക് അശാസ്ത്രീയ നിയമങ്ങൾ നടപ്പാക്കുന്നതിൽ മാത്രമാണ് താൽപര്യമെന്നും ദ്വീപ് നിവാസികൾ കുറ്റപ്പെടുത്തുന്നു. ലോക്ഡൗൺ ആയതിനാൽ കടകളിലേക്ക് സാധനങ്ങൾ എത്തുന്നില്ല. ചരക്കുകപ്പലുകൾ എത്തുന്നതും കുറഞ്ഞിരിക്കുകയാണ്​.

രണ്ടാഴ്ചമുമ്പ് ഉണ്ടായ രൂക്ഷമായ ചുഴലിക്കാറ്റിൽ ദ്വീപുനിവാസികളുടെ നിരവധി വീടുകളും മത്സ്യബന്ധന ബോട്ടുകളും തകർന്നിരുന്നു. ഇതിനും സഹായങ്ങളൊന്നും ലഭിച്ചിട്ടില്ല. ഭക്ഷണസാധനങ്ങളോ അവക്കുള്ള ധനസഹായമോ ലഭ്യമാക്കണമെന്നും അല്ലെങ്കിൽ തൊഴിൽ ചെയ്ത് ജീവിക്കാൻ അനുവദിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. ആവശ്യമായ ധനസഹായങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കവരത്തി വില്ലേജ് ദ്വീപ് പഞ്ചായത്ത് െചയർപേഴ്സൻ ടി. അബ്​ദുൽ ഖാദറിെൻറ നേതൃത്വത്തിൽ കലക്ടർ അസ്കർ അലിയുമായി കൂടിക്കാഴ്ച നടത്തി.

തൊഴിലാളികൾക്ക് ജോലിക്ക് പോകാനാവാത്ത സാഹചര്യമായതിനാൽ ധനസഹായമോ ഭക്ഷ്യക്കിറ്റുകളോ നൽകണമെന്ന് പഞ്ചായത്ത് പ്രതിനിധികൾ ആവശ്യപ്പെട്ടു. കവരത്തിയിലെ 10 പഞ്ചായത്ത് അംഗങ്ങളും രണ്ട് ജില്ല പഞ്ചായത്ത് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. 

Tags:    
News Summary - food crisis in lakshadweep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.