പറവൂർ: ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ട് ആദ്യം ഏഴു പേരാണ് പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. ഏഴിക്കര കെടാമംഗലം സ്വദേശികളായ രണ്ട് പേർ ആദ്യം എത്തി. പിന്നീട് മൂന്ന് പേരും, കുറച്ച് കഴിഞ്ഞ് രണ്ടു പേരും കൂടി ചികിത്സക്കായി എത്തി. ഡോക്ടർമാർ രോഗ വിവരങ്ങൾ ചോദിച്ചപ്പോഴാണ് ദേശീയപാതയോരത്ത് നഗരസഭ ഓഫീസിന് സമീപമുള്ള അറേബ്യൻ മജ്ലിസ് ഹോട്ടലിൽ നിന്നും തിങ്കളാഴ്ചച് വൈകീട്ട് കുഴിമന്തി കഴിച്ചവരാണന്ന് വിവരം ലഭിച്ചത്. ഗീതു (23), നവീൺ (21), അതുൽ (21), പ്രണവ് (21), ബോബീസ് (22), സാനിയ (16), സാമുവൽ (7), പ്രദീഷ് (23), ദീയ (21), ജീൻസ് (22), നിഹാൽ (22), ആസിഫ് (22), അബ്ദുൾ ഫത്താഹ് (22), സഞ്ജയ് മൃതുൽ (21), ഫെയ്ക് (20), മുഹമ്മദ് സ്വാലിഹ് (11) എന്നിവരാണ് പറവൂർ താലൂക്ക് ഗവ. ആശുപത്രിയിൽ ഉച്ചക്ക് മുമ്പ് ചികിത്സ തേടിയവർ. എന്നാൽ പീന്നീടത് 70ലേറെയായി. ഇതോടെ, ആശുപത്രിയും പരിസരവും ചികിത്സ തേടിയെത്തിവരെ കൊണ്ടും സഹായികളായി എത്തിയവരെ കൊണ്ടും നിറഞ്ഞു. കൂടാതെ നഗരസഭ അധികൃതർ പൊലീസ്, നാട്ടുകാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരും ഉൾപ്പടെ വൻജന സഞ്ചയമായി. അഞ്ചു പേരെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തൃശൂർ ജില്ലയിലെ ഒല്ലൂക്കര പി.എച്ച്.സിയിൽ ആറു പേർ ചികിത്സ തേടി. പറവൂർ ഡോൺ ബോസ്കോ, കെ.എം.കെ തുടങ്ങിയ ആശുപത്രികളിലും ചിലർ ചികിത്സ തേടിയിട്ടുണ്ട്.
ഹോട്ടലുകളിൽ പരിശോധന കർശനമാക്കാൻ സർവകക്ഷിയോഗ തീരുമാനം
പറവൂർ: ഹോട്ടലിൽനിന്നും ഭക്ഷണം കഴിച്ച് 70ഓളം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റ സാഹചര്യത്തിൽ നഗരത്തിലെ എല്ലാ ഹോട്ടലുകളിലും പരിശോധന കർശനമാക്കാൻ ചൊവ്വാഴ്ച വൈകീട്ട് ചേർന്ന സർവ കക്ഷി യോഗം തീരുമാനിച്ചു. നഗരാതിർത്തിയിൽ കഴിഞ്ഞ രണ്ടാഴ്ചയായി നഗര സഭ ഹെൽത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി മോശം ഭക്ഷണം വിതരണം ചെയ്തിരുന്ന ഹോട്ടലുകൾ അടപ്പിക്കുകയും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച ഹോട്ടലുകൾക്ക് നോട്ടീസ് നൽകുകയും ചെയ്തിരുന്നു.
വരും ദിനങ്ങളിൽ പരിശോധന കൂടുതൽ കർക്കശമാക്കാനും നഗരാതിർത്തിയിലെ ഹോട്ടലുകളിലും, മാർക്കറ്റുകളിലും, സ്ഥാപനങ്ങൾ വിതരണം ചെയ്യുന്ന മത്സ്യ-മാംസത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനും അടിയന്തര നിർദേശം നൽകി. ഹോട്ടലുകളിലെ ജീവനക്കാരുടെ ആരോഗ്യ വിവരങ്ങളും പരിശോധിക്കും.
സ്ഥിരമായി മായം ചേർത്തതും മോശം ഭക്ഷണവും വിതരണം ചെയ്യുന്ന ഹോട്ടലുകൾ അടപ്പിക്കാൻ നടപടി സ്വീകരിക്കും. ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ ഫുഡ് സേഫ്റ്റി ലാബ് അടിയന്തരമായി സ്ഥാപിക്കാൻ സർക്കാറിനോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു. നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി അധ്യക്ഷത വഹിച്ചു. യോഗത്തിൽ വൈസ് ചെയർമാൻ എം.ജെ. രാജു, സ്ഥിരം സമിതി ചെയർമാന്മാർ, വിവിധ കക്ഷി നേതാക്കൾ, തഹസിൽദാർ, പൊലീസ്, നഗര സഭ ഹെൽത്ത് സൂപ്പർ വൈസർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.