കോഴിക്കോട്: മുസ്ലിം ലീഗ് സ്ഥാനത്തുനിന്ന് നീക്കിയ 'ഹരിത' മുൻ ഭാരവാഹികളുടെ നേതൃത്വത്തിൽ പുതിയ സംഘടന നിലവിൽവന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ട്രാൻസ്െജൻഡറുകളുടെയും ഉൾപ്പെടെ പ്രശ്നങ്ങളിൽ ഇടപെടുകയെന്ന ലക്ഷ്യത്തോടെ 'ഷീറൊ' (സോഷ്യൽ ഹെൽത്ത് എംപവർമെന്റ് റിസോഴ്സ് ഓർഗനൈസേഷൻ) എന്ന പേരിലാണ് എൻ.ജി.ഒ രൂപവത്കരിച്ചത്.
എം.എസ്.എഫിെൻറ വനിത വിഭാഗമായ 'ഹരിത'യുടെ മുൻ സംസ്ഥാന പ്രസിഡന്റ് മുഫീദ തസ്നി ചെയർപേഴ്സനും മലപ്പുറം ജില്ല ജന. സെക്രട്ടറിയായിരുന്ന എം. ഷിഫ ജന. സെക്രട്ടറിയുമാണ്. ടി.എ. സുഫൈറ (ട്രഷ), വി.വി. ഫസ്ന, ഫസീല (വൈസ് ചെയർ.), എ. ഫർസാന, പി. ഫാത്തിമ ലമീസ് (ജോ. സെക്ര.) എന്നിവരാണ് മറ്റു ഭാരവാഹികൾ. ഏഴ് നിർവാഹക സമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു. സ്വതന്ത്ര സംഘടനയാണെന്നും രാഷ്ട്രീയ ബന്ധങ്ങളില്ലെന്നും വിവിധ രാഷ്ട്രീയ പാർട്ടികളിലുള്ളവർ കൂട്ടായ്മയിൽ അംഗങ്ങളാണെന്നും മുഫീദ തസ്നി 'മാധ്യമ'ത്തോട് പറഞ്ഞു.
വർഷങ്ങൾക്കു മുേമ്പ രൂപപ്പെട്ട ആശയമാണ് ഇപ്പോൾ യാഥാർഥ്യമായത്. വിവിധ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്നവരും ട്രാൻസ്െജൻഡർ വിഭാഗത്തിലുള്ളവരും കമ്മിറ്റിയിലുണ്ട്. സംഘടനയെ രാഷ്ട്രീയമായി കാണരുതെന്നും മുഫീദ കൂട്ടിച്ചേർത്തു. എം.എസ്.എഫ് നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്നാണ് ഹരിതയുടെ മുൻ കമ്മിറ്റിയെ മുസ്ലിം ലീഗ് പിരിച്ചുവിട്ടത്. എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ്, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി വി. അബ്ദുൽ വഹാബ് എന്നിവർ അപമാനിച്ചെന്ന ഹരിത ഭാരവാഹികൾ വനിത കമീഷന് നൽകിയ പരാതി പൊലീസിന് കൈമാറുകയും അന്വേഷണം നടക്കുകയുമാണ്.
ഫെബ്രുവരി മൂന്നിന് കേസ് കോടതി പരിഗണിക്കുന്നുണ്ട്. പ്രശ്നത്തിൽ ഭാരവാഹിത്വത്തിൽനിന്ന് ഒഴിവാക്കപ്പെട്ട നജ്മ തബ്ഷിറയും ഹരിതയെ പിന്തുണച്ചതിന് സ്ഥാനം തെറിച്ച എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡൻറ് അഡ്വ. കെ. ഫാത്തിമ തഹ്ലിയയും 'ഷീറൊ'യുടെ ഭാരവാഹിത്വത്തിൽ ഇല്ല. എന്നാൽ, ഇവരുടെ ആശീർവാദം സംഘടനക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.