ആമ്പല്ലൂര്‍: വരന്തരപ്പിള്ളി മേഖലയില്‍ തമ്പടിച്ച ഒറ്റയാനെ കാടുകയറ്റാൻ ചക്കപ്രയോഗവുമായി വനം വകുപ്പ്. പ്രദേശത്തെ വീട്ടുപറമ്പുകളിലെ ചക്ക ശേഖരിച്ച് കാട്ടില്‍ കൊണ്ടിടുകയാണ് ചെയ്യുന്നത്. വരന്തരപ്പിള്ളി കുന്നത്തുപാടം, കവരംപിള്ളി, കുട്ടഞ്ചിറ പ്രദേശങ്ങളിൽ കൂട്ടംതെറ്റിയെത്തിയ ആനയെ കാടുകയറ്റാനാണ് വനം വകുപ്പിന്റെ പുതിയ പ്രയോഗം. നാട്ടിലിറങ്ങിയ ആനകളെ തിരികെ കാട്ടിലേക്ക് എത്തിക്കുകയും അതോടൊപ്പം ഭക്ഷണം ലഭ്യമാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ചൊവ്വാഴ്ച രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചക്ക ശേഖരിച്ചു തുടങ്ങി. മരം കയറുന്ന തൊഴിലാളിയെ ഉപയോഗിച്ചാണ് ചക്ക പറിക്കുന്നത്. ഒരു പ്ലാവില്‍ നിന്നുതന്നെ അമ്പതിലേറെ ചക്ക പറിച്ചതായി പാലപ്പിള്ളി റേഞ്ച് ഓഫിസര്‍ പ്രേം ഷമീര്‍ പറഞ്ഞു. പറിച്ച ചക്കകള്‍ പ്രത്യേകം ഏര്‍പ്പാടാക്കിയ വാഹനത്തിലാണ് ഉള്‍ക്കാട്ടില്‍ എത്തിക്കുന്നത്.
പ്രദേശത്തെ പറമ്പുകളില്‍ കായ്ച്ചു നില്‍ക്കുന്ന ചക്കയാണ് ആനകളെ ജനവാസ മേഖലയിലേക്ക് ആകര്‍ഷിക്കുന്നത്. പഴുത്ത ചക്കയുടെ മണം തേടിയെത്തുന്ന ആനകള്‍ സമീപത്തെ തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതും പതിവാണ്. കഴിഞ്ഞ ദിവസം രാത്രി പ്രദേശത്തെ വീട്ടുപറമ്പുകളിലാണ് കൂട്ടം തെറ്റിയ കാട്ടാനയിറങ്ങിയത്. കാര്യമായി നാശനഷ്ടങ്ങള്‍ വരുത്തിയിട്ടില്ലെങ്കിലും ആനയിറങ്ങിയതറിഞ്ഞ നാട്ടുകാര്‍ ഭീതിയിലാണ്. പലയിടത്തും ആനയുടെ കാല്‍പ്പാട് കണ്ടാണ് വീട്ടുകാര്‍ വിവരമറിയുന്നത്. വീടിനോട് ചേര്‍ന്ന പറമ്പുകളിലൂടെയാണ് ആന പോയത്. ആദ്യമായാണ് ഈ പറമ്പുകളില്‍ കാട്ടാനയിറങ്ങുന്നത്.
കുട്ടന്‍ചിറ തേക്ക് തോട്ടത്തില്‍ രണ്ടാഴ്ചയായി കാട്ടാന തമ്പടിച്ചിട്ടുണ്ട്. വനം വകുപ്പ് ഡ്രോണ്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.