തിരുവനന്തപുരം: എഫ്.സി.ഐ, സപ്ലൈകോ ഗോഡൗണുകളിൽനിന്ന് റേഷൻ കടകളിൽ സാധനങ്ങൾ എത്തിക്കാൻ കരാറെടുത്ത ലോറി ഉടമകളോട് ഗുണ്ടാപ്പിരിവ് ആവശ്യപ്പെടുന്നതായി പരാതി. ഉന്നത പൊലീസുകാരുടെയും വിവിധ രാഷ്ട്രീയ നേതാക്കളുടെയും ഒത്താശയോടെയാണ് എഫ്.സി.ഐ, സപ്ലൈകോ ഗോഡൗൺ കേന്ദ്രീകരിച്ച് കോടികളുടെ അഴിമതിയും ഗുണ്ടാവിളയാട്ടവും നടക്കുന്നത്.
പരാതി നൽകിയെങ്കിലും പൊലീസുകാരടക്കം ഭീഷണിപ്പെടുത്തി കേസുകൾ ഒതുക്കിത്തീർക്കുകയാണെന്നും കരാറുകാർ ആരോപിച്ചു. ഇതുസംബന്ധിച്ച് ലോറി കോൺട്രാക്ടേഴ്സ് അസോസിയേഷൻ സെക്രട്ടറി എസ്. ഷിഹാബുദീൻ ആർ.ഡി.ഒക്ക് പരാതി നൽകി. ദിവസങ്ങൾക്ക് മുമ്പ് കഴക്കൂട്ടം മേനംകുളം എഫ്.സി.ഐയിൽ ലോെഡടുക്കാൻ എത്തിയ ഷിഹാബുദീനെ ഒരുവിഭാഗം ഗുണ്ടകൾ മർദിച്ചിരുന്നു. ഇതേതുടർന്ന് നൽകിയ പരാതിയിലാണ് കഴിഞ്ഞ ആറ് വർഷമായി കഴക്കൂട്ടം എഫ്.സി.ഐ, മേനംകുളം സപ്ലൈകോ ഗോഡൗൺ കേന്ദ്രീകരിച്ച് നടക്കുന്ന കോടികളുടെ തിരിമറികളെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്.
ആർ.ഡി.ഒയുടെ നിർദേശപ്രകാരം ഈമാസം ഒമ്പതിനാണ് കഴക്കൂട്ടം എഫ്.സി.ഐയിൽ ലോഡ് എടുക്കാനെത്തിയ ഷിഹാബുദീനെ സീനിയോറിറ്റി തെറ്റിച്ചെന്നാരോപിച്ചാണ് നാലംഗസംഘം മർദിച്ചത്.
വിവരമറിഞ്ഞ് കഴക്കൂട്ടം അസി.കമീഷണർ എഫ്.സി.ഐ ഗോഡൗണിൽ എത്തിയെങ്കിലും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാതെ മടങ്ങുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
കഴക്കൂട്ടം എഫ്.സി.ഐയിൽനിന്ന് ഗോഡൗണിലേക്കും അവിടെനിന്ന് വാതിൽപ്പടിയായി റേഷൻ കടകളിലേക്കും സാധനങ്ങൾ എത്തിക്കണമെങ്കിൽ ലോഡ് ഒന്നിന് 200 രൂപ കരാറുകാരൻ ഗുണ്ടകൾക്ക് നൽകണമെന്നാണ് നിർദേശം. വിതരണം ‘സുഗമമായി’ നടക്കാനാണ് ഈ കൂലി. ഇവർക്ക് ഒത്താശയുമായി പ്രദേശത്തെ രാഷ്ട്രീയക്കാരും പൊലീസുകാരുമുണ്ട്. ഗുണ്ടാപ്പിരിവിൽ ഒരുഭാഗം പൊലീസുകാർക്കും പ്രാദേശിക നേതാക്കൾക്കും അവകാശപ്പെട്ടതാണ്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായവരെയാണ് ഇത്തരത്തിൽ ഗുണ്ടാപ്പിരിവിനായി നിയോഗിച്ചിരിക്കുന്നത്. ജീവനിൽ കൊതിയുള്ളതിനാൽ ഉദ്യോഗസ്ഥർക്ക്പോലും ഇതിനെതിരെ പ്രതികരിക്കാൻ പേടിയാെണന്ന് മുതിർന്ന സപ്ലൈകോ ഉദ്യോഗസ്ഥൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
കഴക്കൂട്ടം എഫ്.സിഐയിൽനിന്ന് സാധനങ്ങൾ എത്തിക്കുന്നതിന് 50 ലോറികളാണുള്ളത്. കഴിഞ്ഞ ആറുവർഷത്തിനിടയിൽ ലഭിച്ച തുക കൊണ്ട് ഗുണ്ടാപ്പിരിവ് നടത്തിയവർ തന്നെ മൂന്ന് ലോറികൾ വാങ്ങി. ഈ ലോറികളിലും വിതരണം നടക്കുന്നുണ്ട്. ജി.പി.എസ് അടക്കമുള്ള നിരീക്ഷണ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ വലിയതുറ, മേനംകുളം ഗോഡൗണുകളിൽനിന്ന് ലോറികളിൽ കയറ്റി അയക്കുന്ന പല ലോഡുകളും എത്തുന്നത് കരിഞ്ചന്തയിലേക്കാണ്.
2018, 2019ൽ മേനംകുളത്തെ സിവിൽ സപ്ലൈസ് ഗോഡൗണിൽ ഇത്തരത്തിൽ കോടികളുടെ ക്രമക്കേട് ഭക്ഷ്യവകുപ്പ് കണ്ടെത്തിയിരുന്നു. 2018ൽ പുറത്തേക്ക് കടത്താനായി െവച്ച 14989 ക്വിൻറൽ അരിയാണ് പ്രത്യേകസംഘം പിടികൂടിയത്.
2019ൽ 214 ചാക്ക് കുത്തരിയും 160 ചാക്ക് വെള്ളയരിയും 236 ചാക്കും ഗോതമ്പും ഗോഡൗണിൽ കുറവുള്ളതായി കണ്ടെത്തിയെങ്കിലും കുറ്റക്കാരായ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി നടപടികൾ അവസാനിപ്പിക്കുകയാണ് ഭക്ഷ്യവകുപ്പ് ചെയ്തത്.
അതേസമയം ലോറി കോൺട്രാക്ടേഴ്സ് അസോസിയേഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴക്കൂട്ടം, തുമ്പ പൊലീസ് സ്റ്റേഷനിലുള്ള ഉദ്യോഗസ്ഥരുടെ അക്കൗണ്ട് വിവരങ്ങൾ രഹസ്യാന്വേഷണവിഭാഗവും സ്പെഷൽ ബ്രാഞ്ചും ശേഖരിച്ച് വരുന്നതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.