തൃശൂര്‍: ഭക്ഷ്യഭദ്രതാ നിയമത്തിലെ ഗുണഭോക്താക്കളുടെ അന്തിമ മുന്‍ഗണന പട്ടിക പൊതുവിതരണ വകുപ്പ് പ്രസിദ്ധീകരിക്കുന്നു. സോഷ്യല്‍ ഓഡിറ്റിങ് നടത്താതെ തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച് കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ച പട്ടികയാണ് താലൂക്ക് സപ്ലൈസ് ഓഫിസുകള്‍ക്ക് പ്രസിദ്ധീകരിക്കുന്നതിനായി കൈമാറിയിരിക്കുന്നത്. ഒാൺലൈനിൽ ലഭിച്ച പട്ടികയുടെ അച്ചടി ജോലി പുരോഗമിക്കുകയാണ്. പരിശോധനക്കുശേഷം റേഷന്‍കടകൾ, പഞ്ചായത്ത്, വില്ലേജ് ഓഫിസുകളില്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള തിരക്കിട്ട പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
ഇൗമാസം അവസാനത്തോടെ പ്രസിദ്ധീകരിക്കുന്ന പട്ടിക ജൂണിൽ നിലവിൽ വരും. കരട് പട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹരെ ഒഴിവാക്കി അര്‍ഹര്‍ക്ക് ഇടം ലഭിച്ചുവെന്നാണ് പൊതുവിതരണ വകുപ്പിെൻറ അവകാശവാദം. താലൂക്കുകളുടെ വലുപ്പ ചെറുപ്പം അനുസരിച്ച് അന്തിമപട്ടികയില്‍ 1000 മുതല്‍ 4000 വരെ പേർ കൂടുതലായി ഉള്‍പ്പെട്ടിട്ടുണ്ട്.
ഇതിനനുസരിച്ച് കരട്പട്ടികയിലെ ഏറെപേര്‍ പുറത്താവുന്നത് കാര്യങ്ങള്‍ വീണ്ടും സങ്കീര്‍ണമാവാന്‍ ഇടയാക്കും. നേരത്തെ പട്ടിക പരിശോധനക്ക് തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൃത്യമായ മാനദണ്ഡങ്ങള്‍ നല്കുന്നതില് വകുപ്പ് പരാജയപ്പെട്ടിരുന്നു.
ജനങ്ങളുടെ എതിര്‍പ്പ് ഇല്ലാതാക്കാൻ തദ്ദേശസ്ഥാപനങ്ങളില്‍ അധികവും വലിയ മാറ്റംവരുത്താതെ പട്ടിക തിരിച്ചയക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് അന്തിമപട്ടിക കേന്ദ്രത്തിന് സമര്‍പ്പിച്ചത്. തുടര്‍ന്നുള്ള മാസങ്ങളിൽ പട്ടികക്ക് അനുസരിച്ച ഭക്ഷ്യധാന്യങ്ങളാണ് കേന്ദ്രം നല്‍കിയിരുന്നത്. എന്നാല്‍ കരടുപട്ടിക അനുസരിച്ചുള്ള അരി വിതരണമാണ് റേഷന്‍കടകളില്‍ നടന്നത്. നേരത്തെ നിശ്ചയിച്ച അഞ്ചുകിലോയില്‍ കൂടുതലായി എട്ടുകിലോ വരെ അരി വിതരണം നടന്നത് കൂടുതല്‍ വിഹിതം ലഭിച്ചതിനെ തുടർന്നാണ്.
അന്തിമ പട്ടിക പ്രസിദ്ധീകരണത്തിനിടെ ജൂണ്‍ രണ്ടിന് റേഷന്‍കാര്‍ഡ് വിതരണം നടത്തണമെന്നാണ് പുതിയ നിർദേശം. എന്നാല്‍ കാര്‍ഡ് ലാമിനേഷന് ജോലി ഇപ്പോഴും ഇഴയുകയാണ്. താമസിയാതെ വിതരണം നടത്താനാവുമെന്നാണ് പ്രതീക്ഷ. മുന്‍ഗണന പട്ടികക്കൊപ്പം അന്ത്യോദയ, മുന്‍ഗണനേതര, സ്റ്റേറ്റ് സബ്സിഡി പട്ടികയും പ്രസിദ്ധീകരിക്കേണ്ടതുണ്ട്. പട്ടിക പ്രസിദ്ധീകരണത്തിനൊപ്പം റേഷൻകാര്‍ഡ് വിതരണ ജോലികൂടി താലൂക്ക് സപ്ലൈസ് ഓഫിസില്‍ നടത്തേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.