മുഖ്യമന്ത്രി കുടുംബത്തോടൊപ്പമുള്ള വിദേശയാത്രകള്‍ അവമതിപ്പുണ്ടാക്കും -വി.ഡി സതീശൻ

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കുടുംബസമേതമുള്ള വിദേശയാത്ര സംബന്ധിച്ചുള്ള കോണ്‍ഗ്രസിന്റെ അഭിപ്രായം കെ.പി.സി.സി അധ്യക്ഷന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയോ മന്ത്രിമാരോ വിദേശയാത്രക്ക് പോകുന്നതിന് പ്രതിപക്ഷം എതിരല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പക്ഷെ സര്‍ക്കാര്‍ ചെലവിലാകുമ്പോള്‍ എന്തിന് വേണ്ടിയാണ് പോയതെന്നത് സംബന്ധിച്ച് വ്യക്തമായ പ്രോഗ്രസ് റിപ്പോര്‍ട്ട് ജനങ്ങളെ ബോധ്യപ്പെടുത്തണം. കുടുംബ സമേതമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക് പോയത്. രാഷ്ട്രീയക്കാരെയും ഭരണനേതൃത്വത്തെയും കുറിച്ച് പൊതുസമൂഹത്തിന് ആക്ഷേപമുള്ള ഇക്കാലത്ത് ഇക്കാര്യങ്ങളിലെല്ലാം സുതാര്യത ഉണ്ടാകണം.

വിദേശയാത്ര കൊണ്ട് സംസ്ഥാനത്തിന് എന്ത് നേട്ടമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് ഇതുവരെ വ്യക്തമാക്കാന്‍ മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ സാധിച്ചിട്ടില്ല. എന്തിനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പോയതെന്ന് പ്രതിപക്ഷത്തിന് പോലും അറിയില്ല. ഒരു സുതാര്യതയും ഇല്ലാത്ത തട്ടിക്കൂട്ട് യാത്രയാണിത്. സംസ്ഥാനത്തിന്റെ താല്‍പര്യം സംരക്ഷിക്കാനുള്ള ഒന്നും ഇതുവരെ നടത്തിയിട്ടില്ല. രഹസ്യമായി മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്ത് പോയത് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടായെന്നും യാത്രക്കുള്ള പണം എവിടെ നിന്ന് കിട്ടിയെന്നുമൊക്കെ മുഖ്യമന്ത്രി തന്നെയാണ് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത്.

ഇത്രയും വലിയൊരു സംഘം സര്‍ക്കാര്‍ ചെലവില്‍ യാത്ര നടത്തിയത് എന്തിനാണ്? മുന്‍പ് നടത്തിയ യാത്രകള്‍ കൊണ്ട് എന്ത് നേട്ടമുണ്ടായെന്ന് പ്രതിപക്ഷം ചോദിച്ചിരുന്നു. അന്ന് മുന്നൂറ് കോടിയുടെ നിക്ഷേപം ഉണ്ടാകുമെന്നാണ് പറഞ്ഞത്. എന്നിട്ട് മൂന്നു കോടി രൂപയുടെയെങ്കിലും നിക്ഷേപമുണ്ടായോ? എവിടെയാണ് പോകുന്നതെന്നോ എന്താണ് പരിപാടിയെന്നതോ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് പോലും നല്‍കാതെയാണ് മുഖ്യമന്ത്രിയും സംഘവും പോയത്. സര്‍ക്കാര്‍ ചെലവിലാണ് യാത്രയെന്നതിനാല്‍ യാത്ര പരസ്യമാക്കാന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് ബാധ്യതയുണ്ട്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തെളിവുകള്‍ സഹിതം സ്വപ്‌ന നടത്തിയ ഗൗരവതരമായ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നില്ല. കേന്ദ്ര ഏജന്‍സികളും സി.പി.എം നേതൃത്വവും തമ്മില്‍ ധാരണയിലെത്തിയെന്ന് പ്രതിപക്ഷം പറഞ്ഞിരുന്നു. ആ ആരോപണം ശരിവയ്ക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. ഗൗരവതരമായ ആരോപണങ്ങള്‍ 164 മൊഴിയില്‍ ഉണ്ടായിട്ടും അന്വേഷണം നടന്നില്ലെന്നത് വിചിത്രമാണ്. കേന്ദ്ര ഏജന്‍സികള്‍ എല്ലായിടത്തും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളെ വേട്ടയാടുമ്പോള്‍ കേരളത്തിലെ സി.പി.എമ്മുമായി അവര്‍ സൗഹൃദത്തിലാണ്. സി.പി.എമ്മും ബി.ജെ.പി നേതൃത്വവും തമ്മില്‍ ധാരണയില്‍ എത്തിയെന്ന ആരോപണത്തിന് അടിവരയിടുന്ന കാര്യങ്ങളാണ് കേന്ദ്ര ഏജന്‍സികളും സംസ്ഥാനവും ചെയ്യുന്നത്. ഇക്കാര്യത്തില്‍ സ്വപ്‌ന പുസ്തകത്തിലൂടെ പറയുന്ന കാര്യങ്ങളില്‍ എത്രത്തോളം ഗൗരവമുണ്ടെന്ന് നമുക്ക് നോക്കാം.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്ക് ശേഷം രോഗിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് ഗുരുതര വീഴ്ചയാണ്. വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഗുരുതരമായ അശ്രദ്ധയാണുണ്ടായത്. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ് എന്തിനാണ് മൗനം പാലിക്കുന്നത്?

വിഴിഞ്ഞം വിഷയത്തില്‍ സര്‍ക്കാരും അദാനിയും തമ്മില്‍ ധാരണയിലാണ്. തുറമുഖം വരുന്നത് കൊണ്ടാണ് തീരശോഷണമുണ്ടായതും വീടുകള്‍ നഷ്ടപ്പെട്ടതും. ഇതുമായി ബന്ധപ്പെട്ട പുനരധിവാസം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് മത്സ്യത്തൊഴിലാളികള്‍ സമരം ചെയ്യുന്നത്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനമാണ് തീരശോഷണത്തിന് കാരണമെന്ന അദാനിയുടേ അതേ നിലപാടിലാണ് സംസ്ഥാന സര്‍ക്കാരും. അദാനിയുമായി ഒത്തുചേര്‍ന്ന് സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കുകയാണ്. സമരം ചെയ്തതിന് മത്സ്യത്തൊഴിലാളികള്‍ നഷ്ടപരിഹാരം നല്‍കണമെങ്കില്‍ കേരളത്തില്‍ സി.പി.എമ്മിന്റെയും നേതാക്കളുടെയും എല്ലാ സ്വത്തുക്കളും വില്‍ക്കേണ്ടി വരുമായിരുന്നു. കേരളത്തില്‍ സമരം ചെയ്ത് ജനങ്ങളെ ബുദ്ധിമുട്ടിച്ച ഏക പാര്‍ട്ടി സി.പി.എമ്മാണ്. വിഴിഞ്ഞത്തെ സാധാരണ മത്സ്യത്തൊഴിലാളികള്‍ അതിജീവനത്തിന് വേണ്ടിയാണ് സമരം ചെയ്യുന്നത്. അതിനെ ആര് ചോദ്യം ചെയ്താലും ആ സമരത്തിന്റെ കാരണങ്ങള്‍ക്കൊപ്പമാണ് കേരളത്തിലെ പ്രതിപക്ഷം.

Tags:    
News Summary - Foreign trips with the Chief Minister's family will cause humiliation - VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.