ഇനി കാട്ടുതീയുടെ കാലം; തടയാന്‍ വനംവകുപ്പ് ഒരുക്കം

തൊടുപുഴ: മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വേനല്‍ നേരത്തേതന്നെ കടുത്തു തുടങ്ങിയതിനാല്‍ ഇത്തവണ കാട്ടുതീ കൂടുതല്‍ ഭീഷണിയാകുമെന്ന് ആശങ്ക. ഇതു മുന്‍കൂട്ടി കണ്ട് വനം വകുപ്പ് കാട്ടുതീ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുക്കം തുടങ്ങി. ഡിസംബര്‍ 15ഓടെ പദ്ധതിക്ക് തുടക്കമാകും.
ഓരോ വര്‍ഷവും 15 കോടിയോളം രൂപയാണ് കാട്ടുതീ തടയാനായി വനംവകുപ്പ് ചെലവഴിക്കുന്നത്. കാടിനെ അടുത്തറിയുന്ന ആദിവാസികളുടെ സേവനമാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്. ഓരോ ആദിവാസി കോളനിയില്‍നിന്ന് തെരഞ്ഞെടുക്കുന്ന യുവാക്കളെ ഉള്‍പ്പെടുത്തി പ്രത്യേക സംഘങ്ങള്‍ രൂപവത്കരിക്കും. കാട്ടുതീയുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ മുന്‍കൂട്ടി കണ്ടത്തെി തടയുകയാണ് പ്രധാന ദൗത്യം. വനംവകുപ്പിലെ വാച്ചര്‍മാരുടെ സേവനവും പ്രയോജനപ്പെടുത്തും.

പരിസ്ഥിതി വികസന ഏജന്‍സികള്‍ക്ക് (ഇ.ഡി.സി) കീഴിലാണ് സംഘങ്ങളുടെ പ്രവര്‍ത്തനം. ഡിസംബര്‍ 15 മുതല്‍ മാര്‍ച്ചുവരെ മൂന്നു മാസത്തെക്കാണ് ഇവരെ നിയോഗിക്കുന്നത്. ചുമതലയിലുള്ള പ്രദേശത്ത് കാട്ടുതീയുണ്ടായാല്‍ വേതനം 40 ശതമാനംവരെ കുറക്കും. ചിന്നാര്‍ പോലെ കാലവര്‍ഷം വൈകുന്ന പ്രദേശങ്ങളില്‍ കാട്ടുതീ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാലം നീളും.

ഇത്തവണ വേനല്‍ രൂക്ഷമായതിനാല്‍ കാട്ടുതീ കൂടാനുള്ള സാധ്യതയും വര്‍ധിക്കുമെന്നാണ് സൂചന. റോഡിനും വനത്തിനുമിടയില്‍ അഞ്ചര മീറ്ററോളം വീതിയില്‍ (ഫയര്‍ലൈന്‍) വെട്ടിത്തെളിക്കുകയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രധാനം. ഇതിനായി സംസ്ഥാനത്തെ ഓരോ ഫോറസ്റ്റ് ഡിവിഷനും 15 ലക്ഷത്തോളം രൂപ ചെലവഴിക്കുന്നു. എന്നാല്‍, നോട്ട് പ്രതിസന്ധി കാട്ടുതീ പ്രതിരോധപ്രവര്‍ത്തനങ്ങളെയും ബാധിക്കുമെന്നാണ് ആശങ്ക. അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കാന്‍ പരിധിവെച്ചത് നിരവധി തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഈ മേഖലയില്‍ ശമ്പള വിതരണം അവതാളത്തിലാക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു. വനംവകുപ്പിന്‍െറ ദൈനംദിനപ്രവര്‍ത്തനങ്ങളെ ഇതിനകം തന്നെ നോട്ട് പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.

കാട് കത്തിനശിക്കുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് ഓരോ വര്‍ഷവും കൂടിവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ വര്‍ഷം ഇതുവരെ 165 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2015ല്‍ ഇത് 91 ആയിരുന്നു. എന്നാല്‍, 2014ല്‍ 114 ഇടത്ത് കാട്ടുതീയുണ്ടായി. രണ്ടരവര്‍ഷത്തിനിടെ 370 സ്ഥലങ്ങളില്‍ കാട്ടുതീ റിപ്പോര്‍ട്ട് ചെയ്തു. 2012-13 വര്‍ഷങ്ങളില്‍ 320 എണ്ണവും. ഇടുക്കി, വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളില്‍നിന്നാണ് കാട്ടുതീ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Tags:    
News Summary - forest fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.