തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ പരിശോധനക്കായി രഹസ്യസ്വഭാവത്തിൽ പ്രവർത്തിക്കുന്ന സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് (ഇന്റലിജന്‍സ്) രൂപവത്കരിച്ചു. ഭക്ഷ്യവിഷബാധ പോലുള്ളവ അടിയന്തര ഘട്ടങ്ങളില്‍ അന്വേഷിച്ച് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കൽ, സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന ഭക്ഷണത്തെക്കുറിച്ചുള്ള പരാതികളില്‍ ആവശ്യമായ അന്വേഷണവും നടപടിയും റിപ്പോര്‍ട്ട് നല്‍കലുമാണ് മുഖ്യ ചുമതല.
വിപണിയിൽ മായം ചേര്‍ത്ത ഭക്ഷ്യവസ്തുക്കളെത്തുന്നതിനുമുമ്പ് തടയുന്നതിനായി രഹസ്യസ്വഭാവത്തോടെ അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത് ടാസ്‌ക് ഫോഴ്‌സായിരിക്കും. ഭക്ഷ്യസുരക്ഷ ഡെപ്യൂട്ടി കമീഷണറുടെ നേതൃത്വത്തിൽ അസി. കമീഷണര്‍, രണ്ട് ഭക്ഷ്യസുരക്ഷ ഓഫിസര്‍മാര്‍, ക്ലര്‍ക്ക് എന്നിവരാണ് സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സിലുള്ളത്. ആറു മാസത്തിലൊരിക്കല്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.
സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സിന്റെ ചുമതലകൾ: 1. ഭക്ഷ്യവിഷബാധ, മായം ചേര്‍ക്കല്‍, അവയുടെ ഉൽപാദക കേന്ദ്രങ്ങള്‍, വിപണന മാര്‍ഗങ്ങള്‍ എന്നിവ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കല്‍. 2. ഭക്ഷ്യ വിഷബാധയുണ്ടായാല്‍ അവ പെട്ടെന്ന് നിയന്ത്രിക്കാനുള്ള ഇടപെടല്‍, അന്വേഷണം, റിപ്പോര്‍ട്ട് ചെയ്യല്‍, പ്രവര്‍ത്തനം ഏകോപിപ്പിക്കല്‍ 3. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തി നടപടിക്ക് നിര്‍ദേശം നല്‍കല്‍ 4. നിലവാരമില്ലാത്ത ഭക്ഷ്യ എണ്ണ, നെയ്യ് എന്നിവ ഉൽപാദിപ്പിക്കുന്ന കേന്ദ്രങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കല്‍ 5. കൃത്രിമ നിറങ്ങള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തി നടപടിക്ക് നിര്‍ദേശം നല്‍കല്‍ 6. വ്യാജ ഓര്‍ഗാനിക് ഉൽപന്നങ്ങളുടെ നിര്‍മാണ യൂനിറ്റുകള്‍, വില്‍പന എന്നിവ കണ്ടെത്തി നടപടിയെടുക്കൽ. 7. കമീഷണര്‍ നിര്‍ദേശിക്കുന്ന മറ്റ് ചുമതലകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.